Sunday, July 22, 2012

മരണം

ജീവിതത്തിലെഴുതാന്‍ തുടങ്ങിയ
പ്രണയമഹാകാവ്യത്തിന്
ഒറ്റവരിയില്‍ പൂര്‍ണ്ണവിരാമം....

പാടാന് തുടങ്ങിയ മനുഷ്യസ്നേഹത്തിന്റെ
കല്ല്യാണി രാഗം ആരോഹണത്തില്‍
അവസാനം...

കൈകളുയര്‍ത്തി ആഞ്ഞ് വിളിക്കാനാഞ്ഞ
വിപ്ലവവാക്യങ്ങള്‍ പാതികണ്ഠത്തില്‍
നിര്‍ത്തി ....

ഭൂമിയുടെ പച്ച നിറമുള്ള റിയാലിറ്റി ഷോയുടെ
ആദ്യ എപ്പിസോഡിനിടയിലെ കൊമേര്‍ഷ്യല്‍
ബ്രേക്ക് ...

ഒരു സാഗരം നിറച്ച് വന്ന്
ഒരു തുള്ളി മാത്രം പെയ്ത്
പറന്ന് പോകുന്ന മേഘം ...

ഈ രാവുറക്കത്തില്‍ നിന്ന് ഉണരാതിരിക്കുന്നത്
ഒര്‍മ്മയുടെ ഇന്നലെകളിലേക്കും ...
നാളെയുടെ ഭാവനകളിലേക്കും മാത്രം ...

അനുരാഗം


നീ എന്റെ മൌനമാണ്….
നിന്റെ ഓര്‍മ്മ കരിച്ച്
കളഞ്ഞതെല്ലാം എന്റെ വാക്കുകള്‍ …
നിന്നെ മറികടക്കാന്‍ പരാജയപ്പെട്ട്
ചിറക് കുഴഞ്ഞ് വീണൊരു
പറവ ഞാന്‍ ….

ചിലപ്പോള് ഞാന്‍ നിറയുന്നുണ്ട്,
ഒരു തുള്ളി തുളുമ്പാന് കൊതിച്ച്
നിന്നെ തേടി …..
എല്ലാ കാഴ്ച്ചകളും നീയെന്ന് തുടങ്ങി
നിന്നിലെത്താതെ ഒടുങ്ങുകയാണ് …

അകലെ ചക്രവാളസീമയില്‍
ഒന്നായി ചേരുന്ന നമ്മള്‍ ….
സ്വപ്നനിമിഷത്തിലെ വര്‍ണ്ണക്കാഴ്ച്ച!!!
അംബര സാഗര സംഗമം …
തിരിച്ചറിവില്‍ ഉരുകി
തീര്‍ന്നില്ലാതാകുന്ന ഞാന്‍ ….

നിന്റെ മള്‍ബറി ഇലകള്‍
കാത്ത് ഒരു നൂല്‍ പോലും
പൊഴിക്കാതെ ഞാനെന്ന
പട്ടുനൂല്‍ പുഴു ...

നിന്നെ നഷ്ടപ്പെതറിഞ്ഞറിയാതെ
വിഡ്ഡിയായ വേഴാമ്പലിനെ പോലെ
മഴകാത്തീ മരുഭൂമിയില്‍ ….

ആത്മാവിന്റെ ജീവിതമെന്ന
വിഖ്യാത മുറിവില്‍
ഉപ്പു പുരട്ടിയത് നിന്റെ പ്രണയം
ഇന്നും നീറി നീറി ജനിമൃതികള്‍
ആയിരം കുടിച്ച് തീര്‍ത്ത്
ഞാന്‍ ….

നിന്നെ നഷ്ടപ്പെടുത്തിയതിനെന്നോട്
പൊറുക്കാന് ആവാതെ
മനസ്സാക്ഷി വിധിച്ച
ദയാവധത്തിന്റെ നാളെണ്ണി ..…
നീലനിറമുള്ള ജമന്തിപൂക്കളെ
കാത്ത് …..

Thursday, July 19, 2012

ഒരു കാടനക്കത്തിന്

വെളുത്തകാടിന്റെ കറുത്തമക്കളെ
ഇടിമുഴക്കി പാഞ്ഞടുക്കുക ....
നിങ്ങളെ പോലെ കാടിനെ കറുപ്പിക്കാന്‍

ആജ്ഞകളുടെ ചിമ്മിനിക്ക് മുന്നില്‍
കരിഞ്ഞ് തീരാതിരിക്കാന്‍ ...
ചിറകുകള്‍ പരസ്പരം കൂട്ടി വച്ച്
കറുത്ത വെളിച്ചത്തിന്റെ
ശ്വാസം കെടുത്തിക്കളയുക...

ഈയാമ്പാറ്റകള്‍ക്ക് മുന്നില്‍
അധികാരത്തിന്റെ മുട്ടിടിക്കട്ടെ ...
ഇനിയും കരുത്തരാവുക
കുഞ്ഞു ചിറകടികൊണ്ട്
പെരുമ്പറകള്‍ മുഴങ്ങട്ടെ ...

വിശ്വസിക്കുക നീ പാവിയ
വിഷവിത്തുകള്‍ മുളക്കുന്നുണ്ട്
ശത്രുവിന്റെ ശക്തിയില്‍
നിനക്ക് കരുത്താകാന്‍ .....

Wednesday, July 18, 2012

കവിത

ഇന്നലെ രാത്രിയിലാണത് സംഭവിച്ചത്
എന്നോ ചവറ്റുകുട്ടയിലേക്കെറിഞ്ഞ
രണ്ട് കവിതകളുമായി തൂപ്പുകാരന്‍ പയ്യന്‍
ഒന്ന് നീല മറ്റൊന്ന് ചുവപ്പ്....

സാര്‍, നഷ്ടപ്പെട്ട രണ്ട് കവിതകള്‍
കണ്ട് കിട്ടിയിരിക്കുന്നു
പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ, ജീവിതത്തിന്റെയും
രണ്ട് കവിതകള്‍ സര്‍....

