Monday, July 30, 2012

സ്വാതന്ത്ര്യം


ഈ പാളങ്ങളുടെയും അവയ്ക്ക് മുകളില്‍ പാഞ്ഞ് പോയ തീവണ്ടിയുടെയും ഇടയിലമര്‍ന്നാണ് ഞാന്‍ യാത്ര തുടങ്ങുന്നത് ... 

മിനുസവും വെള്ളിനിറമാര്‍ന്നതുമായ ഈ പാളങ്ങളും നീല നിറമുള്ള കരിങ്കല്ലുകളും കറുത്തചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചത്  ഞാനാണ് ...

നിന്നിലേക്കൊഴുകാന്‍ കൊതിച്ച എന്റെ രക്തത്തുള്ളികള്‍ ഒന്നൊന്നായി ചേര്‍ന്നാണീ പ്രണയത്തിന്റെ രൂപങ്ങള്‍ വരച്ച് വച്ചിരിക്കുന്നത് ...

നിന്റെ ജീവിതത്തിലേക്ക് മരണത്തിന്റെ  കാന്‍വാസിലെന്റെ മാസ്റ്റര്‍ പീസ് .....

പ്രണയം പുകഞ്ഞില്ലാതായ എന്റെ തലച്ചോറ് കാണുക ... 

പാളങ്ങളുമായി അവയിപ്പോളും  പ്രണയത്തിലാണ് ....
 ചതഞ്ഞരഞ്ഞ് പാളങ്ങളില്‍ ഒട്ടിപ്പിടിച്ച അവയില്‍ നിന്നും ചീര്‍ത്ത കുമിളകള്‍ മുളച്ച് നില്‍ക്കുന്നു....

നിന്നെ  തലോടാന്‍ കൊതിച്ച കൈവിരലുകള്‍ കറുമുറെ ശബ്ദം പുറപ്പെടുവിച്ചൊരു വേട്ടനായക്കന്നമാകുന്നുണ്ട് .....

നിനക്കായ് മിടിച്ച എന്റെ ഹൃദയമാണേറ്റവും ഭാഗ്യവാന്‍ ...... സ്വാദിഷ്ടമായൊരു ഭോജ്യമായതിന് ശേഷവും തിളങ്ങുന്ന കണ്ണുള്ള പൂച്ചയുടെ നീളന്‍ മീശയില്‍ അവനിപ്പോഴും മിടിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു ... .

എന്റെ ചില്ലിട്ട ചിത്രങ്ങള്‍ക്ക് ചുറ്റും അണിയാന്‍ മറ്റൊരു ഹാരം തിരയുക വേണ്ട ... അതിന് കൊതിച്ചെന്റെ കുടലുകള്‍ സ്വയം മുല്ലപ്പൂവിന്റെ വേഷമണിഞ്ഞിരിക്കുന്നു ....

ഏറ്റവും സന്തോഷത്തില്‍ ഞാനീ വായുവിലലിഞ്ഞ് ചേരുന്നു പ്രണയത്തിലേക്ക് മരണത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിലേക്ക് ...

ഒരു ചുമര് തേടി

പ്രണയമെഴുതാന്‍ തുടങ്ങിയ
സ്ലേറ്റ് പൊട്ടിപ്പോയതാണ്
ചുമര്‍ തേടിയലയാന്‍ കാരണം

പൊട്ടിയ കഷ്ണങ്ങള്‍ കുത്തിയിറങ്ങിയത്
ഹൃദയത്തിലേക്കായതിനാലാണ്
തകരാത്ത സിമന്റ് ചുമര്‍ തന്നെ
അന്വേഷിക്കുന്നത് ....

എന്റെ പ്രണയവെള്ളപ്പാച്ചില്‍
ഓട്ടയിടാത്ത ഒരു ഡാം തന്നെ
വേണം താനും ....

ഹൈക്ക്

ആത്മഹത്യയല്ല
കൊലപാതകം തന്നെ
പാതിരയ്ക്ക് തെറ്റി
അടിച്ച അലാറം
നമ്പര്‍ ബിസിയായ
കാമുകിയുടെ ഫോണിലേക്ക്
തൂക്കിക്കൊന്നതാണ് ...
റമദാന്‍ 

ഇന്ന് നൊമ്പുതുറക്കാന്‍
അടുപ്പില്‍ പിറന്ന
പൂച്ചക്കുഞ്ഞിന്റെ പാട്ട് ....

