Friday, January 8, 2021

 നിലാവ് ,ആകാശം,കടൽ 


ജീവിതത്തിലെ നിലാവിന് ,

മഞ്ഞ നിറം കൊടുത്ത ചിത്രകാരാ 

നിന്റെ ക്യാൻവാസിലെ മരണത്തിന്റെ 

ഒരുതുള്ളി നിറമാകാൻ കൊതിച്ച്,

പട്ടു ചിറകുള്ളൊരു ചിത്രശലഭം

നിശ്ശബ്ദം എരിഞ്ഞു തീരുന്നു ...


ഉയരത്തിൽ ഏതോ കൊമ്പിൽ 

മഴ പോലെയൊരു പാട്ട്,

പതിഞ്ഞതാളത്തിൽ,

ഒരു പൂവിറുത്ത് കാറ്റിന്റെ 

തുമ്പത്ത് കെട്ടിവിടുന്നു...


ചെരിച്ചിട്ട ഭൂമിയിൽ നിന്ന് പുഴകൾ ആകാശത്തേക്കൊഴുകുന്നു,

മണ്ണിൽ, ഭൂമിയുടെ 

ഹൃദയത്തിന്റെ അടിത്തട്ടിൽ,

വേരുകൾ ആഴത്തിൽ കെട്ടുപിണഞ്ഞു 

കിടക്കുന്നയിടത്ത്,

കടൽ ഉറവപൊട്ടുന്നു....നിലാവ് ,ആകാശം,കടൽ 


ജീവിതത്തിലെ നിലാവിന് ,

മഞ്ഞ നിറം കൊടുത്ത ചിത്രകാരാ 

നിന്റെ ക്യാൻവാസിലെ മരണത്തിന്റെ 

ഒരുതുള്ളി നിറമാകാൻ കൊതിച്ച്,

പട്ടു ചിറകുള്ളൊരു ചിത്രശലഭം

നിശ്ശബ്ദം എരിഞ്ഞു തീരുന്നു ...


ഉയരത്തിൽ ഏതോ കൊമ്പിൽ 

മഴ പോലെയൊരു പാട്ട്,

പതിഞ്ഞതാളത്തിൽ,

ഒരു പൂവിറുത്ത് കാറ്റിന്റെ 

തുമ്പത്ത് കെട്ടിവിടുന്നു...


ചെരിച്ചിട്ട ഭൂമിയിൽ നിന്ന് പുഴകൾ ആകാശത്തേക്കൊഴുകുന്നു,

മണ്ണിൽ, ഭൂമിയുടെ 

ഹൃദയത്തിന്റെ അടിത്തട്ടിൽ,

വേരുകൾ ആഴത്തിൽ കെട്ടുപിണഞ്ഞു 

കിടക്കുന്നയിടത്ത്,

കടൽ ഉറവപൊട്ടുന്നു....

Wednesday, November 28, 2012

ഒരു മരണക്കുറിപ്പ്

ചൂരക്കാട്ടുകരപ്പാടത്തെ അക്കേഷ്യയും 
കുഞ്ഞിളം കാറ്റും പ്രണയത്തിലായിരുന്നു .... 
പാടത്തെ പെണ്ണുങ്ങൾക്ക് തണൽ വിരിക്കാനും ... 
കുട്ടികൾക്ക് പാഞ്ഞു കയറാൻ 
ചില്ലകൾ താഴ്ത്തി കൊടുക്കാനും 
അക്കേഷ്യയെ പഠിപ്പിച്ചത് കാറ്റത്രേ ... 

ചിങ്ങം നിറയെ മഞ്ഞയുടുപ്പിട്ട് നിൽക്കുന്ന 
അക്കേഷ്യയെ കാണുമ്പോൾ
കാറ്റൊരു പാട്ടു മൂളുമത്രേ ...
ഓണം വരവേറ്റ് നാട്ടിലെത്തിക്കുന്ന പാട്ട് ...

ഒരു രാവിലെ അക്കേഷ്യയുടെ
തുഞ്ചത്തെ ചില്ലയിൽ നിന്ന് പതിവു പോലെ
കാറ്റുണർന്ന് ജോലിക്ക് പോയി ...
കിളികൾക്ക് പാട്ടു നൽകി ..
ഗോപിയേട്ടന്റെ താഴത്തെ പാളയം
കോടന്റെ മാണിയിലെ തേനും കുടിച്ച് ...
പാടത്തെ നെൽച്ചെടിയിലെ
മഞ്ഞുതുള്ളിയെ തട്ടിത്താഴെയിട്ട് ...
വരമ്പത്തെ തൊട്ടാവാടിയെ തലോടി
തൊട്ടശ്ശുദ്ധമാക്കിയവരോടുള്ള പരാതി തീർത്ത് ...
മുക്കൂറ്റികളെ ചുമ്പിച്ചുണർത്തി ...
മാങ്കുളത്തിലെ കുഞ്ഞോളങ്ങളിൽ
മീനുകളോട് കിന്നാരം പറഞ്ഞ് ...
പേരാലിന്റെ ശ്വാസം ഗ്രാമത്തിനു കൊടുത്ത് ...
ചൂരക്കോട്ടുകാവിലമ്മയുടെ ചിന്ദൂരമണിഞ്ഞ് ...
റെയില്വേ പാളത്തിലെ
അനശ്വര പ്രണയങ്ങൾക്ക് പൂവു വയ്ച്ച് ....

കാറ്റ് തിരിച്ച് വരുമ്പോൾ
ആരോ വെട്ടിമലർത്തിയ അക്കേഷ്യയെ
കണ്ട് പൊട്ടിക്കരഞ്ഞത്രേ ...
ഗ്രാമം മുഴുവൻ നോക്കി നിൽക്കേ
ആ കടക്കുറ്റിയിൽ എന്റെ പൊന്നിളം കാറ്റ്
തലതല്ലി മരിച്ചു പോയി .....

ആശാരി ശ്രീനി തൂങ്ങി ചത്തു ...

ആശാരി ശ്രീനി തൂങ്ങി ചത്തു ... 
മരങ്ങളുടെ മർമ്മമറിഞ്ഞ ശ്രീനിക്ക് 
അന്തസ്സുള്ള വെള്ളകേറാത്ത 
പ്ലാവിന്റുത്തരമാണന്ത്യകൂദ്ദാശ നൽകിയത് ...
ചത്ത് കിടക്കുമ്പോളും തച്ചൻ 
ചമഞ്ഞ് കിടക്കട്ടെ എന്ന് മരങ്ങൾ 
കൂടിയാലോചിച്ചെടുത്ത തീരുമാനമായിരിക്കണം ...

നാളികേരത്തിനു വില കുറഞ്ഞതും
സ്വർണ്ണത്തിനു വിലകൂടിയതും ശ്രീനിയുടെ
പാരച്ച്യൂട്ടിറക്കത്തിന് കാരണമെന്നത്
വടക്കേ ചില്ലകുലുക്കി നിഷേധിച്ച്
മൂവാണ്ടൻ മാവ് തച്ചനൊരു റീത്ത് വച്ചു ...

തന്റുണ്ണിപ്പിണ്ടികൊണ്ട്
വാതിൽ പണിയണമെന്ന്
സമ്മർദ്ദം ചെലുത്തി ശ്രീനിയെ കൊന്നത്
നേന്ത്രവാഴയാണെന്ന പാളയംകോടന്റെ
കുമിള പോലൊരാരോപണം
മുള മുള്ള് കൊണ്ട് കുത്തി പൊട്ടിച്ചു ...

ഉത്തരത്തിലേക്കെന്ന് വെട്ടിയിട്ട്
കഴുക്കോലിൽ തങ്ങളെ ഒതുക്കിയതിനെതിരെ
വീട്ടിയുടെ പിന്മുറക്കാരുടെ സമരമാണോ
ശ്രീനിയെ തൂക്കിയതെന്ന്
എല്ലാം കണ്ട് നിന്നൊരു തേക്കാണ് സംശയിച്ചത് ...

അത്രയേറെ സ്നേഹിച്ച മഹാഗണി
ഒരിരുട്ടിൽ കള്ളന്റെ കൂടെ പോയതിൽ
മനം നൊന്തത്രേ തച്ചൻ ചത്തത് ...
ഉത്തരം പറഞ്ഞതാകട്ടെ
തുമ്പയും, മുക്കൂറ്റിയുമടങ്ങുന്ന പീറപ്പിള്ളേരും ...

അയ്യപ്പസ്വാമിയെ പ്ലാവിൽ കൊത്തി
നടയ്ക്കൽ വക്കണമെന്നതാരുന്നു തച്ചന്റെ ആഗ്രഹം ....
കഴുത്തിൽ കുരുക്ക് മുറുകുന്ന ശ്വാസത്തിലാണത്രേ
വിഗ്രഹത്തിന്റെ കണ്ണ് കൊത്തിയത് ...
കണ്ണെന്തേ തുറിച്ചതെന്ന
ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ ...

നമുക്ക് സ്നേഹിക്കേണ്ടിയിരിക്കുന്നു ...



ഞാൻ നിന്നെയും 
നീ എന്നെയും 
വല്ലാതെ സ്നേഹിക്കുന്ന ഒരു കാലത്ത് ...
നമ്മുടെ ഹൃദയങ്ങളിൽ നിന്നൊരു 
വജ്രം രൂപം കൊള്ളും ... 
ലോകത്തിലെ എല്ലാ നിറങ്ങളും 
ചേർന്നൊരു മഴവില്ലുണ്ടാകും .... 
ആയിരം പുഴകൾ ചേർന്ന് 
ഒരു കടലുണ്ടാകും ...
ഒരിക്കലും തിരയൊടുങ്ങാത്തത് ...
പുഴകൾക്ക് ചുറ്റും മരങ്ങൾ
പെയ്തു കൊണ്ടെയിരിക്കും ...
മരുഭൂമിയിലെ വേഴാമ്പലുകൾ
ഒരു പേമാരിയിൽ നനഞ്ഞ് കുതിരും ...
നീ സമ്മാനിച്ച പുല്ലാങ്കുഴലിൽ നിന്ന്
ഞാനൊരു ഗാനമാലപിക്കും ...
ഒരു ലോകം മുഴുവൻ ആടിത്തിമിർക്കുന്ന
ആ സംഗീതത്തിനായി ...
പ്രിയേ ഒരിക്കലും പറയാതെ എങ്കിലും
ഒരിക്കലും അറിയാതെ എങ്കിലും
നമുക്ക് സ്നേഹിക്കേണ്ടിയിരിക്കുന്നു ...

പുഴ

ഒരു പുഴ ഒഴുകുന്നുണ്ടാവണം അല്ലേ ... 
അതേ ഒരു പുഴ ഒഴുകുന്നുണ്ടാവണം ... 
നിറഞ്ഞ് കവിഞ്ഞ് ... 

പുഴയ്ക്ക് ചിരി വരുന്നുണ്ടാകണം .... 
പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകണം... 
ഒരു പുഴ ഒഴുകുന്നുണ്ടാവണം അല്ലേ ... 
അതേ ഒരു പുഴ ഒഴുകുന്നുണ്ടാവണം ...

അത്രയ്ക്കങ്ങുറപ്പിക്കാൻ വരട്ടെ ...
ആദ്യം മഴ പെയ്യുന്നുണ്ടോ എന്ന് നോക്കാം ...
മരം വളർന്നോ എന്ന് നോക്ക് ...

സഖേ !!!!!!


