Tuesday, July 24, 2012

ചൂരക്കാട്ടുകര ചരിതം 4


അങ്ങനെ ഇരിക്കുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത് കൊണ്ടിരിക്കുന്ന കാലത്താണ് ചൂരക്കാട്ടുകര ചരിതം ഒരു ചരിത്രമാകണമെന്നുദ്ദേശിച്ച് എഴുത്തുകാരന്‍ തകര്‍ത്താടിക്കൊണ്ട് നളചരിതം നാലാം അങ്കത്തിലേക്ക് കടക്കുന്നത് ... പഴയചരിതക്കാരന്‍ നാലാമങ്കത്തില്‍ വടിയായി സ്വര്‍ഗ്ഗലോകത്ത് വിജയശ്രീലളിതമാരെ വ്യഭിചരിക്കാന്‍ പോയ ഒരു കഥ കേട്ടിട്ടുള്ളതിനാല്‍ ഒരുള്‍ഭയം മൂലം ഈ ഭാഗത്തിന് അഞ്ചെന്ന് പേരിട്ടാലോ എന്നും ഒരു ചിന്തയില്ലായ്കയില്ല ... മരണം അതിനെ പിടിച്ച് നിര്‍ത്താന്‍ കഴിവില്ലാത്തതിനാല്‍ എല്ലാ മലയാളികളും പറഞ്ഞ് നടക്കുന്ന “ചാവണങ്കിലങ്ങ്ട് ചാവട്ട്രാന്ന്” കാഥികനും പറയുകയാണ് .... സോ ബൈ ദ ബൈ ഇത് നാലാം അങ്കം തന്നെ ... ന്നാ തൊടങ്ങല്ലേ അങ്കോം പറിക്കാം താളീം കാണാം ന്താ മുഷിയോ ....

വരിവരിയായി ഒഴുകി പോകുന്ന വെള്ള ഉടുപ്പിട്ട മാലാഖമാരാണ് ചൂരക്കാട്ടുകരയുടെ ദിനേനയുള്ള വിഷുക്കണി ... എന്താ സംഭവംന്നല്ലേ ... ഒരൂക്കിനങ്ങ് പറഞ്ഞതാണ് ... സത്യത്തില്‍ കാര്യമെന്താന്ന് വച്ചാല്‍ ... രാവിലെ ഏതാണ്ടൊരു ആറര ആറെമുക്കാല്‍ ഏഴാവുമ്പോഴേക്കും തരുണീ മണികള്‍ ചൂരക്കാട്ടുകരയുടെ തലസ്ഥാനമായ അമലനഗര്‍ ബസ്റ്റോപ്പില്‍ നിന്ന് അമല ആശുപത്രിയിലേക്ക് ഗൂസ് വാക്ക് നടത്തുകയായി .. ചുരിദാറും സാരിയും തമ്മിലുള്ളൊരു മത്സരമാണ് പിന്നെ ... ചുരിദാറ് കൊള്ളാമെന്ന് പറയുമ്പോളെക്കും സാരി കിടിലന്‍ എന്നാവും രണ്ടുമില്ലെങ്കില്‍ പൊടിപാറുമെന്ന് വേറൊരു സുന്ദരന്‍  ... ഗ്രാമത്തിലെ പൂവാലന്മാരെ മൊത്തം കണ്‍ഫ്യൂഷനും പിന്നീട് പ്രാന്തും പിടിപ്പിക്കുന്ന രീതിയില്‍ ഒരു പത്ത് മുന്നൂറ് നര്‍സുമാര്‍ ആശുപത്രിയിലേക്ക് ആതുരസേവനത്തിന് പോകുന്ന കാഴ്ച്ചയാണ് ഈ പറഞ്ഞത്  .... അച്ഛന്‍ പെറ്റെന്നും അമ്മ വാളു വെച്ചെന്നും പറഞ്ഞാല്‍ പോലും കിടക്കപ്പായില്‍ നിന്നെണീക്കാത്ത മടിയന്‍ മല്ലൂസിന് ചൂരക്കാട്ടുകരയുടെ സുന്ദരക്കുട്ടപ്പന്മാരായ യുവാക്കള്‍ ഒരു മാതൃകയാണ് ... അയല്‍ഗ്രാമങ്ങളിലെ പെണ്മക്കളുള്ള മാതാപിതാക്കളൊന്നും പക്ഷേ ചൂരക്കാട്ടുകര പിള്ളെരെ കണ്ട് പഠിക്കടാ എന്ന്‍ ഒരുത്തനേയും ഉപദേശിക്കാറില്ല .. അതെന്താണങ്ങനെ .. ചിന്തിച്ചാലൊരന്തോല്ല്യ ചിന്തിച്ചില്ലേലൊരു കുന്തോല്ല്യ ...