പറയൂ ....
നീല നിറമുള്ള ഈ കവിത നോക്കൂ സര്‍
പ്രപഞ്ചത്തിന്റെ ശ്വാസം തന്നെ ഉറങ്ങുന്ന
പ്രണയമാണ് വിഷയം
കടലും കടലയും കടലാടിയും
മണ്ണും വിണ്ണും പെണ്ണും
വാനവും മാനവും ദാനവും
എല്ലാമടങ്ങുന്ന നീല നിറമുള്ള പ്രണയം
ഇതെങ്ങിനെ നഷ്ടപ്പെടുത്തിക്കളഞ്ഞൂ സര്‍ ???

ചുവപ്പ് നിറമുള്ള ഈ കവിത കാണണം സര്‍
മനുഷ്യത്വമുറങ്ങുന്ന വിപ്ലവം
ചൂഷകന്റെ നെഞ്ചും,
മര്‍ദ്ദകന്റെ തലയൊട്ടിയും,
പിളര്‍ത്തുന്ന വിപ്ലവം...
പട്ടിണിക്കാരന്റെ ശ്വാസവും,
പണിക്കാരന്റെ ഉണര്‍ത്തുപാട്ടും....
ഈ കവിതയ്ക്കെങ്ങിനെ നഷ്ടപ്പെടാന്‍ കഴിഞ്ഞൂ സര്‍ ???

മകനേ, പ്രണയം വെളുത്ത
നിറമുള്ള ഒരു മുട്ട മാത്രമായിരുന്നു
അടവച്ച് വിരിയിച്ച്
പാട്ട് കേട്ടുറങ്ങാന്‍ കുയിലിന്റെയെന്ന്
നിനച്ചിരിക്കുമ്പോളാണ്,

കൂട്ടിവച്ച് അണിയിച്ചൊരുക്കി
വീടും വയ്ക്കുന്ന അടയ്ക്കാ കുരുവിയുടെതെന്ന്
സംശയം ജനിച്ചത്,

ചീത്ത കൊത്തി വലിക്കുന്ന
കാക്കയുടെതെങ്കിലും ആകണേയെന്ന്
കരുതിയിരിക്കുമ്പോളാണ്,

ഉഗ്രവിഷമുള്ള ഏതോ ഉരഗത്തിന്റെയെന്ന്
ബോധ്യം വന്നത് !!!!!

പ്രണയത്തിന്റെ നീലനിറം വിഷത്തിന്റേതെന്ന്
ബോധമുദിച്ച വേളയിലാണ് ഉപേക്ഷിക്കണമെന്ന്
തീര്‍ച്ചപ്പെടുത്തിയത്.....

ഇനി വിപ്ലവത്തിന്റേത് കവിതയുടെ ഭാഷയല്ലെന്ന്,
വെട്ടെണ്ണം അന്‍പത്തൊന്നെന്ന്,

ബംഗാളിയുടെ ഒന്നാം പൌരത്വമെന്ന്,
ഷൂക്കൂറിന്റെയും, ഫസലിന്റെയും, അനീഷ് രാജന്റെയും,
കൊടി മാറിയ രക്തസാക്ഷിത്വത്തിന്റേതെന്നും,

ഇരുപത് പേര്‍ വട്ടമിട്ട് പീഡിപ്പിക്കുന്ന,
ഭരിക്കുന്നവന്റെ സ്വന്തം ഗുവാഹട്ടിയിലെ
ജനാധിപത്യത്തിന്റേതെന്നും,
ഭാഷ മാറ്റം സംഭവിച്ചിരിക്കുന്നു ...

വിപ്ലവം കവിതയിലാക്കുന്നതും കാത്ത്
ചരിത്രം ആവര്‍ത്തിക്കാന്‍ നില്‍ക്കുന്നുണ്ട് .....

നെരൂദിയന്‍അംബാസിഡര്‍ പണി
ഭയന്ന് ഒഴുക്കി കളഞ്ഞതാണ് ...



Tuesday, July 17, 2012

പ്രണയം

ഒന്ന്
ആകാശത്തില്‍ നിന്ന്
ഭൂമിയിലേക്കുള്ള ദൂരത്തില്‍
തങ്ങി നില്‍ക്കുന്നത് മുഴുവന്‍
പ്രണയം ....
ഭൂമി നീരാവിയിലെഴുതി പ്രണയം
ആകാശത്തേക്ക്
ആകാശം മഴയിലെഴുതി പ്രണയം
താഴോട്ട് .....

ആവി കൊണ്ടും മഴകൊണ്ടും
ആകാശത്തിനും ഭൂമിക്കുമിടയില്‍
അളന്ന് തീരാത്തത്ര പ്രണയം ....
രണ്ട്
എന്റെ നേര്‍ത്ത തലോടലില്‍
നിന്നില്‍ ഒരു മിന്നല്‍
ആകാശത്തേക്ക്
എന്റെ ആലിംഗനത്തില്‍
ഒരു നാണക്കിളിയും
 

Monday, July 16, 2012

പീലിപ്പെണ്ണ്

എന്റെ മയില്‍പ്പീലി 
പെറ്റിട്ട പെണ്‍കുഞ്ഞുങ്ങളെ
അവള്‍ തന്നെ കൊന്നു കളഞ്ഞത്
അവള്‍ക്കെന്നോടുള്ള
ഒടുങ്ങാത്തിഷ്ടമാണെന്ന് ...

എനിക്ക് ലാളന പോലും

കഴിയാത്ത കുഞ്ഞുങ്ങള്‍ വേണോയെന്ന്
ചുമരിന് പോലും ദുഷിച്ച കണ്ണല്ലോയെന്ന് ....

നാളെ ഉണ്ടായേക്കാവുന്ന
ഒരു പീഡന വാര്‍ത്ത ഭയക്കുന്നെന്ന്...

Sunday, July 15, 2012

ഹൈക്ക്

മിന്നല്‍


നമ്മുടെ പ്രണയലീലകള്‍
പകര്‍ത്തിയെടുത്ത് വിറ്റ്
കാശാക്കുന്നു കരിമേഘങ്ങള്‍ .....

ഇടി

ഒരു മിന്നലില്‍ ഭയന്ന എന്റെ കണ്ണില്‍
മേഘഗര്‍ജ്ജനത്തേക്കാള്‍ നീ തന്നൊരുമ്മയില്‍ ...
മൌനത്തിലാണ്ടത് കറുത്ത മേഘങ്ങള്‍ ...