ഒരു വിപ്ലവത്തിന്റെയും ഭാഗമല്ല നീ .... 
ഒരു പ്രണയത്തിന്റെയും ഭാഗഭാക്കുമല്ല ... 
ജന്മാന്തരങ്ങളുടെ ബന്ധം നമുക്കിടയിൽ 
സംഭവിച്ച് പോയതാണ് .... 

കഴിഞ്ഞ ജന്മത്തിൽ ഞാനൊരു 
പുഴയായിരുന്നിരിക്കണം .... 
എന്നിൽ കുഞ്ഞോളങ്ങൾ തീർത്ത് മതിവരുന്നതിനും 
മുൻപേ പറന്ന് പോയ കാറ്റാണ് നീ ...

എന്റെ മരുഭൂമിയിലേക്ക് പെയ്യാൻ വെമ്പി ...
ഒരു കൊടുങ്കാറ്റിൽ തെന്നിപോയ
മേഘമായിരിക്കണം നീ ....

ഞാനൊരു തോക്കും
നീ എന്നിലെ വെടിയുണ്ടകളുമായിരുന്നത്രേ ....
നമ്മളിരുവരും ആഗ്രഹിക്കാതെ
ഒരു തിന്മയിലേക്ക്
എന്നിൽ നിന്നും നിന്നെ
പറിച്ചെറിയുകയായിരുന്നിരിക്കണം ....

കഴിഞ്ഞ ജന്മത്തിൽ
ഞാനൊരു മരം മാത്രമായിരുന്നു ...
എന്നിൽ കൂടു വച്ച
ഒരു അടയ്ക്കാക്കുരുവി
മാത്രമാണ് നീ ...

എത്ര അകലേക്കെറിഞ്ഞാലും
നിന്നിലേക്ക് തിരിച്ചെത്താതിരിക്കാൻ കഴിയാത്ത
വെറുമൊരു ബൂമറാങ്ങാകണമെനിക്ക് ...
ജന്മാന്തരങ്ങളുടെ ബന്ധം നമുക്കിടയിൽ
സംഭവിച്ച് പോയതാണ് .... സംഭവിക്കേണ്ടതും
....

ദ ബെസ്റ്റ് ഫ്രണ്ട്


അമാവാസി രാത്രിയിൽ നീലവെളിച്ചങ്ങളുടെ 
തമ്പുരു ബാറിൽ ഒരുമിച്ച് കുടിക്കുമ്പോളും 
ഒരുമിച്ച് തന്നെ ആടുമ്പോളും 
ഒരേ മനസ്സും രണ്ട് ശരീരവും നമ്മൾ .... 

എന്റെ ആദ്യ ശമ്പളത്തിൽ 
നിന്റെ ബാങ്ക് ലോൺ തീർന്നപ്പോളും .... 
നിന്റുമ്മയെന്നെ നെറുകയിൽ ചുമ്പിച്ചപ്പോളും ... 
ആദ്യ വെക്കേഷനിൽ എന്റെ
അമ്മയുടെ കൈപ്പുണ്യത്തിൽ നിന്റെ
ഒരു ജന്മത്തിന്റെ വിശപ്പടങ്ങിയപ്പോളും
നമ്മൾ ദ ബെസ്റ്റ് ഫ്രണ്ട്സ് ....

എന്റെ മുറപ്പെണ്ണിനെ ഒളിച്ചോടി
കെട്ടുമ്പോൾ സാക്ഷി ഒപ്പിടാൻ
എന്റെ കയ്യിൽ നിന്റെ പേന ....
നിന്റെയും അവളുടേയും കഴുത്തിൽ
എന്റെ മാല ...

തമ്പുരു ബാറിലെ മറ്റൊരു രാത്രിയിൽ
എന്റെ ഐഫോണിലേക്ക്
മിസ്സ് യു എന്ന് നിന്റെ പെങ്ങളുടെ പേരുള്ള
നീയറിയാത്ത ഏതോ നാട്ടിലെ ഏതോ പെൺകുട്ടിയുടെ
എസ് എം എസ്സ് ക്രാഷ്ലാൻഡ്
ചെയ്തപ്പോൾ മുതലാണ്
നീയും നിന്റെ അമേരിക്കയും
എന്റെ ഗാസയിലേക്ക് ബോമ്പ് വർഷിക്കാൻ തുടങ്ങിയത് ....
ഒരിക്കലും തീരാത്ത ബോംബ് വർഷങ്ങൾ ....
നിന്നോടുള്ള സ്നേഹത്തിന്റെ
അവസാന കുഞ്ഞിനേയും
കൊന്ന് കളയുന്നത് വരെ
നീ തൊടുക്കുന്ന മിസ്സൈലുകൾ ...
ആയിരം വർഷങ്ങൾക്കപ്പുറവും
നമ്മളിനി ദ ബെസ്റ്റ് എനിമീസ് ..

Tuesday, November 6, 2012

പ്രവാചകന്റെ എഴുന്നള്ളത്ത്

ഓരോ മനുഷ്യനിലും നന്മയും തിന്മയും ഉണ്ട് എന്ന് പറയുന്നത് പോലെ തന്നെ ... ഓരോ മനുഷ്യനിലും യുദ്ധവും സമാധാനവും ഉണ്ട് ... ആക്രമിക്കാനും കീഴടക്കാനും കീഴടങ്ങാതിരിക്കാനുള്ള അടങ്ങാത്ത ത്വരയുമുണ്ട് ... നൂറ്റിപത്ത് മീറ്റർ നീളവും അറുപത്തിയഞ്ച് മീറ്റർ വീതിയുമുള്ള ഒരു യുദ്ധക്കളത്തിൽ ഒരിറ്റ് ചോര ചിന്താതെ ഒരു മനുഷ്യജന്മം പോലും കുരുതി കൊടുക്കാതെ കീഴടക്കാനും ആക്രമിക്കാനുമുള്ള മനുഷ്യന്റെ ത്വര അടങ്ങുമെങ്കിൽ ... അവനിൽ നന്മ മാത്രം അവശേഷിക്കുമെങ്കിൽ ആ യുദ്ധത്തെ നമുക്ക് സ്വാഗതം ചെയ്യാം ... കാല്പന്ത് കളി അത്തരമൊരു യുദ്ധമാൺ ... കീഴടങ്ങാനാഗ്രഹിക്കാത്തൊരു രാജ്യം കീഴടക്കിയവനോടുള്ള പ്രതികാരം തീർക്കാൻ യുദ്ധക്കളത്തിലേക്കിറങ്ങുന്നു ... അവിടെ അവന്റെ ആയുധം വാളും അണുബോംബുമല്ല ... കാലും തലയും തലച്ചോറും മാത്രമാൺ .... കണ്ടിട്ടില്ലേ ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറഞ്ഞു ... ഇന്ത്യ പാകിസ്ഥാനെ കീഴടക്കി എന്നൊക്കെയുള്ള വാർത്തകൾ ...ഓരോ കീഴടങ്ങലിനുമപ്പുറം കാവിലെ പാട്ടു മത്സരത്തിൽ കാണാമെന്നതിൽ കവിഞ്ഞൊരു വെല്ലുവിളിയുമില്ലാതെ യുദ്ധം അവസാനിക്കുന്നു ... സാഹിത്യം നന്മയാൺ സമാധാനമാൺ ... കാല്പന്ത് കളി സാഹിത്യമാൺ അത് കൊണ്ട് തന്നെ നന്മയും യുദ്ധങ്ങളെ തോൽ‌പ്പിക്കുന്ന യുദ്ധവും അതേ സമയം സമാധാനവുമാൺ ... സമാധാനത്തിന്റെ പ്രവാചകൻ അത് കൊണ്ട് തന്നെ ദൈവവുമാകുന്നു ... 

ഡിയാഗോ അർമാൻഡൊ മാറഡൊണ എന്ന കുറിയ മനുഷ്യൻ ദൈവമാകുന്നത് അങ്ങനെ തന്നെയാൺ .... ഒറ്റയ്ക്ക് ഒരു വിപ്ലവം നയിച്ച് അർജന്റീനയെന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ദൈവം .... ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു രാജ്യത്തെ ഒരുത്സവത്തിലേക്കെത്തിച്ച നേതാവ് ... അടിച്ചമർത്തപ്പെട്ടവൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞാഘോഷങ്ങളിലേക്ക്, ഉത്സവങ്ങളിലേക്ക് മതി മറന്ന് ചെല്ലാൻ വഴിയൊരുക്കിയ ദൈവം ... അടിച്ചമർത്തപ്പെട്ടവന്റെ മോചനം നൽകിയ ആവേശമാൺ മാറഡോണയെ ലോകത്തിനെന്നും പ്രിയങ്കരനാക്കിയത് .. നിഷേധിയും, ധിക്കാരിയും, ധൂർത്തനുമായ ദൈവം .... 

ആ ദൈവം മലയാള മണ്ണിലേക്കിറങ്ങി വന്ന ദിവസമായിരുന്നു ഒക്റ്റോബർ 24 .... ഫുട്ബോളിനെ എന്തിനേക്കാളുമുപരി സ്നേഹിച്ച മലബാറിന്റെ മണ്ണിലേക്ക് ഇരുകൈകളും വീശി ആ വലിയ മനുഷ്യൻ നടന്ന് വരുമ്പോൾ ... ഒരു മഹാരാജ്യം മുഴുവൻ ആദരിച്ച് തലകുനിച്ച് നിൽക്കുന്നു ... ലോകം  കണ്ട ഏറ്റവും മികച്ച കാല്പന്ത് കളിക്കാരൻ തന്റെ ധിക്കാരങ്ങളും വാശികളും മാറ്റി വയ്ച്ച് ആരാധകർക്കൊപ്പം ആർത്തുല്ലസിക്കുന്നു ... ഒരു നാടിന്റെ ആത്മനിർവൃതി പോലെ ... 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച കാല്പന്ത്കളിക്കാരൻ ആർ എന്ന ചോദ്യത്തിനുത്തരം പറയുക പ്രയാസമാകും .... എല്ലാ നാണയത്തിനും ഉള്ള പോലെ ഇരുപുറങ്ങളാൺ ലോകഫുട്ബോളിനും ഉള്ളത് ... പെലെ എന്ന മാന്ത്രികനും ഏറ്റവുമധികം വിജയശ്രീലാളിതനുമായ രാജാവ് ഒരു പുറം വാഴുമ്പോൾ ... ഒറ്റയാനിന്റെ ശൌര്യവും ധിക്കാരിയുമായി സാക്ഷാൽ മാറഡൊണ മറുപുറം ധന്യമാക്കുന്നു ... തന്റെ കരിയറിൽ 1281 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയും മൂന്ന് ലോകകപ്പ്, രണ്ട് ഇന്റർനാഷനൽ കപ്പ്, രണ്ട് കോപ്പ അമേരിക്ക വിജയങ്ങൾ എന്നിങ്ങനെയുള്ള ആരും ആരാധിച്ച് പോകുന്ന റെക്കോർഡുകളാൺ പെലെയ്ക്കുള്ളതെങ്കിൽ ... ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ കൂടി സഹായമായിരുന്നു ഈ വിജയങ്ങളെല്ലാം എന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെടുകയുമാൺ ... 1986 ലോകകപ്പിൽ പെലെ അദ്ദേഹത്തിന്റെ സുവർണനാളുകളിലായിരിക്കുകയും അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ കളിക്കുകയും ചെയ്തിരുന്നു എങ്കിൽ പോലും അർജന്റീന ആ കിരീടം നേടുമായിരുന്നോ എന്ന് സംശയമാൺ ... എന്നാൽ 1970 ലോകകപ്പിൽ ലോകത്തിലേ ഏറ്റവും മികച്ച കളിക്കാരുടെ സംഘത്തിൻ ഒരു പെലെയോ മാറഡൊണയോ ആവശ്യമില്ലായിരുന്നു എന്ന യാഥാർത്ഥ്യം തന്നെയാൺ ... ഒരു ശരാശരി കൂട്ടത്തെ ഒറ്റയ്ക്ക് നയിച്ച് കിരീടം നേടിയ മാറഡോണയെ വ്യത്യസ്തനാക്കുന്നത് .... 