കൂകൂ കൂകൂ തീവണ്ടി
 
കറുത്ത ചൂളം വിളിച്ച്
വരുന്ന തീവണ്ടി
പോലെ പ്രണയം
എന്നെയും കടന്ന്
രക്തനിറമുള്ള ചൂളം
വിളിച്ചകലേക്ക്

സോമാലിയ

പട്ടിണിയുടെ പറഞ്ഞ് പഴകിയ ക്ലീഷേ

ഇനി എത്തിയൊപ്പിയയെ പിടിക്കാം

Saturday, July 28, 2012

റമദാന്‍ കരീം

അധികമായാല്‍ അമൃതും വിഷം

മുപ്പത് നോമ്പിന് സ്വര്‍ഗ്ഗം
മുന്നൂറ്ററുപത്തഞ്ചിന് നരകം

പഴഞ്ചൊല്ലില്‍ പതിരില്ല
(പട്ടിണി തിന്ന് നോമ്പ് മുറിക്കുന്ന സഹോദരങ്ങളോട്)

ഒരു സോമാലിയന്‍ ഇഫ്താര്‍

മുന്നൂറ്റി മുപ്പത്തഞ്ച് ദിവസത്തെ
നോമ്പില്‍ നിന്ന് പുണ്യ റമദാനില്‍
പള്ളിയൌദാര്യത്തിലെ നോമ്പ് തുറ

Wednesday, July 25, 2012

ചൂരക്കാട്ടുകര ചരിതം 5

പ്രിയപ്പെട്ട നാട്ടുകാരെ നാട്ടിലുള്ള വീട്ടുകാരെ വീട്ടിലുള്ള കോഴികളെ കോഴിയിട്ട മുട്ടകളെ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളേ ...  ചൂരക്കാട്ടുകര ചരിതം അഞ്ചാമങ്കത്തിലേക്ക് കടക്കുകയാണ് എന്ന വിവരം സന്തോഷപൂര്‍വ്വാധികം ശക്തിയോടെ അറിയിച്ചടിച്ചേല്‍പ്പിക്കുകയാണ് ....

എന്താണ് ചൂരക്കാട്ടുകര എന്നല്ല എന്തല്ല ചൂരക്കാട്ടുകര എന്നാണ് നിങ്ങള്‍ ചോദിക്കേണ്ടത് ... എന്തൊക്കെയോ ആണ് ചൂരക്കാട്ടുകര എന്നല്ല എന്തൊക്കെയല്ല ചൂരക്കാട്ടുകര എന്നാണ് മനസ്സിലക്കേണ്ടത് ...

ചൂരക്കാട്ടുകര മഹാരാജ്യത്തിന്റെ സാംസ്ക്കാരിക രൂപീകരണത്തില്‍ ഏറ്റവും അധികം പങ്ക് വഹിച്ചിട്ടുള്ള ഗ്രാമീണ വായനശാലക്കടുത്താണ് രാമുട്ടി എന്ന നമ്മുടെ ഇന്നത്തെ കഥാപാത്രം കുടിയിരുത്തപ്പെട്ടിരിക്കുന്നത് ... രാമുട്ടി എന്താ തൈവമാണോ കുടിയിരുത്തപ്പെടാന്‍ എന്ന് ചോദിക്കരുത് ... സോമരസപാനത്തിന് ശേഷം രാമുട്ടിയില്‍ ഗന്ധര്‍വന്‍ കുടികയറുന്നത് പതിവ് കാഴ്ച്ച തന്നെയാണ് ... പിന്നെ നാട്ടുകാര്‍ തല്ലി കുടിയിരുപ്പ് നടത്തുകയും ...  തങ്കയും രാമുട്ടിയും വകേല്‍ ഒരു കുടയും കുഞ്ഞുപ്പെങ്ങളുമാണെന്നതാണ് സത്യം ....  മനസ്സിലായില്ലേ അര ബ്രദറും അരസിസ്റ്ററുമാണ് എന്ന് ....