വൈരുദ്ധ്യങ്ങള്‍

ഒന്ന്

വര്‍ഷത്തില്‍ കുടയായി
ഗ്രീഷ്മത്തില്‍ വിശറിയായി
ശരദ്ദില്‍ പൊഴിയാതെ
ശിശിരത്തില്‍ പുതപ്പിച്ച്
ഋതുക്കള്‍ക്കൊപ്പം മാറാതെ
നീയും നിന്റെ പ്രണയവും

രണ്ട്

പെരുമഴയുടെ വര്‍ഷവും
ഉഷ്ണത്തിന്റെ ഗ്രീഷ്മവും
ഇലപൊഴിച്ചിലിന്റെ ശരദ്ദും
മരവിപ്പിക്കുന്ന ശിശിരവും
എല്ലാം നിന്റെ പ്രണയം തന്നെ

ഇറച്ചിക്കോഴികള്‍



അമ്മുവിന് ഒരു വയസ്സ് തികയും മുന്‍പാണ് അവളുടെ അച്ഛന്‍ പാടത്ത് വിഷം തീണ്ടി മരിക്കുന്നത്...ഞാറ് നടുന്ന പെണ്ണുങള്‍ക്ക് ഒരു സഹായത്തിനായി പോയതായിരുന്നു ആകെയുള്ള ആറരപറ കണ്ടത്തില്‍....അച്ഛനെ പറ്റി അമ്മുവിനറിയാവുനതിത്ര മാത്രം കൂടുതലൊന്നും അവള്‍ അമ്മയൊട് ചോദിച്ചിട്ടില്ല....അവള്‍ക്ക് രണ്ട് വയസ്സാകുന്ന ദിവസമാണ് ചെറിയച്ഛന്‍ ആ വീട്ടിലേക്ക് വന്നതെന്ന് നാണിയമ്മൂമ്മ പറയാറുള്ളത് അവള്‍ ഓര്‍ത്തു....ചെറിയച്ചനെ അമ്മുവിനൊരുപാടിഷ്ടമാണ് ചെറിയച്ഛനമ്മുവിനേയും...വൈകീട്ട് ചെറിയച്ഛന്‍ വരുന്ന കാറില്‍ അമ്മ ജോലിക്ക് പോകുമ്പോള്‍ എന്നും അമ്മക്ക് തലയില്‍ വക്കുവാന്‍ ചെറിയച്ഛന്‍ മുല്ലപ്പൂ കൊണ്ട് വരാറുണ്ടായിരുന്നു കൂടെ അമ്മുവിന് പലഹാരപ്പൊതിയും.....

അമ്മു വലുതാവുകയായിരുന്നു മിടുക്കി കുട്ടിയായി .... അമ്മുവിന്റെ എല്ലാ ഉയര്‍ച്ചയിലും ചെറിയച്ചന്‍ അമ്മുവിനോടൊപ്പമുണ്ടായിരുന്നു.....എന്നും അമ്മുവിനെ സ്കൂളീല്‍ വിടുന്നതും തിരിച്ച് കൊണ്ടുവരുന്നതും എല്ലാം ചെറിയച്ഛനായിരുന്നു....അത് പോലെ അമ്മുവിന്റെ എല്ലാ കാര്യങളിലും ചെറിയച്ഛന് അതീവ ജാഗൃതയായിരുന്നു ... വീട്ടില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ ചെറിയച്ഛന് സ്വന്തം കുഞ്ഞുങള്‍ പോലെ തന്നെയായിരുന്നു അവറ്റകളുടെ ഭക്ഷണവും വെള്ളവും എന്ന് വേണ്ട ശുചിത്വകാര്യത്തില്‍ പോലും ചെറിയച്ഛന്‍ ഒരുപാടാകുലനാകുന്നതമ്മു കണ്ടിട്ടുണ്ട്...വളര്‍ന്ന് പാകമാകുമ്പോള്‍ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കുമ്പോള്‍ മാത്രമാണ് ചെറിയച്ഛനോട് അമ്മുവിനല്‍പ്പമെങ്കിലും വിഷമം തോന്നിയിരുന്നത്..എങ്കിലും ചെറിയച്ഛന്റെ സ്നേഹം അതിലും എത്രയോ കൂടുതലായിരുന്നു....അച്ഛനില്ലാത്ത തന്നെ ആ കുറവ് ഒരു നിമിഷത്തേക്ക് പോലും അനുഭവിപ്പിക്കാതെ വളര്‍ത്തുന്ന ചെറിയച്ഛന്‍...അമ്മു ദൈവത്തോടെന്നും പ്രാര്‍ത്ഥിച്ചിരുന്നത് ചെറിയച്ഛന് നല്ലത് വരുത്തണെമേ എന്ന് മാത്രമയിരുന്നു .....

അന്ന് അമ്മുവിന്റെ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് വന്ന ദിവസമായിരുന്നു ഉയര്‍ന്ന മാര്‍ക്കോട് കൂടിയ വിജയം ചെറിയച്ഛനെ ആദ്യം അറിയിക്കണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് അമ്മു അമ്മയോട് പോലും പറയാതിരുന്നത്....ചെറിയച്ഛന്‍ കൊണ്ട് വന്ന രണ്ടാം പൊതിയിലെ പലഹാരത്തിന് കൊതിച്ച അമ്മുവിന്റെ കണ്ണൂകളില്‍ സുഗന്ധമുള്ള മുല്ലപ്പൂവിന്റെ വെള്ളനിറം ഇരുട്ട് പകര്‍ത്തുകയായിരുന്നു...

മുല്ലപ്പൂ ചൂടി ചന്തയിലേക്ക് യാത്രയായ ആ ഇറച്ചിക്കോഴിയുടെ കണ്ഠത്തില്‍ പറയാന്‍ മറന്ന് പോയ ഒരു പരീക്ഷാവിജയം തങിനില്‍ക്കുന്നുണ്ടായിരുന്നു..