ചെഗുവേരയെ ആരാധിക്കുന്ന ... ഫിഡെൽ കാസ്ട്രോവിന്റെ അനുയായിയായ ഉന്മാദിയായ ദൈവം .... മരണത്തിന്റെ വാതിൽക്കൽ നിന്ന് പലകുറി ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ ... ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ച് കൊടുക്കാൻ കഴിയാത്ത ... ദൈവത്തിന്റെ കൈ എന്ന നാണക്കേടിനെ നൂറ്റാണ്ടിന്റെ ഗോൾ കൊണ്ട് മായ്ച്ച് കളഞ്ഞ മാന്ത്രികൻ ... യുദ്ധങ്ങളെ കളിക്കളത്തിലേക്കാവാഹിച്ച് മണ്ണിൽ സമാധാനത്തിന്റെ വിത്ത് പാകാൻ ശ്രമിച്ചവൻ ... ഫുട്ബോൾ കമ്മ്യൂണിസമാണെന്ന് പ്രഖ്യാപിച്ചവൻ ... അവന്റെ മുന്നിൽ തലമുറകൾ തല കുനിക്കുന്നു ... കാല്പന്ത് കളി അതിന്റെ നൂതനമായ തന്ത്രങ്ങളിലേക്ക് മാറഡോണയിലൂടെയാൺ സഞ്ചരിച്ചത് ...  കൌശലവും പ്രതിരോധവും ആക്രമണവും ചിലപ്പോൾ ഉന്മാദവും കൂടിയാൺ കാല്പന്ത് കളി എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവൻ ... വായു നിറച്ചൊരു പന്ത് പകർന്ന് തരുന്ന കഠിനമായ ലഹരിയിൽ നിന്ന് മോചനം നേടാനായിരിക്കണം കൊക്കെയ്നിന്റെ കുളിരിലേക്കദ്ദേഹം ഇറങ്ങിപ്പോകാൻ കാരണമായിട്ടുണ്ടാവുക .... പ്രണയവും, ലഹരിയും , വിവാദങ്ങളും കളിക്കളത്തിലെ വേഗതയാർന്നൊരു നീക്കത്തെ പോലെ കൊണ്ട് നടന്നവൻ ... കാല്പന്ത് കളിയെ നെഞ്ചേറ്റുന്ന മലയാള മണ്ണിലേക്കവൻ ഇറങ്ങി വരുന്നു ...  സോഡവിറ്റും കപ്പലണ്ടി വിറ്റും പന്തു പെറുക്കിയും ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തിയ കറുത്ത മുത്തിനെ കെട്ടിപ്പിടിക്കുന്നു ... പന്ത് തട്ടുന്നു ... ഒരു സഹസ്രാബ്ദത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അദ്ഭുതത്തെ കണ്ട് വിസ്മയിക്കുന്ന ജനത ... 

Monday, November 5, 2012

പശു മുലകൾ കോവയ്ക്കയാകുന്ന കാലം

ഈ താളിന്റെ മുകളിലെ വലത്തേ 
കോണിൽ മൊട്ടുസൂചി കൊണ്ട് കോർത്ത 
മഞ്ഞമാംസം എന്റെ ഹൃദയമാൺ ... 
കോവയ്ക്കയാകാൻ മുലയാകാൻ കഴിയാതെ
മാംസപിണ്ഡം .... 

ജർമ്മനിയോടും റഷ്യയോടും മാറി മാറി യാചിച്ച് നേടിയ
ലേ വലേസയെന്ന ചെമ്പ് നാണയത്തിൽ 
സ്വർണ്ണം പൂശി ആഘോഷിച്ച് ...
സ്വർണ്ണപണയബാങ്കിൽ പിടിക്കപ്പെട്ട
നിരപരാധിയായ മാംസം ....

താങാനാകാത്ത രാഗഭാരത്തിൽ
പൊട്ടിപോകരുതെന്ന് കരുതി
പ്രിയപ്പെട്ടവൾ ഊറ്റിയെടുത്തതാ
ണോരൊ തുള്ളിയും ...

ഞരമ്പ് മുറിക്കാതിരിക്കുക
ചുണ്ടുകൾ പല്ലിനിരയാക്കിക്കൊണ്ടെയിരിക്കാം ...
ഒന്നിൻ പകരമൊരായിരം മരണം ...

ഒടുവിൽ



നീ എന്റെ വിരൽത്തുമ്പിൽ പിടിക്കുക .....
ഒരു നൂലിൽ നമുക്കീ നഗരത്തിന്റെ
ആഴങ്ങളിലേക്കിറങ്ങാം ......
ഒറ്റക്കാലിൽ തപസ്സ് ചെയ്ത
കൊറ്റിയുടെ അസ്ഥിയിലാൺ
ഈ നഗരത്തിന്റെ അടിത്തറ ...
ഒരു കാലുയർത്തി അനങ്ങാതെ ഉറങ്ങിപ്പോയ
നേരത്താൺ ആദ്യത്തെ കല്ല് പതിച്ചത് ...

നീ എന്നെ ചുമ്പിക്കുക ....
നഷ്ടപ്പെടുന്നതിന് തൊട്ട് മുൻപ്
ഞാനൊന്ന് ജീവിക്കട്ടെ ....
ഈ നിമിഷത്തിൽ നമുക്കിവിടെ ഗ്രാമം പണിയാം ...
പ്രണയത്തിന്റെ അനശ്വര സ്വർഗ്ഗത്തിൽ മുങ്ങി നിവരാം ....
നാളെ നമുക്ക് മുകളിൽ ഹെലിപ്പാടാകണം വരേണ്ടത് .....
മണ്ണിന്റെ ആഴങ്ങളിലും പാറുന്ന തുമ്പി
ചിറകൊച്ചയിൽ നമുക്കിനിയും ഉയിർക്കാം ...

നിന്റെ ശംഖുവളവുകളിൽ എന്റെ
അധരം ആഴ്ന്നിറങ്ങട്ടെ ...
സ്നേഹത്തിന്റെ ഏറ്റവും ഉന്മാദമായ
അവസ്ഥയിൽ നീ എനിക്കിരയാവുക ...
എന്റെ മടിത്തട്ടിൽ മയങ്ങുക ...
അക്ഷരങ്ങൾ കൊണ്ട് നിനക്ക്
ഞാനൊരു ഹൃദയം പണിയാം ....
എത്ര പ്രണയത്തിലാണെങ്കിലും
നമുക്കത് പറയാതിരിക്കാം ...

മുന്തിരിവള്ളികൾ കായ്ച്ചതും
മൾബറി പൂത്തതും
ഇനിയൊരു പകലിൽ ചെന്നെത്തി നോക്കാം ....
നമുക്ക് കണ്ണടച്ചുറങ്ങേണ്ടിയിരിക്കുന്നു ...
ഒലിച്ചു പോയ മണ്ണിന്റെ അവസാന
തരിയിൽ എന്റെ രക്തം കാണുക ...

പാതി ചാരിയ വാതിലിൽ
കടന്ന് പോകുന്നതെന്റെ
പിതൃക്കൾ, താളിയോലകൾ,ജാതകം ....
ഇനി ഭിത്തികെട്ടിയടയ്ക്കുക ...

ഒരിക്കൽ കൂടി നീയെന്റെ വിരലിൽ പിടിക്കുക ....
നമുക്ക് മേഘങ്ങളിലേക്ക് പറക്കാം ....
ഒടുവിൽ നീ വർഷമായ് പൊഴിയുക
എന്റെ ഓർമ്മകളുടെ തീയ്ക്ക് മുകളിൽ ......

മൌനത്തിന്റെ പ്രവാചകൻ ...



വർഷങ്ങളുടെ കണക്കുകൾ കൂട്ടിയും കുറച്ചുമാൺ
ആയിരമെന്ന വയസ്സിൽ കരാറുറപ്പിച്ചത് ...
യേശുവിൻ ആയിരം പിൻപേ വന്ന
പ്രവാചകനാണത്രേ ഈ മരം ....
മനുഷ്യത്വത്തിന് തണൽ നൽകുന്നത് മാത്രമായിരുന്നു
പ്രവാചകന്റെ കടമ എന്നിട്ടും ...
പ്രണയങ്ങൾക്കും പിണക്കങ്ങൾക്കും
തല്ലിനും തലോടലിനും മൌനത്തിന്റെ ഇലയനക്കി
....

ബുഷും സദ്ദാമും തമ്മിലെ താടിയിലെ
വ്യത്യാസം മാത്രം തിരിച്ചറിഞ്ഞ് ....
മൌനം വെടിഞ്ഞാൽ അമേരിക്കനെന്ന്
കൊന്ന് കളയുമോയെന്ന് ഭയപ്പെട്
തുടയ്ക്കടിയേറ്റ് ചത്താലും വീരസ്വർഗ്ഗം
വരിക്കുന്ന ദുര്യോധനനെ പോലെ ...
ചുവന്ന പട്ടണിഞ്ഞാൺ സദ്ദാമിന്റെ നിൽ‌പ്പെന്ന് ...
ഇലയനക്കി ആകാശത്തേക്ക് മാത്രം പറയുന്ന പ്രവാചകൻ ...

ലാദനും ഇസ്രയേലും നാളെ ഇന്ത്യയും
ഒരു പോറ്റമ്മയുടെ മക്കളെന്ന് ശിഖരങ്ങളാട്ടി.....
ആഴങ്ങളിലേക്കിറങ്ങാൻ വേരില്ലല്ലോയെന്ന്
പരിഭവിക്കുന്ന നാഗരികതയെ ചിരിച്ച് കൊണ്ടാശ്വസിപ്പിച്ച് ....
കലയും കൊലയും ഒരേ തീവണ്ടിയുടെ
രണ്ട് പാളങ്ങളായി മാറുന്നതിലേക്ക്
ഇല പൊഴിച്ച് വിതുമ്പി നിൽക്കുകയാൺ ഒരു മൌനം ....

ഇനി കുരിശേറ്റി ഗാഗുൽത്തയിലേക്ക് നടക്ക വയ്യ ...
പിതാവിനെ ലേബലൈസ് ചെയ്തവരെ മഴുവെടുക്കുവിൻ ...
മൌനത്തിന്റെ പ്രവാചകനെ കുരിശേറ്റുക ....

മരണമൊഴി


ഒറ്റവരിബെഞ്ചിലെ ചായയിൽ നിന്ന്
ദിവാൻ കോട്ടിലെ പാൽ, വെള്ളം, ചായല,
പഞ്ചസാര എന്ന വിശാലതയിലേക്കാൺ
എന്റെ ഗ്രാമം ചങ്ങലയ്ക്കിടപ്പെട്ടത് ....

വരാൽ പാറ്റിയ കായലിൽ നിന്ന്
ക്ലോറിൻ വെള്ളത്തിലെ
സ്വിമ്മിംഗ് പൂളിലേക്കുള്ള നീന്തലിലാൺ
പാടങ്ങൾ മുങ്ങി മരിച്ചടക്കം ചെയ്യപ്പെട്ടത് .....

