ഓരോ മനുഷ്യനിലും നന്മയും തിന്മയും ഉണ്ട് എന്ന് പറയുന്നത് പോലെ തന്നെ ... ഓരോ മനുഷ്യനിലും യുദ്ധവും സമാധാനവും ഉണ്ട് ... ആക്രമിക്കാനും കീഴടക്കാനും കീഴടങ്ങാതിരിക്കാനുള്ള അടങ്ങാത്ത ത്വരയുമുണ്ട് ... നൂറ്റിപത്ത് മീറ്റർ നീളവും അറുപത്തിയഞ്ച് മീറ്റർ വീതിയുമുള്ള ഒരു യുദ്ധക്കളത്തിൽ ഒരിറ്റ് ചോര ചിന്താതെ ഒരു മനുഷ്യജന്മം പോലും കുരുതി കൊടുക്കാതെ കീഴടക്കാനും ആക്രമിക്കാനുമുള്ള മനുഷ്യന്റെ ത്വര അടങ്ങുമെങ്കിൽ ... അവനിൽ നന്മ മാത്രം അവശേഷിക്കുമെങ്കിൽ ആ യുദ്ധത്തെ നമുക്ക് സ്വാഗതം ചെയ്യാം ... കാല്പന്ത് കളി അത്തരമൊരു യുദ്ധമാൺ ... കീഴടങ്ങാനാഗ്രഹിക്കാത്തൊരു രാജ്യം കീഴടക്കിയവനോടുള്ള പ്രതികാരം തീർക്കാൻ യുദ്ധക്കളത്തിലേക്കിറങ്ങുന്നു ... അവിടെ അവന്റെ ആയുധം വാളും അണുബോംബുമല്ല ... കാലും തലയും തലച്ചോറും മാത്രമാൺ .... കണ്ടിട്ടില്ലേ ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറഞ്ഞു ... ഇന്ത്യ പാകിസ്ഥാനെ കീഴടക്കി എന്നൊക്കെയുള്ള വാർത്തകൾ ...ഓരോ കീഴടങ്ങലിനുമപ്പുറം കാവിലെ പാട്ടു മത്സരത്തിൽ കാണാമെന്നതിൽ കവിഞ്ഞൊരു വെല്ലുവിളിയുമില്ലാതെ യുദ്ധം അവസാനിക്കുന്നു ... സാഹിത്യം നന്മയാൺ സമാധാനമാൺ ... കാല്പന്ത് കളി സാഹിത്യമാൺ അത് കൊണ്ട് തന്നെ നന്മയും യുദ്ധങ്ങളെ തോൽപ്പിക്കുന്ന യുദ്ധവും അതേ സമയം സമാധാനവുമാൺ ... സമാധാനത്തിന്റെ പ്രവാചകൻ അത് കൊണ്ട് തന്നെ ദൈവവുമാകുന്നു ...
ഡിയാഗോ അർമാൻഡൊ മാറഡൊണ എന്ന കുറിയ മനുഷ്യൻ ദൈവമാകുന്നത് അങ്ങനെ തന്നെയാൺ .... ഒറ്റയ്ക്ക് ഒരു വിപ്ലവം നയിച്ച് അർജന്റീനയെന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ദൈവം .... ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു രാജ്യത്തെ ഒരുത്സവത്തിലേക്കെത്തിച്ച നേതാവ് ... അടിച്ചമർത്തപ്പെട്ടവൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞാഘോഷങ്ങളിലേക്ക്, ഉത്സവങ്ങളിലേക്ക് മതി മറന്ന് ചെല്ലാൻ വഴിയൊരുക്കിയ ദൈവം ... അടിച്ചമർത്തപ്പെട്ടവന്റെ മോചനം നൽകിയ ആവേശമാൺ മാറഡോണയെ ലോകത്തിനെന്നും പ്രിയങ്കരനാക്കിയത് .. നിഷേധിയും, ധിക്കാരിയും, ധൂർത്തനുമായ ദൈവം ....
ആ ദൈവം മലയാള മണ്ണിലേക്കിറങ്ങി വന്ന ദിവസമായിരുന്നു ഒക്റ്റോബർ 24 .... ഫുട്ബോളിനെ എന്തിനേക്കാളുമുപരി സ്നേഹിച്ച മലബാറിന്റെ മണ്ണിലേക്ക് ഇരുകൈകളും വീശി ആ വലിയ മനുഷ്യൻ നടന്ന് വരുമ്പോൾ ... ഒരു മഹാരാജ്യം മുഴുവൻ ആദരിച്ച് തലകുനിച്ച് നിൽക്കുന്നു ... ലോകം കണ്ട ഏറ്റവും മികച്ച കാല്പന്ത് കളിക്കാരൻ തന്റെ ധിക്കാരങ്ങളും വാശികളും മാറ്റി വയ്ച്ച് ആരാധകർക്കൊപ്പം ആർത്തുല്ലസിക്കുന്നു ... ഒരു നാടിന്റെ ആത്മനിർവൃതി പോലെ ...