1928 ല്‍ രൂപീകൃതമായ ചൂരക്കാട്ടുകര ഗ്രാമീണ വായനശാലക്കടുത്താണ് ജീവിക്കുന്നതെന്ന് കരുതി രാമുട്ടിയില്‍ നിന്ന് നിങ്ങള്‍ വേറെ ഒന്നും പ്രതീക്ഷിക്കരുത് ... പുസ്തകങ്ങള്‍ സ്വയം നടന്ന് ചെന്ന് രാമുട്ടിയുടെ മുന്നില്‍ എന്നെ വായിക്കണമെന്ന് പറഞ്ഞിരുന്ന കാലം രാമുട്ടി ജനിക്കുന്നതിനും മുന്‍പേ കൊഴിഞ്ഞ് പോയിരുന്നു ... കോലന്‍ മുടിയും വട്ട മുഖവും മൂന്നര അടി ഉയരവും തൃകോണെ തൃകോണെ നടത്തവും ലതാണ് രാമുട്ടി ... രാമുട്ടി വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രത്യേക ജനുസ്സില്‍ പെട്ട ഒട്ടും വന്യതയില്ലാത്ത വന്യ ജീവിയാണ് എന്ന പച്ചപരമാര്‍ത്ഥം (റബ്ബിന്റെ ഹോള്‍മാര്‍ക്ക് മുദ്രയുള്ള പച്ച തന്നെ ) നിങ്ങളെ അറിയിക്കുകയാണ് ... എന്താണ് രാമുട്ടിയുടെ ജനുസ്സിന്റെ പ്രത്യേകത എന്നല്ലെ കേട്ട് സായൂജ്യമടഞ്ഞ് കൊള്ളുക ...

രാമുട്ടി സാറ് ജന്മനാ കാണ്‍ഗ്രസ്സാരുന്നു .. എങ്ങിനെ ആണ് രാമുട്ടിസാര്‍ കാണ്‍ഗ്രസ്സായത് എന്നതിന്റെ പേരില്‍ പല കഥകളും ചൂരക്കാട്ടുകര പാണന്മാര്‍ പാടി നടക്കുന്നുണ്ട് ... അത് വഴിയേ പറയാം എന്നൊരു ജാമ്യം എടുക്കുകയാണ് എഴുത്തുകാരന്‍ .... ജന്മനാ കാണ്‍ഗ്രസ്സായ രാമുട്ടിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിന്റെ കാണ്‍ഗ്രസ്സിന്റെ ഒരേ ഒരു മുഖം ... സമ്മേളനങ്ങളും ജാഥകളും എന്ന് വേണ്ട പാര്‍ട്ടി കണ്വെന്‍ഷനുകള്‍ പോലും ഒറ്റയ്ക്കാണ് രാമുട്ടി നടത്താറുള്ളത് ... രാമുട്ടി ഒഴിച്ച് മറ്റാരെയും ഭരണകാണ്‍ഗ്രസ്സിനാഗ്രാമത്തിലുണ്ടായിരുന്നില്ല എന്ന് പറയുമ്പോളാണ് രാമുട്ടി “സാര്‍“ ആവുന്നത് ... രാമുട്ടിയുടെ ഈ പ്രവര്‍ത്തനത്തില്‍ ഇംഗിത പുളകിത ഗാത്രനായ സാക്ഷാല്‍ ലീഡര്‍ കനിഞ്ഞനുഗ്രഹിച്ച് മുതുകില്‍ ചവിട്ടി നല്‍കിയതാണ് സര്‍ പദവി ... ഏകാംഗ നാടകം എന്ന് കേട്ടിട്ടുള്ള നിങ്ങള്‍ ഏകാംഗ കോണ്‍ഗ്രസ്സെന്ന് കേട്ടിട്ടുണ്ടൊ ... അതേ രാമുട്ടി ഈസ് ദ വണ്‍ മെന്‍ ആര്‍മ്മി ഓഫ് ദി കോണ്‍ഗ്രസ്സ് ... രാമുട്ടി ജനിച്ചത് വല്ല വടക്കേ ഇന്ത്യയിലുമായിരുന്നിരുന്നു എങ്കില്‍ ഞാന്‍ ഞെട്ടിവിറയ്ക്കുകയാണ് ഇന്ത്യന്‍ പ്രധാന്‍ മന്ത്രി പദത്തില്‍ വിരാജിച്ച് അടരാടുന്ന ആ രാമുട്ടി മുഖം ഹോ ചിന്തിക്ക്യ വയ്യ തന്നെ ... എന്തായാലും രാമുട്ടിതാതന് സ്തുതി ...