പൊട്ടി വീണൊരു മേഘശകലത്തിൽ നിന്ന്
മനുഷ്യനിർമ്മിതമായ ഹിമക്കാടുകളിലേക്കാൺ
മഞ്ഞ് പെയ്തിറങ്ങി ഉരുകിയൊലിച്ചത് ....

ഒട്ടും വിശാലമല്ലാത്ത വസ്ത്രങ്ങളുടെ
വിശാലമായ മേനിക്കൊഴുപ്പുകളിലാൺ
നഗരം സംസ്ക്കാരത്തെ വെടിവച്ചിട്ടത് .......

മരണത്തിനപ്പുറം പ്രണയമേ !!!!!!!!!!!


നിഗൂഡമായ സൌഹൃദത്തിന്റേയും 
അഗാധമായ പ്രണയത്തിന്റെയും 
ഇരുധ്രുവങ്ങൾക്കിടയിലെവിടെയോ 

ആൺ നാം ...

പ്രണയത്തിന്റെ ഓസോണും
സൌഹൃദത്തിന്റെ എസ്ക്കിമോകളും ....

നിഷേധിക്കപ്പെട്ട അന്റാർട്ടിക്കയിൽ നിന്ന്
മരണത്തിനും മുകളിലേക്കെന്റെ
അക്ഷരങ്ങൾ പറക്കും ...
ആർക്കും കയ്യെത്തിപിടിക്കാനാവാത്ത
ഉയരത്തിലേക്ക് ....

എന്റെ പ്രണയത്തിന്റെ ഖനമില്ലായ്മയിൽ
നിന്റെ ഉത്തരധ്രുവത്തിലേക്കവ ആഴ്ന്നിറങ്ങും ....
ചെഷസ്ക്യൂവിനും മീതെ വളഞ്ഞിറങ്ങിയ
നാദിയ കോമനേച്ചിയെ പോലെ ....

ഒരിക്കൽ നിഷേധിച്ചതിന്റെ ഭാരത്തിൽ
നിന്റെ മഞ്ഞുരുകാതിരിക്കണം ...
നിന്നിലേക്കാകർഷിക്കപ്പെട്ട വിജാതീയ
ധ്രുവത്തിന്റെ ഓർമ്മയിൽ
ഇനിയും മഞ്ഞ് പെയ്ത് കൊണ്ടെയിരിക്കുക .....

Tuesday, August 28, 2012

ഹൃദയം

പ്രണയം ഹൃദയത്തിൽ നിന്ന്
തലച്ചോറിലേക്ക്സഞ്ചരിക്കുന്ന
വഴിയിലെവിടെയോ ആൺ
കാമം പതിയിരിക്കുന്നത്...... 
എന്റെ ഹൃദയത്തിന്റെ വേദന
മനസ്സിലാക്കണമെങ്കിൽ... 
നിന്റെ തലച്ചോറിൻ
മനസ്സിലാക്കാൻ തക്ക വേദന
എന്റെ ശരീരത്തിനില്ലാത്തത് കൊണ്ട് 
നീ നിന്റെ ഹൃദയം കൊണ്ടെന്നെ
അറിയണമായിരുന്നു......

Saturday, August 25, 2012

സദാചാരവാദികൾ (കപട) ക്ഷമിക്കുക


കിടപ്പ്മുറിയോടറ്റാച്ച്ടായ ബാത്ത്രൂമിൽ ... 
മൂത്രമൊഴിക്കാൻ കയറിയപ്പോൾ ... 
പ്രകൃതി തോല്ക്കും ഉച്ചത്തിലാവിളികൾ ... 
അച്ഛാ അച്ഛാ എന്ന് നാലു
ചുമരും പൊളിച്ചടുക്കുന്ന ഉച്ചത്തിൽ ....
നിരന്തര സ്വയം ഭോഗത്തിന്റെ ശുക്ലത്തരികൾ ....

മൂലയിലെ മാറാലയിൽ തൂങ്ങിക്കിടന്നാടുന്ന
റിങ്ങിലെത്താതെ പോയ
വിശ്വപ്രസിദ്ധ സർക്കസ്സുകാരനൊരുത്തൻ ....

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ
മുങ്ങിത്താഴ്ന്നൊരു മുങ്ങൽ വിദഗ്ധൻ .....
ഈ വിധിക്കെന്ത് പാപം ചെയ്തച്ചാ ഞങ്ങളെന്ന് ...
കരഞ്ഞാർക്കുന്നു ....

മൈ ഡിയർ പപ്പേയെന്ന് സായിപ്പിനെ
തോൽ‌പ്പിക്കുന്ന കിടിലൻ പുത്രൻ ...

പാതി ജന്മത്തിലവസാനിപ്പിച്ചീവിധിനൽകി
കൊല്ലാൻ മാത്രം പിതാവേ കഴിഞ്ഞ ജന്മത്തിലെ
ശത്രുക്കളോ ഞങ്ങളെന്ന് ഒരു പാതിരി പുത്രന്റെ കുർബാന ...

ഉത്തരം പോയിട്ട് ശ്വാസം പോലു
മെടൂക്കാനാകാത്ത മനുഷ്യൻ ന്യായീകരിക്കുന്നു ...

മക്കളെ പ്രണയം വഴിയിലെ
അഴുക്കുചാലിൽ കീറി മുറിച്ച്
നിങ്ങളുടെ സഹോദരിയെ !!!
പാതി വെന്ത ഭ്രൂണത്തെ !!!
അഴുക്കുചാലിൽ കളഞ്ഞ് കടന്ന് പോയ നിങ്ങളൂടെ
അമ്മയായേകണ്ടവളാൺ
ഈ വിധികൾക്കുത്തരവാദി ...
പാവമീ പിതാവിനെ ശപിക്കാതിരിക്കുക .....

Wednesday, August 22, 2012

പ്രിയേ

നീ എന്നെ ഭയപ്പെടുകയാണോ ..... 
കരയെ സ്നേഹിച്ച് സ്നേഹിച്ചൊടുക്കം ഒരു സുനാമിയിലെല്ലാ 
പ്രണയവുമായി ഞാനൊരു സാഗരം പോലെ നിന്നിലേക്കാർത്തലയ്ക്കുമെന്നോ ...
 നിനക്കറിയുമോ തോഴി നിന്നോടുള്ള പ്രണയം സ്വച്ഛമായൊഴുകുന്ന 
ഒരരുവി പോലെയെന്ന് ... 
ശുദ്ധമായ ജലമൊഴുക്കി നിന്നെ തണുപ്പിക്കുന്ന ഒരരുവിയേക്കാൾ.... 
ഒരിക്കലും ഉപ്പ് ചേർന്നൊരു സാഗരത്തിലേക്ക് വളരാൻ കഴിയാത്ത....
നിന്റെ കൈക്കുടന്നയോളം മാത്രം വലിപ്പമുള്ളൊരു കൊച്ചരുവിയാണെന്ന് ...

കാക്കകൾ

കൂരിരുട്ടിന്റെ കിടാത്തി ചീത്തകൾ 
കൊത്തി വലിച്ചാലും ഏറ്റവും 
വൃത്തിയും വെടിപ്പുമുള്ളവൾ.... 
കാക്കയെ തിരഞ്ഞ് നിരാശനായപ്പോളാൺ 
അറബി ബലദിയ വണ്ടിയിൽ 
ബംഗാളികളെ കുത്തി നിറച്ചത് ... 
മതത്തിന്റെ പുണ്യാത്മാക്കളെ!!!!!! എങ്കിലും 
നിനക്കീ കാക്കജന്മങ്ങൾക്ക് കുളിക്കാനൊരു 
സോപ്പ് വാങ്ങാനെങ്കിലും 
സക്കാത്ത് നൽകീക്കൂടായിരുന്നോ ?????? 
അവന്റെ കുളി നിനക്ക് മുന്നിൽ 
കൊക്ക് ചമയാനല്ലെന്നും നിന്റെ
മാലിന്യം ഒഴുക്കിക്കളയാനുമാണെന്ന് ...
ബോധമുണ്ടാക്കെടൊ .....

Monday, July 30, 2012

സ്വാതന്ത്ര്യം


ഈ പാളങ്ങളുടെയും അവയ്ക്ക് മുകളില്‍ പാഞ്ഞ് പോയ തീവണ്ടിയുടെയും ഇടയിലമര്‍ന്നാണ് ഞാന്‍ യാത്ര തുടങ്ങുന്നത് ... 

മിനുസവും വെള്ളിനിറമാര്‍ന്നതുമായ ഈ പാളങ്ങളും നീല നിറമുള്ള കരിങ്കല്ലുകളും കറുത്തചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചത്  ഞാനാണ് ...

നിന്നിലേക്കൊഴുകാന്‍ കൊതിച്ച എന്റെ രക്തത്തുള്ളികള്‍ ഒന്നൊന്നായി ചേര്‍ന്നാണീ പ്രണയത്തിന്റെ രൂപങ്ങള്‍ വരച്ച് വച്ചിരിക്കുന്നത് ...

നിന്റെ ജീവിതത്തിലേക്ക് മരണത്തിന്റെ  കാന്‍വാസിലെന്റെ മാസ്റ്റര്‍ പീസ് .....

പ്രണയം പുകഞ്ഞില്ലാതായ എന്റെ തലച്ചോറ് കാണുക ... 

പാളങ്ങളുമായി അവയിപ്പോളും  പ്രണയത്തിലാണ് ....
 ചതഞ്ഞരഞ്ഞ് പാളങ്ങളില്‍ ഒട്ടിപ്പിടിച്ച അവയില്‍ നിന്നും ചീര്‍ത്ത കുമിളകള്‍ മുളച്ച് നില്‍ക്കുന്നു....

നിന്നെ  തലോടാന്‍ കൊതിച്ച കൈവിരലുകള്‍ കറുമുറെ ശബ്ദം പുറപ്പെടുവിച്ചൊരു വേട്ടനായക്കന്നമാകുന്നുണ്ട് .....

നിനക്കായ് മിടിച്ച എന്റെ ഹൃദയമാണേറ്റവും ഭാഗ്യവാന്‍ ...... സ്വാദിഷ്ടമായൊരു ഭോജ്യമായതിന് ശേഷവും തിളങ്ങുന്ന കണ്ണുള്ള പൂച്ചയുടെ നീളന്‍ മീശയില്‍ അവനിപ്പോഴും മിടിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു ... .

എന്റെ ചില്ലിട്ട ചിത്രങ്ങള്‍ക്ക് ചുറ്റും അണിയാന്‍ മറ്റൊരു ഹാരം തിരയുക വേണ്ട ... അതിന് കൊതിച്ചെന്റെ കുടലുകള്‍ സ്വയം മുല്ലപ്പൂവിന്റെ വേഷമണിഞ്ഞിരിക്കുന്നു ....

ഏറ്റവും സന്തോഷത്തില്‍ ഞാനീ വായുവിലലിഞ്ഞ് ചേരുന്നു പ്രണയത്തിലേക്ക് മരണത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിലേക്ക് ...

ഒരു ചുമര് തേടി

പ്രണയമെഴുതാന്‍ തുടങ്ങിയ
സ്ലേറ്റ് പൊട്ടിപ്പോയതാണ്
ചുമര്‍ തേടിയലയാന്‍ കാരണം

പൊട്ടിയ കഷ്ണങ്ങള്‍ കുത്തിയിറങ്ങിയത്
ഹൃദയത്തിലേക്കായതിനാലാണ്
തകരാത്ത സിമന്റ് ചുമര്‍ തന്നെ
അന്വേഷിക്കുന്നത് ....