മുകളില്‍ പറഞ്ഞതില്‍ നിന്ന് സാ‍മാന്യബോധമുള്ള വായനക്കാരനും കാരിക്കും മനസ്സിലായിക്കാണുമല്ലോ ഗ്രാമത്തിന്റെ വര്‍ണ്ണമനോഹാരിത ... ഈ ചരിതം ഒരു ചരിതം മാത്രമല്ല ഇതൊരു ചരിത്രം കൂടിയാണ് ... ഇറ്റ് ഈസ് നോട്ട് ജസ്റ്റ് ഏ ടെയില്‍ ബട്ട് ഏ ഹിസ്റ്ററി .... ഒന്ന് കൂടി വ്യക്തമാക്കിയാല്‍ ഇത് ഒരു വാല് മാത്രമല്ല ആല് കൂടിയാണ് എന്ന് .....മയ്യഴിപുഴേം അതിരാണിപ്പാടവും തസ്രക്കും ഒക്കെ പ്രാന്ത് പിടിപ്പിടിപ്പിച്ച ഒരു സമൂഹത്തിനെ നേര്‍വഴിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരു ശ്രമം .. ലിവനാരെടെയ് മുകുന്ദനേയും പൊറ്റെക്കാടിനെയും സാക്ഷാല്‍ വിജയനേയുമൊക്കെ ഇങ്ങനെ പറയാനെന്ന് നിരീക്കണ്ട .. ഞാനുമൊരു കാക്കയാണ് ആംഗലെയത്തിലെ ക്രോ ... അത് കൊണ്ട് തന്നെ എനിക്കെന്റെ കുഞ്ഞ് പൊന്‍ കുഞ്ഞ് ആവുന്നതില്‍ നിങ്ങള്‍ക്കുള്ള പരാതി പറയേണ്ടത് ഈ പഴം ചൊല്ല് പറഞ്ഞവനോടാണ് താനും  ....

അമല കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്ന സ്റ്റാര്‍ ഹോസ്പിറ്റല്‍ വിലങ്ങന്‍ കുന്നിനേക്കാള്‍ ഉയരത്തിലങ്ങനെ തലപൊക്കി നില്‍ക്കുന്ന കാലത്തും ഉച്ചയ്ക്കും ഇടയിലാണ് അത് സംഭവിച്ചത് ...

ലോകമാകമാനം ബൈക്ക് മോഷ്ടാക്കള്‍ സ്വര്‍ണ്ണമാലയും ഇടയ്ക്ക് ചിലപ്പോള്‍ റോള്‍ഡ് ഗോള്‍ഡ് മാലയും മോഷ്ടിച്ച് വശം കെട്ട് നടന്നിരുന്ന കാലത്ത് പോലും ചൂരക്കാട്ടുകരയിലെ ഒരു തരുണീ മണിക്ക് പോലും അത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നില്ല ... ചൂരക്കാട്ടുകരയുടെ മിസ് വേള്‍ഡ് സാക്ഷാല്‍ തങ്കയുടെ പൊന്നോമന പുത്രി ജൂനിയര്‍ തങ്ക മിനിമം പത്ത് പവന്റെ സ്വര്‍ണ്ണം ദേഹത്തണിഞ്ഞേ പുറത്തിറങ്ങാറുള്ളൂ ... എന്നിട്ടും ഒരു ബൈക്കും ജൂനിയര്‍ തങ്കമ്മയുടെ ഏഴയലത്ത് കൂടെ പോലും പോകാന്‍ ഭയപ്പെട്ടു ... ഈ ഭയത്തിന് കാരണം മുന്‍പ് പറഞ്ഞ തങ്കയുടെ പാശുപതാസ്ത്രം അല്ല എന്നും ഗ്രാമത്തിന്റെ അഭിമാന ഭാജനങ്ങളായ ഫ്ലവര്‍ ടെയിലന്മാരുമാണ് എന്ന് വരുമ്പോളാണ് സിറ്റിംഗ് സൈഡ് എന്തെന്ന് അറിയേണ്ടത് ...