Wednesday, July 11, 2012

ഒരു നോട്ടം



പാതിതുറന്ന ജാലകത്തിലൂടെ
ചിതറിത്തെറിച്ച് സ്വാതന്ത്ര്യം
നേടിയൊരു നോട്ടത്തില്‍ പതിഞ്ഞത്...

വെള്ളമേഘനേരിയതണിഞ്ഞ്
കളിപറഞ്ഞ് കുണുങ്ങിയിരുന്ന
സുന്ദരിയാകാശം പൊടുന്നനെ
ചുവപ്പ് പട്ടണിഞ്ഞ്,
കരിമേഘ കണ്ണെഴുതി,
മുല്ലപ്പൂ നിലാവ് ചൂടി,
പടിഞ്ഞാറ്റയിലേക്കിറങ്ങുന്നുണ്ട
കള്ളക്കാമുകന്‍ ചന്ദ്രനെക്കാണാന്‍ ...

ചന്ദ്രനോ മൊബൈല്‍ക്കാമറയുടെ
നക്ഷത്രച്ചിമ്മലുമായി കള്ളചിരി ചിരിച്ച് .....

ഹൈക്ക്

പ്രണയം
നമ്മുടെ പ്രണയം ഒരു
പുല്‍നാമ്പായാല്‍ മതി
ഒരു കൊടുങ്കാറ്റിലും
കടപുഴകാതങ്ങനെ ...
പര്‍ദ്ദ
സൂര്യന്റെ പ്രിയതമ പകല്‍
ചന്ദ്രാഗമനത്തില്‍
പര്‍ദ്ദക്കുള്ളില്‍ മുഖം
പൂഴ്ത്തി രാവായി മാറി
സ്വപ്നം

കണ്ണടച്ചിലിലെ
പുഞ്ചിരിക്കപ്പുറം
കണ്ണ് തുടയ്ക്കുന്ന
ജീവിതത്തിലേക്ക്
പ്രവാസം
മരുക്കാറ്റൂറ്റിയെടുത്ത
ഒരു കുമ്പിള്‍ ആത്മാവില്‍
വരണ്ടുണങ്ങിയ പ്രണയതാരകങ്ങള്‍...
മഴ
ഒഴിഞ്ഞൊഴുകി പുഴയായ്
ആവിയായ് മേഘമായ്
പിന്നെയും ദുഖപ്പെരുമഴ
....
123 പതിമൂന്നായത്

ഒന്നും മൂന്നും
പ്രണയിച്ചു
രണ്ടൊന്നിനെ
ഡൈവോര്‍സ്
ചെയ്തു ....
 

Tuesday, July 10, 2012

പ്രണയമേ



നൂറ്റാണ്ട് മുന്‍പത്തെ നിന്റെ പെയ്ത്തില്‍
ഞാനിന്നും തളിരണിഞ്ഞ് ....
ഒരു കാറ്റായ് നിന്നെ മോഹിക്കുന്നുണ്ട് ...
മറന്ന് പോയൊരു ഇലയനക്കത്തിനായി ..

രാഗഭാരം

പ്രിയേ,

എന്റെ എല്ലാ പ്രണയവും സംഭരിച്ച് വച്ച് ഞാന്‍ രൂപം
നല്‍കിയ തംബുരുവാണ് നീ ...
എന്റെ ഒരു നേര്‍ത്ത തലോടലില്‍ പാടാന്‍ വെമ്പി
തന്ത്രികള്‍ മുറുക്കി നീ ഇരിക്കുന്നു ...
ചുട്ടുപഴുത്ത ഈ മരുഭൂമിയില്‍ ഒരിക്കല്‍
നീ ഒരു മഴ പോലെ പെയ്യുമെന്ന് പ്രതീക്ഷയാണ്
എന്നെ ശ്വസിപ്പിക്കുന്നത് ...
നിന്റെ ഒരു തുള്ളി ഗാനം എന്റെ ശിരസ്സില്‍ പെയ്ത് നെറ്റിയെ തണുപ്പിച്ച്
മൂക്കിന്‍ തുമ്പിലൂടെ എന്റെ അധരങ്ങളില്‍ എത്തി നില്‍ക്കും ....
നിന്റെ പ്രണയം നുകര്‍ന്ന് ഞാനെന്റെ ഹൃദയത്തിലലിയിക്കും ....
മിടിപ്പവസാനിക്കാന്‍ കാത്തിരുന്നെന്റെ ഹൃദയത്തിന്
പുതുജീവന്‍ നല്‍കിക്കൊണ്ട് നീ എന്റെ രക്തത്തിലലിഞ്ഞ് ചേരും ...

അന്നെന്നില്‍ നിന്നുയരുന്ന ഹൃദയഗാനം ഏറ്റ് പാടാന്‍ നിന്റെ തന്ത്രികള്‍ക്ക്
കഴിയുമോ എന്ന് ഞാന്‍ ഭയപ്പെടുകയാണ് ....

Monday, July 9, 2012

ഹൈക്ക്

പ്രസവത്തില്‍ അമ്മയും
പിറവിക്കൊപ്പം അച്ഛനും
മരിച്ച് പോയൊരു കുഞ്ഞാണ്
കവിത ...

പ്രണയം

നമ്മുടെ പ്രണയം ചിരട്ടയില്‍
നിറച്ച് നമുക്കാ മണ്ണപ്പം ചുടാം
കഴിക്കുന്നത് പോലഭിനയിച്ച്
നമുക്ക് പക്ഷേ വിശപ്പകറ്റാം ...

കാണുന്ന ലോകം ഭ്രാന്തരെന്ന് വിളിക്കട്ടെ....
തോഴീ, എനിക്കും നിനക്കുമറിയുമല്ലോ
നമ്മുടെ പ്രണയം തന്നെ
എന്നും നമ്മുടെ വിശപ്പകറ്റിയിരുന്നതെന്ന്

തോഴീ

തോഴീ

എന്റെ ഏഴു വികാരങ്ങള്‍
അലിഞ്ഞ് ചേരുന്ന
മരണമെന്ന കറുപ്പിനപ്പുറം ....

നിന്നിലേക്കേഴായിരം
വര്‍ണ്ണങ്ങള്‍ പ്രതിഫലിപ്പിച്ച്
തൂവെള്ള നിറമുള്ള
ആത്മാവായുയിര്‍ക്കാം ഞാന്‍ ....