എന്റെ പ്രണയവെള്ളപ്പാച്ചില്‍
ഓട്ടയിടാത്ത ഒരു ഡാം തന്നെ
വേണം താനും ....

ഹൈക്ക്

ആത്മഹത്യയല്ല
കൊലപാതകം തന്നെ
പാതിരയ്ക്ക് തെറ്റി
അടിച്ച അലാറം
നമ്പര്‍ ബിസിയായ
കാമുകിയുടെ ഫോണിലേക്ക്
തൂക്കിക്കൊന്നതാണ് ...
റമദാന്‍ 

ഇന്ന് നൊമ്പുതുറക്കാന്‍
അടുപ്പില്‍ പിറന്ന
പൂച്ചക്കുഞ്ഞിന്റെ പാട്ട് ....

കൂകൂ കൂകൂ തീവണ്ടി
 
കറുത്ത ചൂളം വിളിച്ച്
വരുന്ന തീവണ്ടി
പോലെ പ്രണയം
എന്നെയും കടന്ന്
രക്തനിറമുള്ള ചൂളം
വിളിച്ചകലേക്ക്

സോമാലിയ

പട്ടിണിയുടെ പറഞ്ഞ് പഴകിയ ക്ലീഷേ

ഇനി എത്തിയൊപ്പിയയെ പിടിക്കാം

Saturday, July 28, 2012

റമദാന്‍ കരീം

അധികമായാല്‍ അമൃതും വിഷം

മുപ്പത് നോമ്പിന് സ്വര്‍ഗ്ഗം
മുന്നൂറ്ററുപത്തഞ്ചിന് നരകം

പഴഞ്ചൊല്ലില്‍ പതിരില്ല
(പട്ടിണി തിന്ന് നോമ്പ് മുറിക്കുന്ന സഹോദരങ്ങളോട്)

ഒരു സോമാലിയന്‍ ഇഫ്താര്‍

മുന്നൂറ്റി മുപ്പത്തഞ്ച് ദിവസത്തെ
നോമ്പില്‍ നിന്ന് പുണ്യ റമദാനില്‍
പള്ളിയൌദാര്യത്തിലെ നോമ്പ് തുറ

Wednesday, July 25, 2012

ചൂരക്കാട്ടുകര ചരിതം 5

പ്രിയപ്പെട്ട നാട്ടുകാരെ നാട്ടിലുള്ള വീട്ടുകാരെ വീട്ടിലുള്ള കോഴികളെ കോഴിയിട്ട മുട്ടകളെ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളേ ...  ചൂരക്കാട്ടുകര ചരിതം അഞ്ചാമങ്കത്തിലേക്ക് കടക്കുകയാണ് എന്ന വിവരം സന്തോഷപൂര്‍വ്വാധികം ശക്തിയോടെ അറിയിച്ചടിച്ചേല്‍പ്പിക്കുകയാണ് ....

എന്താണ് ചൂരക്കാട്ടുകര എന്നല്ല എന്തല്ല ചൂരക്കാട്ടുകര എന്നാണ് നിങ്ങള്‍ ചോദിക്കേണ്ടത് ... എന്തൊക്കെയോ ആണ് ചൂരക്കാട്ടുകര എന്നല്ല എന്തൊക്കെയല്ല ചൂരക്കാട്ടുകര എന്നാണ് മനസ്സിലക്കേണ്ടത് ...

ചൂരക്കാട്ടുകര മഹാരാജ്യത്തിന്റെ സാംസ്ക്കാരിക രൂപീകരണത്തില്‍ ഏറ്റവും അധികം പങ്ക് വഹിച്ചിട്ടുള്ള ഗ്രാമീണ വായനശാലക്കടുത്താണ് രാമുട്ടി എന്ന നമ്മുടെ ഇന്നത്തെ കഥാപാത്രം കുടിയിരുത്തപ്പെട്ടിരിക്കുന്നത് ... രാമുട്ടി എന്താ തൈവമാണോ കുടിയിരുത്തപ്പെടാന്‍ എന്ന് ചോദിക്കരുത് ... സോമരസപാനത്തിന് ശേഷം രാമുട്ടിയില്‍ ഗന്ധര്‍വന്‍ കുടികയറുന്നത് പതിവ് കാഴ്ച്ച തന്നെയാണ് ... പിന്നെ നാട്ടുകാര്‍ തല്ലി കുടിയിരുപ്പ് നടത്തുകയും ...  തങ്കയും രാമുട്ടിയും വകേല്‍ ഒരു കുടയും കുഞ്ഞുപ്പെങ്ങളുമാണെന്നതാണ് സത്യം ....  മനസ്സിലായില്ലേ അര ബ്രദറും അരസിസ്റ്ററുമാണ് എന്ന് ....

1928 ല്‍ രൂപീകൃതമായ ചൂരക്കാട്ടുകര ഗ്രാമീണ വായനശാലക്കടുത്താണ് ജീവിക്കുന്നതെന്ന് കരുതി രാമുട്ടിയില്‍ നിന്ന് നിങ്ങള്‍ വേറെ ഒന്നും പ്രതീക്ഷിക്കരുത് ... പുസ്തകങ്ങള്‍ സ്വയം നടന്ന് ചെന്ന് രാമുട്ടിയുടെ മുന്നില്‍ എന്നെ വായിക്കണമെന്ന് പറഞ്ഞിരുന്ന കാലം രാമുട്ടി ജനിക്കുന്നതിനും മുന്‍പേ കൊഴിഞ്ഞ് പോയിരുന്നു ... കോലന്‍ മുടിയും വട്ട മുഖവും മൂന്നര അടി ഉയരവും തൃകോണെ തൃകോണെ നടത്തവും ലതാണ് രാമുട്ടി ... രാമുട്ടി വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രത്യേക ജനുസ്സില്‍ പെട്ട ഒട്ടും വന്യതയില്ലാത്ത വന്യ ജീവിയാണ് എന്ന പച്ചപരമാര്‍ത്ഥം (റബ്ബിന്റെ ഹോള്‍മാര്‍ക്ക് മുദ്രയുള്ള പച്ച തന്നെ ) നിങ്ങളെ അറിയിക്കുകയാണ് ... എന്താണ് രാമുട്ടിയുടെ ജനുസ്സിന്റെ പ്രത്യേകത എന്നല്ലെ കേട്ട് സായൂജ്യമടഞ്ഞ് കൊള്ളുക ...

രാമുട്ടി സാറ് ജന്മനാ കാണ്‍ഗ്രസ്സാരുന്നു .. എങ്ങിനെ ആണ് രാമുട്ടിസാര്‍ കാണ്‍ഗ്രസ്സായത് എന്നതിന്റെ പേരില്‍ പല കഥകളും ചൂരക്കാട്ടുകര പാണന്മാര്‍ പാടി നടക്കുന്നുണ്ട് ... അത് വഴിയേ പറയാം എന്നൊരു ജാമ്യം എടുക്കുകയാണ് എഴുത്തുകാരന്‍ .... ജന്മനാ കാണ്‍ഗ്രസ്സായ രാമുട്ടിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിന്റെ കാണ്‍ഗ്രസ്സിന്റെ ഒരേ ഒരു മുഖം ... സമ്മേളനങ്ങളും ജാഥകളും എന്ന് വേണ്ട പാര്‍ട്ടി കണ്വെന്‍ഷനുകള്‍ പോലും ഒറ്റയ്ക്കാണ് രാമുട്ടി നടത്താറുള്ളത് ... രാമുട്ടി ഒഴിച്ച് മറ്റാരെയും ഭരണകാണ്‍ഗ്രസ്സിനാഗ്രാമത്തിലുണ്ടായിരുന്നില്ല എന്ന് പറയുമ്പോളാണ് രാമുട്ടി “സാര്‍“ ആവുന്നത് ... രാമുട്ടിയുടെ ഈ പ്രവര്‍ത്തനത്തില്‍ ഇംഗിത പുളകിത ഗാത്രനായ സാക്ഷാല്‍ ലീഡര്‍ കനിഞ്ഞനുഗ്രഹിച്ച് മുതുകില്‍ ചവിട്ടി നല്‍കിയതാണ് സര്‍ പദവി ... ഏകാംഗ നാടകം എന്ന് കേട്ടിട്ടുള്ള നിങ്ങള്‍ ഏകാംഗ കോണ്‍ഗ്രസ്സെന്ന് കേട്ടിട്ടുണ്ടൊ ... അതേ രാമുട്ടി ഈസ് ദ വണ്‍ മെന്‍ ആര്‍മ്മി ഓഫ് ദി കോണ്‍ഗ്രസ്സ് ... രാമുട്ടി ജനിച്ചത് വല്ല വടക്കേ ഇന്ത്യയിലുമായിരുന്നിരുന്നു എങ്കില്‍ ഞാന്‍ ഞെട്ടിവിറയ്ക്കുകയാണ് ഇന്ത്യന്‍ പ്രധാന്‍ മന്ത്രി പദത്തില്‍ വിരാജിച്ച് അടരാടുന്ന ആ രാമുട്ടി മുഖം ഹോ ചിന്തിക്ക്യ വയ്യ തന്നെ ... എന്തായാലും രാമുട്ടിതാതന് സ്തുതി ...

പത്ത് വിരലുകളിലെണ്ണിത്തീര്‍ക്കാന്‍ മാത്രം ബാഹുല്യമുണ്ടായിരുന്ന ഭരണകാണ്‍ഗ്രസ്സ് രാമുട്ടി ഹൈജാക്ക് ചെയ്ത് ഒറ്റയാള്‍ പട്ടാളമക്കി  എന്ന് പറഞ്ഞ് നടക്കുന്നവരോട് ചൂരക്കാട്ടുകരക്കാര്‍ ഒരിക്കലും പൊറുക്കില്ല ... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന അവസാന നിമിഷം വരെ രാമുട്ടി കോണ്‍ഗ്രസ്സ്കാരനാണ് എന്ന് ഉറക്കെ ഉറക്കെ ഭരണി പാട്ട് പാടുക തന്നെ ചെയ്യും ... ഈ ഭരണി പാട്ടിന് മറുപടി ആയി വിപ്ലവപാര്‍ട്ടിക്കാര്‍ ആക്രമണത്തിനൊരുങ്ങുന്ന സമയത്ത് അവരാരേക്കാളും ഉച്ചത്തില്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് പാര്‍ട്ടി മാറി കളയുന്ന രാമുട്ടിയുടെ ഓന്തന്‍ നയതന്ത്രം പില്‍ക്കാലത്ത് പല ലൊട്ടുലൊടുക്ക് രാഷ്ട്രീയപാര്‍ട്ടികളും അഖിലേന്ത്യാ തലത്തില്‍ തന്നെ ഉപയോഗിച്ച് വിജയിച്ചിട്ടുള്ളതാണ് ...