പത്ത് വിരലുകളിലെണ്ണിത്തീര്‍ക്കാന്‍ മാത്രം ബാഹുല്യമുണ്ടായിരുന്ന ഭരണകാണ്‍ഗ്രസ്സ് രാമുട്ടി ഹൈജാക്ക് ചെയ്ത് ഒറ്റയാള്‍ പട്ടാളമക്കി  എന്ന് പറഞ്ഞ് നടക്കുന്നവരോട് ചൂരക്കാട്ടുകരക്കാര്‍ ഒരിക്കലും പൊറുക്കില്ല ... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന അവസാന നിമിഷം വരെ രാമുട്ടി കോണ്‍ഗ്രസ്സ്കാരനാണ് എന്ന് ഉറക്കെ ഉറക്കെ ഭരണി പാട്ട് പാടുക തന്നെ ചെയ്യും ... ഈ ഭരണി പാട്ടിന് മറുപടി ആയി വിപ്ലവപാര്‍ട്ടിക്കാര്‍ ആക്രമണത്തിനൊരുങ്ങുന്ന സമയത്ത് അവരാരേക്കാളും ഉച്ചത്തില്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് പാര്‍ട്ടി മാറി കളയുന്ന രാമുട്ടിയുടെ ഓന്തന്‍ നയതന്ത്രം പില്‍ക്കാലത്ത് പല ലൊട്ടുലൊടുക്ക് രാഷ്ട്രീയപാര്‍ട്ടികളും അഖിലേന്ത്യാ തലത്തില്‍ തന്നെ ഉപയോഗിച്ച് വിജയിച്ചിട്ടുള്ളതാണ് ...

കാണ്‍ഗ്രസ്സിനും പുറമേ രാമുട്ടി സാര്‍ പ്രതിഭ തെളിയിച്ചിട്ടുള്ള മറ്റൊരിനം സോക്കറും മീന്‍ പിടുത്തവുമാണ്  ... പെലെ സാറും മാറഡോണ സാറും മെസ്സിപ്പയ്യനുമൊക്കെ പാലും കുപ്പി കാണുന്നതിനും മുന്‍പേ കാല്‍പ്പന്തിന്റെ മര്‍മ്മമറിഞ്ഞവനാണ് രാമുട്ടി സര്‍ എന്ന് പറഞ്ഞാല്‍ എങ്കില്‍ വിദ്വാന്‍ ജനിച്ച കൊല്ലമേതെന്ന് നിങ്ങള്‍ സംശയിക്കാനിട വരും അത് കൊണ്ട് മുകള്‍ സ്റ്റേറ്റ്മെന്റ് നിരുപാധികം പിന്‍വലിക്കുന്നു ... എന്നാലും രാമുട്ടി പുലി തന്നെ ....  ഇനി മീന്‍പിടുത്തം അത് ഒരു കഥ തന്നെയാണ്.... രാമുട്ടിക്ക് എന്നും വൈകീട്ട് ഒരു തേര്‍വാഴ്ച്ചയുണ്ട് ചൂരക്കാട്ടുകര പാടം കടന്ന് കുറ്റൂര്‍ അങ്ങാടി വരെ എത്തുന്ന യാത്രയ്ക്ക് നല്ല വാറ്റടിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ ... വാറ്റടിച്ച് തിരിച്ച് പാടത്തെന്നുന്നതും രാമുട്ടി പടമാവുക പതിവാണ് .... ഇന്നും മാറ്റമില്ലാത്തത് രാമുട്ടിയുടെ കപ്പാസിറ്റിക്ക് മാത്രമാണ് ... രാമുട്ടി ഇഹലോക വാസം നേടിയതിന് ശേഷം മാത്രമേ മാറ്റം മാറ്റമില്ലാതെ തുടരുകയുള്ളൂ .. അങ്ങനെ പാടത്ത് കിടന്നുറങ്ങുന്ന രാമുട്ടി സര്‍ രാവിലെ എണീക്കുമ്പോള്‍  രാമുട്ടിയുടെ വല പോലുള്ള അടിവസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഒരു ചാകരയോളം പോന്ന മീനുകളായിരിക്കും ... ഈ മീന്‍ വിറ്റ് വാറ്റടിച്ചാണ് രാമുട്ടി ഉപജീവനം നടത്തിയിരുന്നതെന്ന് കേള്‍ക്കുമ്പോള്‍ പ്രിയപ്പെട്ടവരെ ഈ പരമപാവത്തിന്റെ കഥന കഥ കേട്ട് നിങ്ങള്‍ കണ്ണുനീര്‍ വാര്‍ക്കരുതേ .... രാമുട്ടിയുടെ സോക്കര്‍ വിശേഷങ്ങള്‍ വരും കാലത്തില്‍ പ്രതീക്ഷിപ്പിന്‍ ...


