Wednesday, November 28, 2012

ദ ബെസ്റ്റ് ഫ്രണ്ട്


അമാവാസി രാത്രിയിൽ നീലവെളിച്ചങ്ങളുടെ 
തമ്പുരു ബാറിൽ ഒരുമിച്ച് കുടിക്കുമ്പോളും 
ഒരുമിച്ച് തന്നെ ആടുമ്പോളും 
ഒരേ മനസ്സും രണ്ട് ശരീരവും നമ്മൾ .... 

എന്റെ ആദ്യ ശമ്പളത്തിൽ 
നിന്റെ ബാങ്ക് ലോൺ തീർന്നപ്പോളും .... 
നിന്റുമ്മയെന്നെ നെറുകയിൽ ചുമ്പിച്ചപ്പോളും ... 
ആദ്യ വെക്കേഷനിൽ എന്റെ
അമ്മയുടെ കൈപ്പുണ്യത്തിൽ നിന്റെ
ഒരു ജന്മത്തിന്റെ വിശപ്പടങ്ങിയപ്പോളും
നമ്മൾ ദ ബെസ്റ്റ് ഫ്രണ്ട്സ് ....

എന്റെ മുറപ്പെണ്ണിനെ ഒളിച്ചോടി
കെട്ടുമ്പോൾ സാക്ഷി ഒപ്പിടാൻ
എന്റെ കയ്യിൽ നിന്റെ പേന ....
നിന്റെയും അവളുടേയും കഴുത്തിൽ
എന്റെ മാല ...

തമ്പുരു ബാറിലെ മറ്റൊരു രാത്രിയിൽ
എന്റെ ഐഫോണിലേക്ക്
മിസ്സ് യു എന്ന് നിന്റെ പെങ്ങളുടെ പേരുള്ള
നീയറിയാത്ത ഏതോ നാട്ടിലെ ഏതോ പെൺകുട്ടിയുടെ
എസ് എം എസ്സ് ക്രാഷ്ലാൻഡ്
ചെയ്തപ്പോൾ മുതലാണ്
നീയും നിന്റെ അമേരിക്കയും
എന്റെ ഗാസയിലേക്ക് ബോമ്പ് വർഷിക്കാൻ തുടങ്ങിയത് ....
ഒരിക്കലും തീരാത്ത ബോംബ് വർഷങ്ങൾ ....
നിന്നോടുള്ള സ്നേഹത്തിന്റെ
അവസാന കുഞ്ഞിനേയും
കൊന്ന് കളയുന്നത് വരെ
നീ തൊടുക്കുന്ന മിസ്സൈലുകൾ ...
ആയിരം വർഷങ്ങൾക്കപ്പുറവും
നമ്മളിനി ദ ബെസ്റ്റ് എനിമീസ് ..

No comments:

Post a Comment