ഒരിക്കല്‍

ഒരിക്കല്‍ ഞാനെന്നില്‍ നിന്ന് മുക്തി നേടും ...
അന്ന് എന്റെ പ്രണയത്തിന്റെ വെള്ളിനിറമുള്ള
കുതിരയുമായി നിന്നിലേക്ക് വരും ...
അന്ന് നമുക്ക് നമ്മുടെ ആത്മാക്കളെ ചേര്‍ത്ത്
വച്ച് ഒരു താഴ് കൊണ്ട് എന്നെന്നേയ്ക്കുമായി പൂട്ടി വയ്ക്കാം ...
വിരലുകള്‍ പരസ്പരം കോര്‍ത്ത് വയ്ക്കാം ...
നീലനിറമുള്ള ആകാശത്തിന്റെ അനന്തതയിലേക്ക്
നമുക്ക് നമ്മുടെ കുതിരയെ പായിക്കാം ...

നമ്മുടെ പ്രണയം ഒരിക്കലും മനസ്സിലാകാത്ത
ഈ ചെറിയ ലോകം.....
ആകാശത്ത് തെന്നി നീങ്ങുന്ന വെറും
മേഘശകലങ്ങള്‍ മാത്രമായി നമ്മെയറിയട്ടെ ...

Sunday, July 8, 2012

നീ എന്നില്‍ മരുപ്പച്ചയാവുക

നീ എന്താണൊന്നും മിണ്ടാത്തത് ....
നിന്റെ ഈ മൌനം എന്റെ ഹൃദയത്തില്‍ കനല് പെയ്യുന്നു ...
ഞാനിന്ന് ചുട്ടുപഴുത്തൊരു മണല്‍ക്കാടായി മാറുന്നു ...
നീ നിന്റെ മുതുകില്‍ എന്റെ പ്രണയം നിറയ്ക്കുക ...
ഒരായുഷ്ക്കാലം മുഴുവന്‍ നിനക്കീ മരുഭൂവില്‍ ജീവിക്കാന്‍ വേണ്ട പ്രണയം എന്നിലുണ്ട് ... എന്നെ പൂര്‍ണ്ണമായും നിനക്ക് ഞാന്‍ ഊറ്റി നല്‍കാം ...
സ്നേഹാര്‍ദ്രമായൊരു നോട്ടമായെങ്കിലും നീ എന്നില്‍ മരുപ്പച്ചയാവുക ...
നോക്കൂ നിനക്ക് വേണ്ടി ഞാനെന്റെ ഊഷ്മാവ് പകര്‍ന്ന്
ഒരീന്തപ്പന കായ്പ്പിച്ച് നിര്‍ത്തിയിരിക്കുന്നു ...
എന്റെ പ്രണയമധുരം മുഴുവന്‍ ആവേശിച്ച ഈന്തപ്പഴങ്ങളാണതില്‍
കായ്ച്ച് നില്‍ക്കുന്നത് ...
എന്റെ ഇല്ലായ്മയിലും നിനക്കെന്നിലേക്ക് പ്രവേശിക്കാനാണ് ഞാനീ
മണലില്‍ എന്റെ ചുടുരക്തം ഒഴിച്ച് കളയുന്നത് ...
എന്റെ ഓര്‍മ്മകള്‍ നിന്നെ അലട്ടാന്‍ തുടങ്ങുമ്പോള്‍ നീ
നിന്റെ ഹൃദയം തുറന്ന് വയ്ക്കുക ....
തപിക്കുന്ന ചൂടിലും നിന്നില്‍ ഞാന്‍
തണുത്ത കാറ്റായി വീശാം ...
പ്രണയം തള്ളിവിട്ടീ മരുഭൂവില്‍ എത്തിപ്പെട്ട ആത്മാക്കള്‍ക്ക് നീ മരുപ്പച്ചയാവുക ...

നിന്നിലൂടെ പവിത്രമായൊരെന്‍ പ്രണയത്തിലൂടെ ഈ മരുഭൂമിയെ ഞാന്‍ തോല്‍പ്പിക്കട്ടെ ...

പ്രണയം

മരങ്ങള്‍ യഥാര്‍ത്ഥത്തില്‍ തന്നെ കാപ്പിക്കളര്‍
നിറമണിഞ്ഞ് കോച്ചി നില്‍ക്കുകയാണ് ...
ഇലകള്‍ മഞ്ഞിനെ ആവാഹിച്ച് കരിമ്പച്ച
നിറമുള്ള ഉടുപ്പുകളണിഞ്ഞിരിക്കുന്നു ....
തണുത്ത ശ്വാസം തിന്ന് പണിപ്പെട്ട് അവരിന്ന്
സ്വകാര്യം പറയുന്നതെന്താവാം ...
വര്‍ഷങ്ങള്‍ക്ക് ശേഷം നീയും ഞാനും ഇന്ന് കണ്ട് മുട്ടുമെന്ന്
അവരറിഞ്ഞിരിക്കുമോ ...

നാണം കൊണ്ട് കൂമ്പിയടഞ്ഞ തളിരിലകള്‍
ഓര്‍മ്മിപ്പിക്കുന്നത് നിന്റെ മുഖത്തെയാണ് ...
മഞ്ഞിന്റെ ഏറ്റവും തീവ്രമായ തണുപ്പണിഞ്ഞ്
നിന്നെ പോലെ അവരും ചുവന്ന് തുടുത്തിരിക്കുകയാണ് ...

ഉറങ്ങിക്കിടക്കുന്ന ഈ പുഴയിലേക്ക്
സ്വന്തം ഇലകളെ താഴ്ത്തി മരം ഉണര്‍ത്താന്‍
ശ്രമിക്കുന്നത് നീ കാണുന്നില്ലേ ...
മരത്തിന്റെ പ്രണയം പുഴയോടാണ് ....
വേരുകള്‍ ആരും കാണാതെ
പുഴയെ കെട്ടിപ്പിടിച്ചുമ്മ നല്‍കുന്നുണ്ട് ...

പുഴയുടെ നേര്‍ത്ത തലോടലത്രെ ഈ ഇലമിനുസങ്ങളൊക്കെയും ....