തുടരും (നിങ്ങളുടെ അഭിപ്രായം സംഭാവനയായി തരിക .. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും)



Tuesday, July 24, 2012

ചൂരക്കാട്ടുകര ചരിതം 4


അങ്ങനെ ഇരിക്കുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത് കൊണ്ടിരിക്കുന്ന കാലത്താണ് ചൂരക്കാട്ടുകര ചരിതം ഒരു ചരിത്രമാകണമെന്നുദ്ദേശിച്ച് എഴുത്തുകാരന്‍ തകര്‍ത്താടിക്കൊണ്ട് നളചരിതം നാലാം അങ്കത്തിലേക്ക് കടക്കുന്നത് ... പഴയചരിതക്കാരന്‍ നാലാമങ്കത്തില്‍ വടിയായി സ്വര്‍ഗ്ഗലോകത്ത് വിജയശ്രീലളിതമാരെ വ്യഭിചരിക്കാന്‍ പോയ ഒരു കഥ കേട്ടിട്ടുള്ളതിനാല്‍ ഒരുള്‍ഭയം മൂലം ഈ ഭാഗത്തിന് അഞ്ചെന്ന് പേരിട്ടാലോ എന്നും ഒരു ചിന്തയില്ലായ്കയില്ല ... മരണം അതിനെ പിടിച്ച് നിര്‍ത്താന്‍ കഴിവില്ലാത്തതിനാല്‍ എല്ലാ മലയാളികളും പറഞ്ഞ് നടക്കുന്ന “ചാവണങ്കിലങ്ങ്ട് ചാവട്ട്രാന്ന്” കാഥികനും പറയുകയാണ് .... സോ ബൈ ദ ബൈ ഇത് നാലാം അങ്കം തന്നെ ... ന്നാ തൊടങ്ങല്ലേ അങ്കോം പറിക്കാം താളീം കാണാം ന്താ മുഷിയോ ....