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച കാല്പന്ത്കളിക്കാരൻ ആർ എന്ന ചോദ്യത്തിനുത്തരം പറയുക പ്രയാസമാകും .... എല്ലാ നാണയത്തിനും ഉള്ള പോലെ ഇരുപുറങ്ങളാൺ ലോകഫുട്ബോളിനും ഉള്ളത് ... പെലെ എന്ന മാന്ത്രികനും ഏറ്റവുമധികം വിജയശ്രീലാളിതനുമായ രാജാവ് ഒരു പുറം വാഴുമ്പോൾ ... ഒറ്റയാനിന്റെ ശൌര്യവും ധിക്കാരിയുമായി സാക്ഷാൽ മാറഡൊണ മറുപുറം ധന്യമാക്കുന്നു ... തന്റെ കരിയറിൽ 1281 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയും മൂന്ന് ലോകകപ്പ്, രണ്ട് ഇന്റർനാഷനൽ കപ്പ്, രണ്ട് കോപ്പ അമേരിക്ക വിജയങ്ങൾ എന്നിങ്ങനെയുള്ള ആരും ആരാധിച്ച് പോകുന്ന റെക്കോർഡുകളാൺ പെലെയ്ക്കുള്ളതെങ്കിൽ ... ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ കൂടി സഹായമായിരുന്നു ഈ വിജയങ്ങളെല്ലാം എന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെടുകയുമാൺ ... 1986 ലോകകപ്പിൽ പെലെ അദ്ദേഹത്തിന്റെ സുവർണനാളുകളിലായിരിക്കുകയും അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ കളിക്കുകയും ചെയ്തിരുന്നു എങ്കിൽ പോലും അർജന്റീന ആ കിരീടം നേടുമായിരുന്നോ എന്ന് സംശയമാൺ ... എന്നാൽ 1970 ലോകകപ്പിൽ ലോകത്തിലേ ഏറ്റവും മികച്ച കളിക്കാരുടെ സംഘത്തിൻ ഒരു പെലെയോ മാറഡൊണയോ ആവശ്യമില്ലായിരുന്നു എന്ന യാഥാർത്ഥ്യം തന്നെയാൺ ... ഒരു ശരാശരി കൂട്ടത്തെ ഒറ്റയ്ക്ക് നയിച്ച് കിരീടം നേടിയ മാറഡോണയെ വ്യത്യസ്തനാക്കുന്നത് ....
ചെഗുവേരയെ ആരാധിക്കുന്ന ... ഫിഡെൽ കാസ്ട്രോവിന്റെ അനുയായിയായ ഉന്മാദിയായ ദൈവം .... മരണത്തിന്റെ വാതിൽക്കൽ നിന്ന് പലകുറി ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ ... ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ച് കൊടുക്കാൻ കഴിയാത്ത ... ദൈവത്തിന്റെ കൈ എന്ന നാണക്കേടിനെ നൂറ്റാണ്ടിന്റെ ഗോൾ കൊണ്ട് മായ്ച്ച് കളഞ്ഞ മാന്ത്രികൻ ... യുദ്ധങ്ങളെ കളിക്കളത്തിലേക്കാവാഹിച്ച് മണ്ണിൽ സമാധാനത്തിന്റെ വിത്ത് പാകാൻ ശ്രമിച്ചവൻ ... ഫുട്ബോൾ കമ്മ്യൂണിസമാണെന്ന് പ്രഖ്യാപിച്ചവൻ ... അവന്റെ മുന്നിൽ തലമുറകൾ തല കുനിക്കുന്നു ... കാല്പന്ത് കളി അതിന്റെ നൂതനമായ തന്ത്രങ്ങളിലേക്ക് മാറഡോണയിലൂടെയാൺ സഞ്ചരിച്ചത് ... കൌശലവും പ്രതിരോധവും ആക്രമണവും ചിലപ്പോൾ ഉന്മാദവും കൂടിയാൺ കാല്പന്ത് കളി എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവൻ ... വായു നിറച്ചൊരു പന്ത് പകർന്ന് തരുന്ന കഠിനമായ ലഹരിയിൽ നിന്ന് മോചനം നേടാനായിരിക്കണം കൊക്കെയ്നിന്റെ കുളിരിലേക്കദ്ദേഹം ഇറങ്ങിപ്പോകാൻ കാരണമായിട്ടുണ്ടാവുക .... പ്രണയവും, ലഹരിയും , വിവാദങ്ങളും കളിക്കളത്തിലെ വേഗതയാർന്നൊരു നീക്കത്തെ പോലെ കൊണ്ട് നടന്നവൻ ... കാല്പന്ത് കളിയെ നെഞ്ചേറ്റുന്ന മലയാള മണ്ണിലേക്കവൻ ഇറങ്ങി വരുന്നു ... സോഡവിറ്റും കപ്പലണ്ടി വിറ്റും പന്തു പെറുക്കിയും ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തിയ കറുത്ത മുത്തിനെ കെട്ടിപ്പിടിക്കുന്നു ... പന്ത് തട്ടുന്നു ... ഒരു സഹസ്രാബ്ദത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അദ്ഭുതത്തെ കണ്ട് വിസ്മയിക്കുന്ന ജനത ...
No comments:
Post a Comment