കാണ്‍ഗ്രസ്സിനും പുറമേ രാമുട്ടി സാര്‍ പ്രതിഭ തെളിയിച്ചിട്ടുള്ള മറ്റൊരിനം സോക്കറും മീന്‍ പിടുത്തവുമാണ്  ... പെലെ സാറും മാറഡോണ സാറും മെസ്സിപ്പയ്യനുമൊക്കെ പാലും കുപ്പി കാണുന്നതിനും മുന്‍പേ കാല്‍പ്പന്തിന്റെ മര്‍മ്മമറിഞ്ഞവനാണ് രാമുട്ടി സര്‍ എന്ന് പറഞ്ഞാല്‍ എങ്കില്‍ വിദ്വാന്‍ ജനിച്ച കൊല്ലമേതെന്ന് നിങ്ങള്‍ സംശയിക്കാനിട വരും അത് കൊണ്ട് മുകള്‍ സ്റ്റേറ്റ്മെന്റ് നിരുപാധികം പിന്‍വലിക്കുന്നു ... എന്നാലും രാമുട്ടി പുലി തന്നെ ....  ഇനി മീന്‍പിടുത്തം അത് ഒരു കഥ തന്നെയാണ്.... രാമുട്ടിക്ക് എന്നും വൈകീട്ട് ഒരു തേര്‍വാഴ്ച്ചയുണ്ട് ചൂരക്കാട്ടുകര പാടം കടന്ന് കുറ്റൂര്‍ അങ്ങാടി വരെ എത്തുന്ന യാത്രയ്ക്ക് നല്ല വാറ്റടിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ ... വാറ്റടിച്ച് തിരിച്ച് പാടത്തെന്നുന്നതും രാമുട്ടി പടമാവുക പതിവാണ് .... ഇന്നും മാറ്റമില്ലാത്തത് രാമുട്ടിയുടെ കപ്പാസിറ്റിക്ക് മാത്രമാണ് ... രാമുട്ടി ഇഹലോക വാസം നേടിയതിന് ശേഷം മാത്രമേ മാറ്റം മാറ്റമില്ലാതെ തുടരുകയുള്ളൂ .. അങ്ങനെ പാടത്ത് കിടന്നുറങ്ങുന്ന രാമുട്ടി സര്‍ രാവിലെ എണീക്കുമ്പോള്‍  രാമുട്ടിയുടെ വല പോലുള്ള അടിവസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഒരു ചാകരയോളം പോന്ന മീനുകളായിരിക്കും ... ഈ മീന്‍ വിറ്റ് വാറ്റടിച്ചാണ് രാമുട്ടി ഉപജീവനം നടത്തിയിരുന്നതെന്ന് കേള്‍ക്കുമ്പോള്‍ പ്രിയപ്പെട്ടവരെ ഈ പരമപാവത്തിന്റെ കഥന കഥ കേട്ട് നിങ്ങള്‍ കണ്ണുനീര്‍ വാര്‍ക്കരുതേ .... രാമുട്ടിയുടെ സോക്കര്‍ വിശേഷങ്ങള്‍ വരും കാലത്തില്‍ പ്രതീക്ഷിപ്പിന്‍ ...


തുടരും (നിങ്ങളുടെ അഭിപ്രായം സംഭാവനയായി തരിക .. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും)



Tuesday, July 24, 2012

ചൂരക്കാട്ടുകര ചരിതം 4


അങ്ങനെ ഇരിക്കുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത് കൊണ്ടിരിക്കുന്ന കാലത്താണ് ചൂരക്കാട്ടുകര ചരിതം ഒരു ചരിത്രമാകണമെന്നുദ്ദേശിച്ച് എഴുത്തുകാരന്‍ തകര്‍ത്താടിക്കൊണ്ട് നളചരിതം നാലാം അങ്കത്തിലേക്ക് കടക്കുന്നത് ... പഴയചരിതക്കാരന്‍ നാലാമങ്കത്തില്‍ വടിയായി സ്വര്‍ഗ്ഗലോകത്ത് വിജയശ്രീലളിതമാരെ വ്യഭിചരിക്കാന്‍ പോയ ഒരു കഥ കേട്ടിട്ടുള്ളതിനാല്‍ ഒരുള്‍ഭയം മൂലം ഈ ഭാഗത്തിന് അഞ്ചെന്ന് പേരിട്ടാലോ എന്നും ഒരു ചിന്തയില്ലായ്കയില്ല ... മരണം അതിനെ പിടിച്ച് നിര്‍ത്താന്‍ കഴിവില്ലാത്തതിനാല്‍ എല്ലാ മലയാളികളും പറഞ്ഞ് നടക്കുന്ന “ചാവണങ്കിലങ്ങ്ട് ചാവട്ട്രാന്ന്” കാഥികനും പറയുകയാണ് .... സോ ബൈ ദ ബൈ ഇത് നാലാം അങ്കം തന്നെ ... ന്നാ തൊടങ്ങല്ലേ അങ്കോം പറിക്കാം താളീം കാണാം ന്താ മുഷിയോ ....

വരിവരിയായി ഒഴുകി പോകുന്ന വെള്ള ഉടുപ്പിട്ട മാലാഖമാരാണ് ചൂരക്കാട്ടുകരയുടെ ദിനേനയുള്ള വിഷുക്കണി ... എന്താ സംഭവംന്നല്ലേ ... ഒരൂക്കിനങ്ങ് പറഞ്ഞതാണ് ... സത്യത്തില്‍ കാര്യമെന്താന്ന് വച്ചാല്‍ ... രാവിലെ ഏതാണ്ടൊരു ആറര ആറെമുക്കാല്‍ ഏഴാവുമ്പോഴേക്കും തരുണീ മണികള്‍ ചൂരക്കാട്ടുകരയുടെ തലസ്ഥാനമായ അമലനഗര്‍ ബസ്റ്റോപ്പില്‍ നിന്ന് അമല ആശുപത്രിയിലേക്ക് ഗൂസ് വാക്ക് നടത്തുകയായി .. ചുരിദാറും സാരിയും തമ്മിലുള്ളൊരു മത്സരമാണ് പിന്നെ ... ചുരിദാറ് കൊള്ളാമെന്ന് പറയുമ്പോളെക്കും സാരി കിടിലന്‍ എന്നാവും രണ്ടുമില്ലെങ്കില്‍ പൊടിപാറുമെന്ന് വേറൊരു സുന്ദരന്‍  ... ഗ്രാമത്തിലെ പൂവാലന്മാരെ മൊത്തം കണ്‍ഫ്യൂഷനും പിന്നീട് പ്രാന്തും പിടിപ്പിക്കുന്ന രീതിയില്‍ ഒരു പത്ത് മുന്നൂറ് നര്‍സുമാര്‍ ആശുപത്രിയിലേക്ക് ആതുരസേവനത്തിന് പോകുന്ന കാഴ്ച്ചയാണ് ഈ പറഞ്ഞത്  .... അച്ഛന്‍ പെറ്റെന്നും അമ്മ വാളു വെച്ചെന്നും പറഞ്ഞാല്‍ പോലും കിടക്കപ്പായില്‍ നിന്നെണീക്കാത്ത മടിയന്‍ മല്ലൂസിന് ചൂരക്കാട്ടുകരയുടെ സുന്ദരക്കുട്ടപ്പന്മാരായ യുവാക്കള്‍ ഒരു മാതൃകയാണ് ... അയല്‍ഗ്രാമങ്ങളിലെ പെണ്മക്കളുള്ള മാതാപിതാക്കളൊന്നും പക്ഷേ ചൂരക്കാട്ടുകര പിള്ളെരെ കണ്ട് പഠിക്കടാ എന്ന്‍ ഒരുത്തനേയും ഉപദേശിക്കാറില്ല .. അതെന്താണങ്ങനെ .. ചിന്തിച്ചാലൊരന്തോല്ല്യ ചിന്തിച്ചില്ലേലൊരു കുന്തോല്ല്യ ...

മുകളില്‍ പറഞ്ഞതില്‍ നിന്ന് സാ‍മാന്യബോധമുള്ള വായനക്കാരനും കാരിക്കും മനസ്സിലായിക്കാണുമല്ലോ ഗ്രാമത്തിന്റെ വര്‍ണ്ണമനോഹാരിത ... ഈ ചരിതം ഒരു ചരിതം മാത്രമല്ല ഇതൊരു ചരിത്രം കൂടിയാണ് ... ഇറ്റ് ഈസ് നോട്ട് ജസ്റ്റ് ഏ ടെയില്‍ ബട്ട് ഏ ഹിസ്റ്ററി .... ഒന്ന് കൂടി വ്യക്തമാക്കിയാല്‍ ഇത് ഒരു വാല് മാത്രമല്ല ആല് കൂടിയാണ് എന്ന് .....മയ്യഴിപുഴേം അതിരാണിപ്പാടവും തസ്രക്കും ഒക്കെ പ്രാന്ത് പിടിപ്പിടിപ്പിച്ച ഒരു സമൂഹത്തിനെ നേര്‍വഴിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരു ശ്രമം .. ലിവനാരെടെയ് മുകുന്ദനേയും പൊറ്റെക്കാടിനെയും സാക്ഷാല്‍ വിജയനേയുമൊക്കെ ഇങ്ങനെ പറയാനെന്ന് നിരീക്കണ്ട .. ഞാനുമൊരു കാക്കയാണ് ആംഗലെയത്തിലെ ക്രോ ... അത് കൊണ്ട് തന്നെ എനിക്കെന്റെ കുഞ്ഞ് പൊന്‍ കുഞ്ഞ് ആവുന്നതില്‍ നിങ്ങള്‍ക്കുള്ള പരാതി പറയേണ്ടത് ഈ പഴം ചൊല്ല് പറഞ്ഞവനോടാണ് താനും  ....

അമല കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്ന സ്റ്റാര്‍ ഹോസ്പിറ്റല്‍ വിലങ്ങന്‍ കുന്നിനേക്കാള്‍ ഉയരത്തിലങ്ങനെ തലപൊക്കി നില്‍ക്കുന്ന കാലത്തും ഉച്ചയ്ക്കും ഇടയിലാണ് അത് സംഭവിച്ചത് ...

ലോകമാകമാനം ബൈക്ക് മോഷ്ടാക്കള്‍ സ്വര്‍ണ്ണമാലയും ഇടയ്ക്ക് ചിലപ്പോള്‍ റോള്‍ഡ് ഗോള്‍ഡ് മാലയും മോഷ്ടിച്ച് വശം കെട്ട് നടന്നിരുന്ന കാലത്ത് പോലും ചൂരക്കാട്ടുകരയിലെ ഒരു തരുണീ മണിക്ക് പോലും അത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നില്ല ... ചൂരക്കാട്ടുകരയുടെ മിസ് വേള്‍ഡ് സാക്ഷാല്‍ തങ്കയുടെ പൊന്നോമന പുത്രി ജൂനിയര്‍ തങ്ക മിനിമം പത്ത് പവന്റെ സ്വര്‍ണ്ണം ദേഹത്തണിഞ്ഞേ പുറത്തിറങ്ങാറുള്ളൂ ... എന്നിട്ടും ഒരു ബൈക്കും ജൂനിയര്‍ തങ്കമ്മയുടെ ഏഴയലത്ത് കൂടെ പോലും പോകാന്‍ ഭയപ്പെട്ടു ... ഈ ഭയത്തിന് കാരണം മുന്‍പ് പറഞ്ഞ തങ്കയുടെ പാശുപതാസ്ത്രം അല്ല എന്നും ഗ്രാമത്തിന്റെ അഭിമാന ഭാജനങ്ങളായ ഫ്ലവര്‍ ടെയിലന്മാരുമാണ് എന്ന് വരുമ്പോളാണ് സിറ്റിംഗ് സൈഡ് എന്തെന്ന് അറിയേണ്ടത് ...