വരിവരിയായി ഒഴുകി പോകുന്ന വെള്ള ഉടുപ്പിട്ട മാലാഖമാരാണ് ചൂരക്കാട്ടുകരയുടെ ദിനേനയുള്ള വിഷുക്കണി ... എന്താ സംഭവംന്നല്ലേ ... ഒരൂക്കിനങ്ങ് പറഞ്ഞതാണ് ... സത്യത്തില്‍ കാര്യമെന്താന്ന് വച്ചാല്‍ ... രാവിലെ ഏതാണ്ടൊരു ആറര ആറെമുക്കാല്‍ ഏഴാവുമ്പോഴേക്കും തരുണീ മണികള്‍ ചൂരക്കാട്ടുകരയുടെ തലസ്ഥാനമായ അമലനഗര്‍ ബസ്റ്റോപ്പില്‍ നിന്ന് അമല ആശുപത്രിയിലേക്ക് ഗൂസ് വാക്ക് നടത്തുകയായി .. ചുരിദാറും സാരിയും തമ്മിലുള്ളൊരു മത്സരമാണ് പിന്നെ ... ചുരിദാറ് കൊള്ളാമെന്ന് പറയുമ്പോളെക്കും സാരി കിടിലന്‍ എന്നാവും രണ്ടുമില്ലെങ്കില്‍ പൊടിപാറുമെന്ന് വേറൊരു സുന്ദരന്‍  ... ഗ്രാമത്തിലെ പൂവാലന്മാരെ മൊത്തം കണ്‍ഫ്യൂഷനും പിന്നീട് പ്രാന്തും പിടിപ്പിക്കുന്ന രീതിയില്‍ ഒരു പത്ത് മുന്നൂറ് നര്‍സുമാര്‍ ആശുപത്രിയിലേക്ക് ആതുരസേവനത്തിന് പോകുന്ന കാഴ്ച്ചയാണ് ഈ പറഞ്ഞത്  .... അച്ഛന്‍ പെറ്റെന്നും അമ്മ വാളു വെച്ചെന്നും പറഞ്ഞാല്‍ പോലും കിടക്കപ്പായില്‍ നിന്നെണീക്കാത്ത മടിയന്‍ മല്ലൂസിന് ചൂരക്കാട്ടുകരയുടെ സുന്ദരക്കുട്ടപ്പന്മാരായ യുവാക്കള്‍ ഒരു മാതൃകയാണ് ... അയല്‍ഗ്രാമങ്ങളിലെ പെണ്മക്കളുള്ള മാതാപിതാക്കളൊന്നും പക്ഷേ ചൂരക്കാട്ടുകര പിള്ളെരെ കണ്ട് പഠിക്കടാ എന്ന്‍ ഒരുത്തനേയും ഉപദേശിക്കാറില്ല .. അതെന്താണങ്ങനെ .. ചിന്തിച്ചാലൊരന്തോല്ല്യ ചിന്തിച്ചില്ലേലൊരു കുന്തോല്ല്യ ...

മുകളില്‍ പറഞ്ഞതില്‍ നിന്ന് സാ‍മാന്യബോധമുള്ള വായനക്കാരനും കാരിക്കും മനസ്സിലായിക്കാണുമല്ലോ ഗ്രാമത്തിന്റെ വര്‍ണ്ണമനോഹാരിത ... ഈ ചരിതം ഒരു ചരിതം മാത്രമല്ല ഇതൊരു ചരിത്രം കൂടിയാണ് ... ഇറ്റ് ഈസ് നോട്ട് ജസ്റ്റ് ഏ ടെയില്‍ ബട്ട് ഏ ഹിസ്റ്ററി .... ഒന്ന് കൂടി വ്യക്തമാക്കിയാല്‍ ഇത് ഒരു വാല് മാത്രമല്ല ആല് കൂടിയാണ് എന്ന് .....മയ്യഴിപുഴേം അതിരാണിപ്പാടവും തസ്രക്കും ഒക്കെ പ്രാന്ത് പിടിപ്പിടിപ്പിച്ച ഒരു സമൂഹത്തിനെ നേര്‍വഴിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരു ശ്രമം .. ലിവനാരെടെയ് മുകുന്ദനേയും പൊറ്റെക്കാടിനെയും സാക്ഷാല്‍ വിജയനേയുമൊക്കെ ഇങ്ങനെ പറയാനെന്ന് നിരീക്കണ്ട .. ഞാനുമൊരു കാക്കയാണ് ആംഗലെയത്തിലെ ക്രോ ... അത് കൊണ്ട് തന്നെ എനിക്കെന്റെ കുഞ്ഞ് പൊന്‍ കുഞ്ഞ് ആവുന്നതില്‍ നിങ്ങള്‍ക്കുള്ള പരാതി പറയേണ്ടത് ഈ പഴം ചൊല്ല് പറഞ്ഞവനോടാണ് താനും  ....

അമല കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്ന സ്റ്റാര്‍ ഹോസ്പിറ്റല്‍ വിലങ്ങന്‍ കുന്നിനേക്കാള്‍ ഉയരത്തിലങ്ങനെ തലപൊക്കി നില്‍ക്കുന്ന കാലത്തും ഉച്ചയ്ക്കും ഇടയിലാണ് അത് സംഭവിച്ചത് ...