മിസ്സ് വേള്‍ഡ് ജൂനിയര്‍ തങ്ക ഒരു എക്സ്ട്രാ ഹോര്‍സ് പവറുള്ള തരുണിയായിരുന്നു ..  ചൂരക്കാട്ടുകരയുടെ സകല കാമുകമനസ്സുകളിലും അശ്വമേധം നടത്തി വിജയിച്ച ഒരു യാഗാശ്വം തന്നെ ... മിസ്സ് വേള്‍ഡിന്റെ ഈ കുതിരച്ചാട്ടത്തില്‍ മനം മയങ്ങിയ കുമാരന്മാര്‍ 24 മണിക്കൂറും മിസ്സ് വേള്‍ഡിന്റെ പ്രൊട്ടക്ഷന് തയ്യാറായി നില്‍പ്പുണ്ടായിരുന്നു ... തരുണി വീട്ടില്‍ നിന്നിറങ്ങി ലക്ഷ്യ സ്ഥാനത്തെത്തി ചേരുന്നത് വരെയുള്ള പ്രൊട്ടെക്ഷന്‍ ചുമതല തങ്ങളുടെ ജീവിതലക്ഷ്യമാണെന്ന് കരുതി അവള്‍ക്കകമ്പടി സേവിക്കാന്‍ ചൂരക്കാട്ടുകരയുടെ പൊന്നോമന പുത്രന്മാര്‍ തമ്മില്‍ വലിയ കിടമത്സരവും തന്മൂലം വര്‍ഗ്ഗീയ ലഹളയും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു ... ഒരു ഡസനോളം വരുന്ന ഈ ബോഡീഗാര്‍ഡുകളെ പേടിച്ച് തന്നെയാണ് വെറും രണ്ട് പേര്‍ക്കിരിക്കാവുന്ന ബൈക്കില്‍ വന്ന് മോഷ്ടിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്നത് ...

ഒരിക്കല്‍ ജൂനിയര്‍ തങ്കമ്മ കോളെജിലെക്ക് പോകുന്ന വഴിക്ക് സീനിയര്‍ തങ്കയും കൂടെ ഇറങ്ങി ... അഞ്ചങ്ങാടി കഴിഞ്ഞ് ഒരു മൂലയും രണ്ട് തിരിവും നാല് വളവും കഴിഞ്ഞിട്ടും പിന്നിലുള്ള അകമ്പടിക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ലെന്നും അതങ്ങനെ കൂടി കൂടി വരികയാണെന്നും മനസ്സിലാക്കിയ സീനിയര്‍ തങ്കാസ് അമല സെന്ററില്‍ വച്ച് നടത്തം നിര്‍ത്തി തിരിഞ്ഞു നിന്നെന്നും ... ബോഡീഗാര്‍ഡുമാര്‍ക്കെതിരെ ശക്തമായ അമ്പെയ്ത്ത് നടത്തിയെന്നും ആ അമ്പെയ്ത്തില്‍ തളര്‍ന്ന് വീണ ചില ടെയിലന്മാര്‍ അവിടെ തന്നെ ഓരോ അക്കെഷ്യമരമായി മുളച്ചു വന്നു എന്നും ചരിതത്തിലെ ചരിത്രം പറയുന്നു ... പക്ഷേ പ്രശ്നം അതു കൊണ്ടും തീര്‍ന്നില്ല ആ സമയം അത് വഴി പോയ ചില കോമരങ്ങള്‍ തങ്കയുടെ പയറ്റ് കണ്ട് അന്ന്‍ കൊടുങ്ങല്ലൂര്‍ ഭരണിയാണെന്ന് തെറ്റിദ്ധരിച്ച് ഉടുത്ത മുണ്ടോടെ ഉറഞ്ഞ് തുള്ളാന്‍  കൊടുങ്ങല്ലൂര്‍ക്കോടിയെന്നും അവിടെ ചെന്നപ്പോളാണ് തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയതും തങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് തങ്കയ്ക്കെതിരെ കേസ് കൊടുത്തതുമത്രേ ...

വാറണ്ടല്ല ഏത് ഗവണ്മെന്റ് വന്നാലും കീഴടങ്ങാത്ത തങ്കയുണ്ടൊ കുലുങ്ങുന്നു ...



തുടരും  (എനിക്ക് വയ്ക്കാനുദ്ദേശിച്ച കൊട്ടേഷന്റെ കാശ് എന്റെ എക്കൌണ്ടിലിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളും സത്യം )





No comments:

Post a Comment