ഞാനുമെന്റയ്യപ്പനും

ഗ്രീഷ്മമേ സഖി പാടിത്തിമിര്‍ക്കുന്ന പ്രകൃതിക്ക് നടുവില്‍ ഞാനുമെന്റയ്യപ്പനും .... ഒഴിഞ്ഞ് നിറയുന്ന മദ്യക്കോപ്പകളും എണ്ണിയാല്‍ തീരാത്തത്ര ബിംബങ്ങളും ... എന്റെ രാഗഭാരം താങ്ങാനാകുമോ എന്ന് ചോദിച്ചാദ്യം വന്നത് കമലപ്പെണ്‍കുട്ടി തന്നെ... ഭ്രമമാണ് പ്രണയം എന്ന് പാടിയൊരു കാട്ടാക്കട ... ഇന്നലെ രാത്രിയില്‍ ഒരു പൂവിരിഞ്ഞിരിക്കാമെന്ന നന്ദിതയ്ക്ക് ... ആ പൂവെന്ത് ചെയ്തെന്ന് സൂഫി വര്യന്‍... ഒന്നും ഒന്നും ഇമ്മിണി വലുതെന്ന് മാങ്കോസ്റ്റീന്റെ തണലിലെ ചാരുക്കസേരയിലേക്ക് ചായുന്നു ... വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണ് പേടിയെന്ന് വിര്‍ജീനിയ വൂള്‍ഫിനെ തര്‍ജ്ജമക്കാര്‍ക്കെത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ പയ്യനും ചാത്തനും പിതാമഹാകാളികളും .... വിപ്ലവം തൊക്കിന്‍ കുഴലിലെന്ന് വസന്തത്തിന്റെ ഇടിമുഴക്കി അര്‍ജ്ജുന്‍ മുന്‍പേ പറക്കുന്ന പക്ഷിയാകുമ്പോള്‍ ... സപ്പര്‍ സര്‍ക്കീട്ടിന് ക്ഷണിക്കുന്നുണ്ട് അതിരാണിപ്പാടത്തിന്റെ ഹൃദയത്തിലേക്കൊരു ഊരുതെണ്ടി ... മകനേ ഇതിന്ത്യയുടെ ഭൂപടമെന്ന് ചൊല്ലിത്തീര്‍ക്കുന്ന പ്രൊഫസ്സറ്ക്ക് മുന്നില്‍ ... ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടെ നീയെന് മകനേയെന്നാര്‍ത്ത് കരയുന്നവനിലേക്ക് മുടിവെട്ടാത്തൊരു അവധൂതന്‍ കടന്ന് വരുന്നു .. തരിക നീ പീതസായന്തനത്തിന്റെ നഗരമേ ഉറക്കെ പാടുകയാണ് ... കഴിയുമീ രാവെനിക്കേറ്റവും ദുഖഭരിതമായ വരികളെഴുതാനെന്ന് പാടുന്ന നെരൂദയെ ... ധനുമാസ രാവിലെ ആര്‍ദ്രമാം ആതിരനിലാവിലേക്ക് ക്ഷണിക്കുന്നുണ്ട് മരണവാതിലില്‍ നിന്നൊരു കക്കാട് ... ചുടലകടന്ന് വലതില്‍ നിന്നിടതിലേക്ക് മാറ്റിയൊരു മന്തുമായ് നരേന്ദ്രനാഥും മുല്ലനേഴിയും മധുസൂദനനും വസ്ത്രമുടുപ്പിച്ച് നഗ്നനാക്കിയ നാറാണത്തില്ലത്തെ ഭ്രാന്തനും ... വരും വരാതിരിക്കില്ലെന്ന് മഞ്ഞ് കൊണ്ടൊരു വിമലയോടൊപ്പം ഷെര്‍ലക്കിനെ ചാരപ്പണിക്ക് വിട്ടൊരു നൂലന്‍ വാസുവും .... വെള്ളിയാങ്കല്ലിലെ പുനര്‍ജ്ജനിയിലേക്കൊരു അല്‍ഫോണ്‍സച്ഛനും ...
ഗ്രീഷ്മമേ സഖി പാടിത്തിമിര്‍ക്കുന്ന പ്രകൃതിക്ക് നടുവില്‍ ഞാനുമെന്റയ്യപ്പനും .... ഒഴിഞ്ഞ് നിറയുന്ന മദ്യക്കോപ്പകളും എണ്ണിയാല്‍ തീരാത്തത്ര ബിംബങ്ങളും .....

Saturday, July 7, 2012

ഹൈക്ക്

ഹൃദയം

നീ വെട്ടി വെളുപ്പിച്ച
ഹൃദയത്തിന്
തൂവെള്ള നിറം

മഴ

ഭൂമിപ്പെണ്ണിന്
ആകാശം
വെള്ളിനൂലിലയക്കുന്ന
ഹംസദൂത്

നാളെ

മറ്റന്നാളിന്റെ
വെറുമൊരിന്നലെ

വേശ്യ

അരച്ചാണ്‍ വിശപ്പടക്കാനും
വായിക്കപ്പെടേണ്ട വിശപ്പടക്കാനും
കവിതയെന്ന് പേരില്‍ രണ്ട് വേശ്യകള്‍