മിസ്സ് വേള്‍ഡ് ജൂനിയര്‍ തങ്ക ഒരു എക്സ്ട്രാ ഹോര്‍സ് പവറുള്ള തരുണിയായിരുന്നു ..  ചൂരക്കാട്ടുകരയുടെ സകല കാമുകമനസ്സുകളിലും അശ്വമേധം നടത്തി വിജയിച്ച ഒരു യാഗാശ്വം തന്നെ ... മിസ്സ് വേള്‍ഡിന്റെ ഈ കുതിരച്ചാട്ടത്തില്‍ മനം മയങ്ങിയ കുമാരന്മാര്‍ 24 മണിക്കൂറും മിസ്സ് വേള്‍ഡിന്റെ പ്രൊട്ടക്ഷന് തയ്യാറായി നില്‍പ്പുണ്ടായിരുന്നു ... തരുണി വീട്ടില്‍ നിന്നിറങ്ങി ലക്ഷ്യ സ്ഥാനത്തെത്തി ചേരുന്നത് വരെയുള്ള പ്രൊട്ടെക്ഷന്‍ ചുമതല തങ്ങളുടെ ജീവിതലക്ഷ്യമാണെന്ന് കരുതി അവള്‍ക്കകമ്പടി സേവിക്കാന്‍ ചൂരക്കാട്ടുകരയുടെ പൊന്നോമന പുത്രന്മാര്‍ തമ്മില്‍ വലിയ കിടമത്സരവും തന്മൂലം വര്‍ഗ്ഗീയ ലഹളയും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു ... ഒരു ഡസനോളം വരുന്ന ഈ ബോഡീഗാര്‍ഡുകളെ പേടിച്ച് തന്നെയാണ് വെറും രണ്ട് പേര്‍ക്കിരിക്കാവുന്ന ബൈക്കില്‍ വന്ന് മോഷ്ടിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്നത് ...

ഒരിക്കല്‍ ജൂനിയര്‍ തങ്കമ്മ കോളെജിലെക്ക് പോകുന്ന വഴിക്ക് സീനിയര്‍ തങ്കയും കൂടെ ഇറങ്ങി ... അഞ്ചങ്ങാടി കഴിഞ്ഞ് ഒരു മൂലയും രണ്ട് തിരിവും നാല് വളവും കഴിഞ്ഞിട്ടും പിന്നിലുള്ള അകമ്പടിക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ലെന്നും അതങ്ങനെ കൂടി കൂടി വരികയാണെന്നും മനസ്സിലാക്കിയ സീനിയര്‍ തങ്കാസ് അമല സെന്ററില്‍ വച്ച് നടത്തം നിര്‍ത്തി തിരിഞ്ഞു നിന്നെന്നും ... ബോഡീഗാര്‍ഡുമാര്‍ക്കെതിരെ ശക്തമായ അമ്പെയ്ത്ത് നടത്തിയെന്നും ആ അമ്പെയ്ത്തില്‍ തളര്‍ന്ന് വീണ ചില ടെയിലന്മാര്‍ അവിടെ തന്നെ ഓരോ അക്കെഷ്യമരമായി മുളച്ചു വന്നു എന്നും ചരിതത്തിലെ ചരിത്രം പറയുന്നു ... പക്ഷേ പ്രശ്നം അതു കൊണ്ടും തീര്‍ന്നില്ല ആ സമയം അത് വഴി പോയ ചില കോമരങ്ങള്‍ തങ്കയുടെ പയറ്റ് കണ്ട് അന്ന്‍ കൊടുങ്ങല്ലൂര്‍ ഭരണിയാണെന്ന് തെറ്റിദ്ധരിച്ച് ഉടുത്ത മുണ്ടോടെ ഉറഞ്ഞ് തുള്ളാന്‍  കൊടുങ്ങല്ലൂര്‍ക്കോടിയെന്നും അവിടെ ചെന്നപ്പോളാണ് തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയതും തങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് തങ്കയ്ക്കെതിരെ കേസ് കൊടുത്തതുമത്രേ ...

വാറണ്ടല്ല ഏത് ഗവണ്മെന്റ് വന്നാലും കീഴടങ്ങാത്ത തങ്കയുണ്ടൊ കുലുങ്ങുന്നു ...



തുടരും  (എനിക്ക് വയ്ക്കാനുദ്ദേശിച്ച കൊട്ടേഷന്റെ കാശ് എന്റെ എക്കൌണ്ടിലിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളും സത്യം )





Monday, July 23, 2012

ചൂരക്കാട്ടുകര ചരിതം 3

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ മേഘങ്ങള്‍ ഡെയ്ലി വന്ന് സിഗ്നേച്ചര്‍ ഇട്ട് (സിഗ്നേച്ചര്‍ വിസ്കി അല്ല ഇത് ഇമ്മടെ ഒറിജിനല്‍ ഒപ്പ്) പോയിക്കൊണ്ടിരുന്ന കാലത്ത് ഫ്രാന്‍സില്‍ വിപ്ലവം  പൊട്ടിപ്പുറപ്പെട്ടു ... എന്ത് വിപ്ലവം അതെന്ത് കുന്തമെങ്കിലും ആയിക്കോട്ടെ നമുക്ക് ചൂരക്കാട്ടുകരയിലേക്ക് നടക്കാം .... അല്ലെങ്കിലും ഒന്ന് പറയുമ്പോള്‍ വേറൊന്ന് കേള്‍ക്കാനാണല്ലോ മല്ലൂസ്സിന് തിടുക്കം ...

ചൂരക്കാട്ടുകരയുടെ തങ്കമാഡവും ഗോവിന്ദന്‍ സഖാവും ശ്രീധരേട്ടന്‍ സഖാവുമൊക്കെ ഓരോ ചിന്ന ഇണ്ട്രൊഡക്ഷനിലൂടെ സ്ക്രീനില്‍ വന്ന് പോയ സ്ഥിതിക്ക് കഥാനായകനിലേക്ക് നേരിട്ട് ക്രാഷ് ലാന്‍ഡ് ചെയ്താല്‍ എന്തെന്ന് ഒരു ചിന്ത എഴുത്തുകാരന് വന്നാല്‍ കുറ്റം പറയാനാകുമോ ... ആകില്ല കാരണം എഴുതുന്നത് അവനല്ലേ അല്ല അല്ലേ ... പക്ഷേ എഴുത്തുകാരന്‍ മാന്യനും സര്‍വ്വോപരി മാന്യനും ..സര്‍വ്വോപരി എന്ന പ്രയോഗം എന്തിനെന്നാല്‍ വെറും മാന്യനല്ല സര്‍വ്വരേക്കാളും ഉപരിയായ മാന്യന്‍ തന്നെയെന്ന് ഒരു ആത്മഹത്യാതുല്യമായ ആത്മപ്രശംസ കിടക്കട്ടെ എന്ന് കരുതിയാണ് ... പുകഴ്ത്തല്‍ ഇഷ്ടപ്പെടുന്ന സകലമാന്യ എഴുത്തുകാര്‍ക്കും പുകഴ്ത്താന്‍ സ്വന്തമായി പന്തം കൊളുത്തി പട ഉള്ളത് പോലെ ഈ എഴുത്തുകാരന് പക്ഷേ പുകഴ്ത്തപ്പെടാനുള്ള ആഗ്രഹം ഉണ്ടെങ്കിലും കൊട്ടേഷന്‍ കാശ് കൊടുക്കാന്‍ തയ്യാറായിട്ടും അത്തരം ഒരു പട ഒത്ത് വന്നില്ല ... എന്നാല്‍ പിന്നെ കാശ് ചിലവില്ലാതെ സ്വയം ആ പണി അങ്ങ് ചെയ്താലെന്തെന്നായി ചിന്ത ... അന്തചിന്തകുന്തയുടെ ഭാഗമായി മേല്‍പ്പറഞ്ഞ വരികള്‍ മാന്യ വായനക്കാരങ്ങ് സഹിച്ച് കൊള്ളുക ... അപ്പോള്‍ ആയ കാരണം അങ്ങിനെ ചിന്തിക്കുന്നില്ല.... നായകനിലേക്കെത്തുന്നതിനും മുന്‍പ് ചൂരക്കാട്ടുകരയുടെ മറ്റ് ഭാഗങ്ങളെ കുറിച്ച് കൂടി പറയേണ്ടതായിരിക്കുന്നു .... മുക്കാല്‍ പണം കൊടുത്ത് വാങ്ങിയ ലൂയിസ് ഫിലിപ്പിന്റെ കളസം ഇടുന്നതിന് മുന്‍പേ കീറി പോയ പോലെ ആകരുത് ഈ ചരിതം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് കൂടി നടക്കേണ്ടതായിരിക്കുന്നു ...

ചൂരക്കാട്ടുകരയെ അഞ്ചായി ഭാഗിച്ചിരിക്കുന്നു എന്നാണല്ലോ ആദ്യം പറഞ്ഞത് ... അത് മാറ്റിപറയാന്‍ കഴിയാത്തതിനാലും തല മാറ്റിയാലും വാക്ക് മാറ്റാന്‍ ആകില്ലെന്നിരിക്കെ ... ചൂരക്കാട്ടുകര അഞ്ചായി തന്നെയിരിക്കട്ടെ ...

തൃശ്ശൂര്‍ പൂരത്തിന്റെ മെയിന്‍ ഇഫക്റ്റായ ചൂരക്കോട്ടുകാവ് പൂരം എഴുന്നള്ളിച്ചെത്തുന്നത് ചൂരക്കാട്ടുകാവിലമ്മയുടെ തിരുനടയ്ക്കലില്‍ നിന്നാണ് ... ഈ അമ്പലത്തിനെ ചുറ്റിപറ്റി നില്‍ക്കുന്ന അമ്പലവാസികളല്ലാത്ത അമ്പലവാസികള്‍ തിങ്ങി പാര്‍ക്കുന്ന ഒരു പില്‍ഗ്രിമേജാണ് ചൂരോട്ടാവെന്ന് പറയുന്ന സ്ഥലം ...പണ്ട് പണ്ട് ചൂരല്‍ക്കാടുകളാല്‍ ഫുള്‍കവര്‍ ചെയ്യപ്പെട്ട ഗ്രാമത്തിലെ ഒരു സോളിട്ടറി റീപ്പര്‍ അരിവാള് മൂര്‍ച്ച കൂട്ടിയ പാറയില്‍ ബ്ലീഡിംഗ് ഉണ്ടായെന്നും നിന്തിരുവട്യേ നിന്തിരുവട്യേന്നും വിളീച്ചോടി പോയി നിന്ന നില്‍പ്പില്‍ പത്തോന്ന് ബോധം കെട്ട് വീഴുകയും ചെയ്തത്രേ ... ലോകത്തിലെ സകലമാന ദേവീ ക്ഷേത്രങ്ങളുടെയും കഥ ഇങ്ങനെ ആണെന്നിരിക്കെ എന്തിനീ ബോറന്‍ കഥ പറഞ്ഞു എന്ന് ചോദിക്കരുത് ... ചൂരക്കാട്ടുകര ഭഗവതിയും മറ്റൊരു വിധത്തിലല്ല ജന്മം കൊണ്ടതെന്ന് ബോധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ തിരുഎഴുത്ത് എന്ന് മനസ്സിലാക്കുക ....ഷീ ഈസ് നത്തിങ് ഒഫീഷ്യല്‍ സ്പെഷ്യല്‍ എബൌട്ട് ദാറ്റ് ....

