Wednesday, November 28, 2012

ഒരു മരണക്കുറിപ്പ്

ചൂരക്കാട്ടുകരപ്പാടത്തെ അക്കേഷ്യയും 
കുഞ്ഞിളം കാറ്റും പ്രണയത്തിലായിരുന്നു .... 
പാടത്തെ പെണ്ണുങ്ങൾക്ക് തണൽ വിരിക്കാനും ... 
കുട്ടികൾക്ക് പാഞ്ഞു കയറാൻ 
ചില്ലകൾ താഴ്ത്തി കൊടുക്കാനും 
അക്കേഷ്യയെ പഠിപ്പിച്ചത് കാറ്റത്രേ ... 

ചിങ്ങം നിറയെ മഞ്ഞയുടുപ്പിട്ട് നിൽക്കുന്ന 
അക്കേഷ്യയെ കാണുമ്പോൾ
കാറ്റൊരു പാട്ടു മൂളുമത്രേ ...
ഓണം വരവേറ്റ് നാട്ടിലെത്തിക്കുന്ന പാട്ട് ...

ഒരു രാവിലെ അക്കേഷ്യയുടെ
തുഞ്ചത്തെ ചില്ലയിൽ നിന്ന് പതിവു പോലെ
കാറ്റുണർന്ന് ജോലിക്ക് പോയി ...
കിളികൾക്ക് പാട്ടു നൽകി ..
ഗോപിയേട്ടന്റെ താഴത്തെ പാളയം
കോടന്റെ മാണിയിലെ തേനും കുടിച്ച് ...
പാടത്തെ നെൽച്ചെടിയിലെ
മഞ്ഞുതുള്ളിയെ തട്ടിത്താഴെയിട്ട് ...
വരമ്പത്തെ തൊട്ടാവാടിയെ തലോടി
തൊട്ടശ്ശുദ്ധമാക്കിയവരോടുള്ള പരാതി തീർത്ത് ...
മുക്കൂറ്റികളെ ചുമ്പിച്ചുണർത്തി ...
മാങ്കുളത്തിലെ കുഞ്ഞോളങ്ങളിൽ
മീനുകളോട് കിന്നാരം പറഞ്ഞ് ...
പേരാലിന്റെ ശ്വാസം ഗ്രാമത്തിനു കൊടുത്ത് ...
ചൂരക്കോട്ടുകാവിലമ്മയുടെ ചിന്ദൂരമണിഞ്ഞ് ...
റെയില്വേ പാളത്തിലെ
അനശ്വര പ്രണയങ്ങൾക്ക് പൂവു വയ്ച്ച് ....

കാറ്റ് തിരിച്ച് വരുമ്പോൾ
ആരോ വെട്ടിമലർത്തിയ അക്കേഷ്യയെ
കണ്ട് പൊട്ടിക്കരഞ്ഞത്രേ ...
ഗ്രാമം മുഴുവൻ നോക്കി നിൽക്കേ
ആ കടക്കുറ്റിയിൽ എന്റെ പൊന്നിളം കാറ്റ്
തലതല്ലി മരിച്ചു പോയി .....

No comments:

Post a Comment