ഹൈക്ക്

തോട്

വയലില്ലാത്ത നാട്ടില്‍
ഏന്തിവലിച്ചൊഴുകുന്നൊരു
തോട്

കാട്

കാട് പിടിച്ച മനസ്സുകള്‍
കാട് മനസ്സില്‍ മാത്രമൊതുക്കി

പുഴ
അന്ന് ഹെലിക്കോപ്റ്ററിലും
ഇന്ന് കടലാസിലും
വെറും വര

മല

മലയിടിച്ച് വിറ്റ്
മല പോലെ പണം
സിഗററ്റ്

ഇന്നൊരു ചിന്നാശ്വാസം
നാളെ അവസാനശ്വാസം

മഴ

കടലാസില്‍ മഴയ്ക്കേഴ് വര്‍ണ്ണം
കൊള്ളുന്ന മഴയ്ക്ക് പ്രാക്കിന്റെ കറുപ്പ്

കസേര

ഇരിക്കുന്നവന്
നഷ്ടപ്പെടലിന്റെയും
നില്‍ക്കുന്നവന്
നേടേണ്ടതിന്റേയും
ടെന്‍ഷന്‍
 

ഒരു യാത്ര

കറുത്ത രാത്രിയില്‍ ചീവിടിന്റെ പോലും നേര്‍ത്ത ഒരു ശബ്ദമില്ലാതിരുന്ന വഴിയിലൂടെ നിശബ്ദതയെ വിദൂരതയിലേക്ക് പായിച്ച് കൊണ്ട് പാതയ്ക്ക് മെയ്യാഭരണങള്‍ പോലെ  കിടന്നിരുന്ന കരിയിലകള്‍ക്ക് മേലേക്ക് കരുത്ത ചക്രങളും ഇരുംബിന്‍ ലാടങളും അമര്‍ത്തിക്കൊണ്ട് കാളവണ്ടി വരവായി....പായില്‍ പൊതിഞ്ഞ ശവത്തേയും പേറി ചുടുകാടിന്റെ വിജനതയിലേക്ക് ചലിക്കുന്ന വണ്ടിയില്‍ കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും ആയി കാറ്റിനോടിതിരിടാനെന്ന പോലെ വെറുതെ വീശിക്കൊണ്ടിരിക്കുന്ന ചാട്ടയും പേറി അവനും ....വിണ്ട് വലിഞ്ഞ അവന്റെ ചുണ്ടുകള്‍ വേനല്‍ കാലത്തെ നെല്പാടങളെ ഓര്‍മിപ്പിച്ച് കൊണ്ടെയിരുന്നു കത്തിച്ച് വച്ച ബീഡി വളര്‍ന്ന് കാടുപിടിച്ച മീശയ്ക്കും നെഞ്ചക്കം വളര്‍ന്ന താടിക്കും ഇടയില്‍ വിണ്ട് കിടക്കുന്ന രണ്ട് ചുണ്ടുകള്‍ അവനും ഉണ്ടെന്ന് ബോധിപ്പിക്കാന്‍ വേണ്ടിയായിരുന്നു......

മൂവന്തി നേരത്ത് മോന്തിയ ചാരായത്തിന്റെ കെട്ടിറങി തുടങിയതാകണം ബീഡിയില്‍ കഞ്ചാവിന്റെ ഇലകള്‍ക്ക് സ്ഥാനം കൊടുക്കാന്‍ വിരലുകള്‍ പണിപ്പെടാന്‍ തുടങിയത്...കഞ്ചാവിന്റെ മണം കാറ്റില്‍ പരക്കാന്‍ തുടങിയതോടെ ലക്ഷ്യത്തെ കുറിച്ച് കാളകള്‍ക്ക് ബോധവാന്മാരായ പോലെ......കാളകളുടെ വേഗം വണ്ടിയെ കുലുക്കിക്കൊണ്ടിരുന്നപ്പോള്‍ ശവത്തിന് വിഷമിക്കരുതെന്നു കരുതിയാവണം ചാട്ടയുടെ ആണി കോര്‍ത്ത അറ്റം പതിയെ എങ്കിലും കാളകള്‍ക്ക് മേല്‍ പതിഞ്ഞത്....വെറും ചാരമായ് പോകുവാന്‍ ഉള്ളതെങ്കിലും ഈ പായില്‍ ചുരുണ്ട് കിടക്കുന്നത് ഒരിക്കല്‍ അവന്റെ ഹൃദയം തന്നെയായിരുന്നു....

പാടവരമ്പത്ത് കൂടി നടന്ന് പള്ളിക്കൂടത്തിലേക്ക് പോകുമ്പോളും അങകലേ ഒരു പൊട്ടു പോലെ കാണാമായിരുന്ന കാറുകളെ പറ്റിയാണവള്‍ പറഞ്ഞ് കൊണ്ടിരുന്നത്....മുല്ലപ്പൂവിന്റെ സുഗന്ധം പേറുന്ന കാറിന്റെ ഉള്‍ഭാഗങളും...പഞ്ഞിയേക്കാള്‍ മൃദുലമായ ഇരിപ്പിടവും വേഗത്തില്‍ ഉള്ള ഓട്ടവും അത് മാത്രമായിരുന്നു അവളുടെ വായില്‍ നിന്നെന്നും വീണിരുന്നത്....വാതോരാതെ സംസാരിക്കുന്ന അവളെ നാവിനെല്ലില്ലാത്തവള്‍ എന്നൊരു കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ നൊന്തു പോയ അവന്റെ ഹൃദയമാണവനൊട് പറഞ്ഞത് അവളെ താന്‍ പ്രണയിച്ചു തുടങിയിരിക്കുന്നു എന്ന്....

വിദ്യാലയത്തിന്റെ അതിരുകളില്‍ നിന്ന് താന്‍ കാളവണ്ടിയുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നതിന് ശേഷം ഉള്ള ഒരുമിച്ചുള്ള യാത്രയിലും അവള്‍ക്ക് പറയാനുണ്ടായിരുന്നത് അമ്മയൊടൊപ്പം രാത്രി വിവിധ തരത്തിലുള്ള കാറുകളുടെ സുഖലോലുപതയില്‍ ലയിച്ച് സഞ്ചരിച്ചതും... കാളകള്‍ വമിപിക്കുന്ന ദുര്‍ഗന്ധത്തെ പറ്റിയും ദുര്‍ഘടമാകുന്ന കാളവണ്ടി യാത്രയേ പറ്റിയുമായിരുന്നു....കാറിനോടുള്ള അടങാത്ത പ്രണയമാകണം പത്താം ക്ലാസുകാരിക്ക് പട്ടണത്തില്‍ ജോലിക്ക് പോകാന്‍ വഴിയൊരുക്കിയതും...പുത്തന്‍ കാറുകളില്‍ മുതലാളിമാരൊടൊപ്പം സഞ്ചരിക്കുമ്പോള്‍ പലപ്പോഴും അവള്‍ തനിക്ക് നേരെ മുഖം തിരിച്ചത് എന്തിനായിരുന്നു എന്ന് മനസ്സിലാകാന്‍ വര്‍ഷങള്‍ വേണ്ടി വന്നു ....പൊടിമണ്ണ് തൂളിച്ച് കാതടിപ്പിക്കുന്ന ഹോണടിച്ചും കൊണ്ട് പറന്ന് പോകുന്ന കാറുകള്‍ കാളകളെ വിളറി പിടിപ്പിക്കാന്‍ തുടങിയപ്പോള്‍ മുതല്‍ അവന്‍ അവയെ ഭയപ്പെട്ട് തുടങി......