ചൂരോട്ടാവിന്റെ പൊന്നോമന പുത്രന് ആരെന്ന് ചോദിച്ചാലൊരുത്തരേ ഉള്ളൂ ... ദ വണ്‍ ആന്‍ഡ് ഓന്‍ലി വാസുട്ടന്‍ .... ആകാശത്തിനു കീഴെയും ഭൂമിക്ക് മുകളിലും നടക്കുന്ന സകലമാന കാര്യത്തെ പറ്റിയും വ്യക്തമായ ബോധമാണ് വാസുട്ടന് .. വാസുട്ടന്റെ ഈ ബോധോദയത്തിന്റെ ഭാഗമായി വാസുട്ടന്റെ ആരാധകര്‍ അങ്ങെര്‍ക്കിട്ട് കൊടുത്ത പേരാണ് ‘ചെണ്ട‘... വാസുട്ടന്‍ കൊട്ട് വാങ്ങാതെ തിരിച്ച് പോന്നിട്ടുള്ള കവലകള്‍ ഭൂലോകത്തില്ല തന്നെ ... ഈ കാര്യം കാണിച്ച് മൂപ്പര്‍ ഗിന്നസ്സിലേക്കൊരെഴുത്തെഴുതാന്‍ പരിപാടിയുണ്ടത്രേ ...

വാസുട്ടന്റെ ഈ പ്രത്യേകതയ്ക്ക് വോഡ്കയില്‍ നാരങ്ങയെന്ന പോലെ ചേരുമ്പടി ചേര്‍ക്കാനാണ് മൂപ്പരിങ്ങനെ മൂന്നരയടി ഉയരത്തില്‍ ഒതുങ്ങിയതെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ടത്രേ ... പാണന്മാര്‍ കാലങ്ങളായി പാടി നടക്കുക തന്നെയാണ്.... എന്നാണിവന്മാരൊന്ന് ഇരിക്കുകയോ ഓടുകയോ ചെയ്യുക എന്ന വിഷയം ചിന്തനീയം തന്നെ ... പാണന്മാരെ എവിടെയെങ്കിലുമൊന്ന് കുടിയിരുത്തേണ്ടതിന്റെ ആവശ്യവും പ്രമാണിച്ച് ശീതകാലസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കപ്പെടുക വേണം ... പാണന്മാര്‍ ശ്ശേ പറഞ്ഞ് പറഞ്ഞ് ഫോറസ്റ്റ് കയറി പാണന്മാര്‍ പോയി മമ്മൂട്ടി സിനിമകള്‍ കണ്ട് നശിച്ച് നാറാണക്കല്ലെടുക്കട്ടെ കം റ്റു ദ പോയന്റ് ..


തുടരും (വായനക്കാരെ ആക്കി നിര്‍ത്തി എന്ന് പരിഭവം പറയരുത് ... അനര്‍ഗളനിര്‍ഗളമായ ആ ഒരു ഒഴുക്ക് പെട്ടെന്ന് നിലച്ച് പോയതാണ് )



ചൂരക്കാട്ടുകര ചരിതം 2



പണ്ട് ആദാമിന്റെ വാരിയെല്ലെടുത്തു ദൈവം പൊക്കിള്‍ കൊടിയില്ലാത്ത ഏക സ്ത്രീയായ ഹവ്വയെ സ്രിഷ്ടിച്ചതു പോലെ.കെട്ടിയോനായ സൂര്യന്റെ വാരിയെല്ലെടുത്തു ഭൂമിക്കൊരു അച്ചു തണ്ട് ഉണ്ടാക്കി കൊടുക്കുകയുണ്ടായി.അങനെ കെട്ട്യോന്റെ വാരിയെല്ലിന്മേല്‍ നമ്മുടെ പ്രിയങ്കരിയായ ഭൂമിയമ്മ കറങ്ങി കൊണ്ടിരിക്കേയാണു നമ്മുടെ കഥയിലെ പ്രധാന സംഭവങ്ങള്‍ ഉണ്ടായതു ....



അഞ്ചങ്ങാടി എന്ന പ്രദേശം ചൂരക്കാട്ടുകരയുടെ ഒരു പ്രധാന ഭാഗമാണു എന്നതു വീണ്ടും പറയേണ്ടതില്ലല്ലൊ..തിയ്യം കഴിഞാല്‍ കേഡര്‍ പാര്‍ട്ടിക്കു ഏറ്റവും വേരോട്ടമുള്ള സ്ഥലമാണ് എന്ന് പ്രത്യേകിച്ച് ഒന്ന് പറഞ്ഞ് കളയാം എന്ന് എഴുത്തുകാരന്‍ കരുതുന്നത് കൊണ്ട് പ്രത്യേകിച്ച് തന്നെ പറഞ്ഞിരിക്കുന്നു ആരും മുഷിയരുത് അലക്കുകാരെ കിട്ടാനില്ലാത്ത സമയമാണ് ...ചൂരക്കാട്ടുകരയുടെ സ്വന്തം ഈ എം എസ് എന്നറിയപ്പെടുന്ന സഖാവു വാസുവേട്ടന്റെ സ്വന്തം പ്രവര്‍ത്തന മേഖല..... ലോകത്തിലെ ഒരു കമ്മ്യൂണീസ്റ്റുകാരനും ചീത്തയാകാന്‍ കഴിയില്ല എന്ന് അറബികഥയിലെ ശ്രീനിവാസന്‍ പറഞ്ഞത് വാസുവേട്ടന്റെ ഡയലോഗ് കോപ്പിയടിച്ച് കൊണ്ടാണ് , വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത പരമസാധുവായ യഥാര്‍ത്ഥ ഈ എം എസ്സ് അതായിരുന്നു വാസുവേട്ടന്‍.....



കള്ളവാറ്റിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമാണ് അഞ്ചങ്ങാടി..മൂന്നുഭാഗവും പരന്നു കിടക്കുന്ന പേരാമംഗലം പാടമാണു മേല്‍പ്പറഞ്ഞ ബഹുമതിക്കു ഈ സ്ഥലത്തെ അനുയോജ്യമാക്കിയത്....അടിയന്തരാവസ്ഥ കാലത്തു ഒരുപാട് നക്സലുകളെ സമ്മാനിക്കുകയും രാജനെപോലുള്ള രക്തസാക്ഷികള്‍ ഉണ്ടായപ്പോള്‍ തങളുടെ സേവനം ഇനിയും ഈ നാടിന് ആവശ്യമാണു എന്നു കരുതി മാത്രം നക്സലിസത്തില്‍ നിന്നു മോചിതരായി പരമസാധുക്കളായി മാറുകയും ചെയ്ത ചില മാന്യദേഹങള്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മൂക്കുമുട്ടി കുടിച്ച് ഉണ്ടാക്കിയെടുത്ത കേരള ഉദയ കലാസമിതി, കുറച്ചു നാള്‍ മുന്‍പ് വരെ

ചൂരക്കാട്ടുകരയുടെ സംസ്കാര രൂപീകരണകര്‍മ്മം ഭംഗിയായി നിര്‍വഹിച്ച് പോന്നിരുന്നു...



ഇറാഖിന്റെ രഹസ്യായുധങളെ പറ്റിയും അമേരിക്കയുടെ സാമ്രാജ്വത്വ നിലപാടുകളെ പറ്റിയും,ഇന്ത്യയുടെ കാര്‍ഷികവളര്‍ചയുടെ ഉന്നമനത്തിനെ പറ്റിയും പ്രത്ത്യുല്‍പ്പന്നമിതത്വവാദികള്‍ ചര്‍ച്ചിക്കാറുണ്ടായിരുന്നു...അറബ് വംശജന്മാരെ മാത്രം തിരഞ്ഞ് പിടിച്ച് കൊന്ന് കളയുന്ന ബോംബ് ഇസ്രയേലിന്റെ പക്കലുണ്ട് എന്ന് വരെ പറഞ്ഞ് കളയുന്ന തരം ചര്‍ച്ചകളാണ് കലാസമിതി സായംകാലങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുക .... കലാസമിതിയും പ്രവര്‍ത്തനങ്ങളും പെന്‍ഡിങ്ങില്‍ നില്‍ക്കട്ടെ ....



അഞ്ചങ്ങാടി എന്ന സുന്ദരമായ പേര് ഈ പ്രദേശത്തിനു ലഭിച്ചതിനു പിന്നില്‍ ദേവലോകത്തെ കിടിലം കോള്ളിച്ചു കൊണ്ടിരുന്ന ഉര്‍വശി,മേനക,രംബ,തിലൊത്തമമാരുടെ മനുഷ്യാവതാരം എന്ന് കരുതപ്പെടുന്ന അഞ്ച്സുന്ദരികളാണ്...ഈ അഞ്ച് പേരും വിഹരിചു വിരാജിച്ചിരുന്ന പ്രദേശം എന്നതു കൊണ്ടാണു അഞ്ചങ്ങാടി എന്ന് ഈ പ്രദേശം അറിയപ്പെട്ട്

തുടങിയത്...പഞ്ചപാണ്ഡവന്മാരില്‍ മൂത്തവന്‍ യുധിഷ്ടിരനോ കര്‍ണ്ണനോ ദുര്യൊധനനൊ അതൊ സാക്ഷാല്‍ കുന്തി തന്നെയോ എന്നതു ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍നില്‍ക്കുംബോളും മൂന്നാമന്‍ അര്‍ജ്ജുനന്‍ തന്നെ എന്ന

കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല...സുന്ദരനും സൂമുഖനും ആയിരുന്ന അര്‍ജ്ജുനന്‍ വില്ലാളിവീരന്‍ എന്ന നിലയില്‍ ലോകം അറിയുന്നവനായി എങ്കില്‍....അഞ്ച് സുന്ദരികളില്‍ മൂന്നാമത്തവളായ ശ്രീമതി

തങ്ക (ഫൂലാന്‍ ദേവി) തന്റെ വായില്‍ നിന്നു വീഴുന്ന പാശുപതാസ്ത്രം കൊണ്ട് ലോക പ്രശസ്തയായി തീര്‍ന്നു എന്നു പറയേണ്ടതില്ലല്ലൊ...



എല്ലാവര്‍ഷവും കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ദിച്ചു നടക്കുന്ന ‘അക്ഷരശ്ലൊക‘ മാമാങ്കത്തിനു പുതുമയുള്ളതും അര്‍ഥഗംഭീരമായതുമായ പുതുപുത്തന്‍ ശ്ലോകങള്‍ക്ക് വേണ്ടി പലരും ബന്ധപ്പെട്ടിരുന്നത് തങ്കയെ ആയിരുന്നു ..തന്മൂലം

ആഘോഷകമ്മറ്റിക്കാര്‍ വര്‍ഷം തോറും ആദരിച്ചു പോന്നിരുന്ന ഒരു അപൂര്‍വ പ്രതിഭയായിരുന്നു ചൂരക്കാട്ടുകരയുടെ പ്രത്യേകിച്ചു അഞ്ചങ്ങാടിയുടെയും അഭിമാനമായിരുന്ന തങ്ക...ദ്വയാര്‍ത്ഥപ്രയോഗങള്‍ക്ക് പേരുകേട്ട തങ്ക ഇലക്ഷന്‍ കാലത്തു കൊടിയുടെ നിറം നോക്കാതെ തന്നെ സമീപിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങള്‍ക്കും ഒരു പോലെ സഹായം ചെയ്തു

കൊടുക്കാറുണ്ടായിരുന്നു...പക്ഷഭേദമില്ലാത്ത ഈ പ്രവര്‍ത്തി സോഷ്യലിസ്റ്റ് എന്ന ഒരു ഓമനപ്പേരുകൂടി തങ്കയ്ക്ക് ചാര്‍ത്തി കൊടുത്തു.....



തുടരും (ഭീഷണി)