വര്‍ഷങള്‍ക്ക് ശേഷം തിരികെ നാട്ടില്‍ വന്ന അവളെ കാണാന്‍ വേണ്ടി തന്നെയായിരുന്നു അന്ന് അവളുടെ വീടിന്റെ മുന്നിലൂടെ യാത്ര തീരുമാനിച്ചതും...ഉമ്മറത്തിണയില്‍ കസേരയില്‍ ചാഞ്ഞിരിക്കുന്നത് അവളുടെ അസ്ഥികൂടമാണെന്ന് കരുതാനെ ആ ഒരൊറ്റ നോട്ടം കൊണ്ട് കഴിഞുള്ളു....നുണക്കുഴികള്‍ അലങ്കാരമായി വന്നിരുന്ന ആ കവിളികളുടെ സ്ഥാനത്ത് ഒട്ടിയ തൊലി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു...തന്നെ അവള്‍ കണ്ടുവോ അറിയില്ല എങ്കിലും അവളുടെ കൈകള്‍ കണ്ണില്‍ നിന്നിറ്റ് വീഴുന്ന മിഴിനീര്‍ തുള്ളികളെ തുടച്ചെടുക്കുവാന്‍ പ്രയാസപ്പെടുന്നതവന്‍ കണ്ടിരുന്നു....

മാരകരോഗം വന്ന് മരിക്കുന്നവരെ ദൂരെ ചുടുകാട്ടില്‍ കൊണ്ട് പോയി ദഹിപ്പിക്കുന്ന പണി എത്തിചേരുന്നതും അവനു തന്നെയായിരുന്നു.....പായില്‍ ചുരുട്ടി കെട്ടുമ്പോഴും അവളുടെ കണ്ണുകളില്‍ തന്നെ എന്നും ഭ്രമിപ്പിച്ചിരുന്ന പ്രകാശം അവന്‍ കണ്ടു...

കാറ്റില്‍ പരന്ന കഞ്ചാവിന്റെ സുഗന്ധവും കാളകളുടെ കുളംബടികളുമാസ്വദിക്കാതെ ആ വണ്ടിയുടെ വേഗത്തോടൊപ്പം അവന്റെ മനസ്സും ചുടുകാട്ടിലേക്ക് യാത്രയാവുകയായിരുന്നു... അപ്പോഴും വണ്ടിയുടെ താളം തന്റെ നെഞ്ചിടിപ്പാണെന്ന് തന്നെ അവന് തോന്നിയിരുന്നു.....

വെള്ളിയാഴ്ച്ചകളിലേക്കുണരുമ്പോള്‍



ചുട്ടുപൊള്ളുന്ന നട്ടുച്ചക്കും
കറുത്ത നിറമാണ്
വെള്ളിയാഴ്ച്ചകള്‍ക്ക്
ജുമൈരാത്തിന്റെ* ബോധമി
ല്ലായ്മയില്‍ നിന്ന്
ജീവിതബോധത്തിലേക്കുള്ള
ഉണര്‍ച്ച ....

കത്തുന്ന തീയില്‍ നിന്ന്
ഒന്നരടണ്ണിന്റെ ഏസിയെ
പത്തായും പന്ത്രണ്ടായും
ഭാഗിച്ചനുഭവിക്കുന്ന
ക്യാമ്പ് കൊട്ടാരത്തിലെ
സുഖസുഭിക്ഷ ദിനം ...

ഈന്തപ്പനകളെ പോലെ
ഉരുകി തീര്‍ന്ന് കായ്ക്കുന്ന
ഒറ്റത്തടി പ്രവാസത്തെ
നിലനിര്‍ത്താന്‍ ജലം
സംഭരിക്കുന്നത് ഈ
ഉണര്‍ച്ചകളില്‍ .....

Wednesday, July 4, 2012

കല്ലിന്റെ നവരസങ്ങള്‍



അമ്പലകുളത്തിന്റെ കരയില്‍ നിന്ന്
കമലദളങ്ങളോട് ശ്രംഗരിച്ച്
തെളിനീരില്‍ തെന്നിപ്പാഞ്ഞ്
.....

സ്വര്‍ണ്ണ നിറം കടം
വാങ്ങിയ നെല്‍പ്പാടത്ത്,
അന്നം തേടിയ ഒറ്റക്കാലന്റെ
കണ്ണിലേക്ക് കരുണ നിറഞ്ഞൊരടി ....

കുരച്ചു ചാടുന്ന ശ്വാനന്റെ
നേര്‍ക്ക് വെടിയുണ്ട പോലെ
വീരത്വം ...

രൌദ്രഭാവത്തില്‍ മാവിന്‍ ചില്ലയിലെ
സംഹാരം....

അന്യമതക്കാരന്റെ നെഞ്ചിലേക്ക്
ഭയാനകമായൊരു
എടുത്തെറിയപ്പെടല്‍ ...

കഞ്ചാവും പെത്തടിനും മദ്യവും
ഭീഭത്സമാക്കിയൊരേറ് !
വസന്തത്തിന്റെ ഇടിമുഴങ്ങുന്നത്രേ .....

പെറ്റ് ഊട്ടി വളര്‍ത്തിയ
തള്ളക്ക് നേരെ തൊടുത്തത് !!
തന്നെ യഥാര്‍ത്ഥ ഹാസ്യം .....

എറിഞ്ഞവന്റെ നെഞ്ചിലേക്ക് തന്നെ
തിരിച്ച് നിയോഗിക്കപ്പെടുന്നത്
അത്ഭുതമല്ലാതെന്ത്

ശാന്തമായി കുഴിയിലേക്ക് എറിയപ്പെടുന്ന
ശവപ്പെട്ടിയുടെ നെഞ്ചിലേക്ക് ...