ലോകമാകമാനം ബൈക്ക് മോഷ്ടാക്കള്‍ സ്വര്‍ണ്ണമാലയും ഇടയ്ക്ക് ചിലപ്പോള്‍ റോള്‍ഡ് ഗോള്‍ഡ് മാലയും മോഷ്ടിച്ച് വശം കെട്ട് നടന്നിരുന്ന കാലത്ത് പോലും ചൂരക്കാട്ടുകരയിലെ ഒരു തരുണീ മണിക്ക് പോലും അത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നില്ല ... ചൂരക്കാട്ടുകരയുടെ മിസ് വേള്‍ഡ് സാക്ഷാല്‍ തങ്കയുടെ പൊന്നോമന പുത്രി ജൂനിയര്‍ തങ്ക മിനിമം പത്ത് പവന്റെ സ്വര്‍ണ്ണം ദേഹത്തണിഞ്ഞേ പുറത്തിറങ്ങാറുള്ളൂ ... എന്നിട്ടും ഒരു ബൈക്കും ജൂനിയര്‍ തങ്കമ്മയുടെ ഏഴയലത്ത് കൂടെ പോലും പോകാന്‍ ഭയപ്പെട്ടു ... ഈ ഭയത്തിന് കാരണം മുന്‍പ് പറഞ്ഞ തങ്കയുടെ പാശുപതാസ്ത്രം അല്ല എന്നും ഗ്രാമത്തിന്റെ അഭിമാന ഭാജനങ്ങളായ ഫ്ലവര്‍ ടെയിലന്മാരുമാണ് എന്ന് വരുമ്പോളാണ് സിറ്റിംഗ് സൈഡ് എന്തെന്ന് അറിയേണ്ടത് ...

മിസ്സ് വേള്‍ഡ് ജൂനിയര്‍ തങ്ക ഒരു എക്സ്ട്രാ ഹോര്‍സ് പവറുള്ള തരുണിയായിരുന്നു ..  ചൂരക്കാട്ടുകരയുടെ സകല കാമുകമനസ്സുകളിലും അശ്വമേധം നടത്തി വിജയിച്ച ഒരു യാഗാശ്വം തന്നെ ... മിസ്സ് വേള്‍ഡിന്റെ ഈ കുതിരച്ചാട്ടത്തില്‍ മനം മയങ്ങിയ കുമാരന്മാര്‍ 24 മണിക്കൂറും മിസ്സ് വേള്‍ഡിന്റെ പ്രൊട്ടക്ഷന് തയ്യാറായി നില്‍പ്പുണ്ടായിരുന്നു ... തരുണി വീട്ടില്‍ നിന്നിറങ്ങി ലക്ഷ്യ സ്ഥാനത്തെത്തി ചേരുന്നത് വരെയുള്ള പ്രൊട്ടെക്ഷന്‍ ചുമതല തങ്ങളുടെ ജീവിതലക്ഷ്യമാണെന്ന് കരുതി അവള്‍ക്കകമ്പടി സേവിക്കാന്‍ ചൂരക്കാട്ടുകരയുടെ പൊന്നോമന പുത്രന്മാര്‍ തമ്മില്‍ വലിയ കിടമത്സരവും തന്മൂലം വര്‍ഗ്ഗീയ ലഹളയും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു ... ഒരു ഡസനോളം വരുന്ന ഈ ബോഡീഗാര്‍ഡുകളെ പേടിച്ച് തന്നെയാണ് വെറും രണ്ട് പേര്‍ക്കിരിക്കാവുന്ന ബൈക്കില്‍ വന്ന് മോഷ്ടിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്നത് ...

ഒരിക്കല്‍ ജൂനിയര്‍ തങ്കമ്മ കോളെജിലെക്ക് പോകുന്ന വഴിക്ക് സീനിയര്‍ തങ്കയും കൂടെ ഇറങ്ങി ... അഞ്ചങ്ങാടി കഴിഞ്ഞ് ഒരു മൂലയും രണ്ട് തിരിവും നാല് വളവും കഴിഞ്ഞിട്ടും പിന്നിലുള്ള അകമ്പടിക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ലെന്നും അതങ്ങനെ കൂടി കൂടി വരികയാണെന്നും മനസ്സിലാക്കിയ സീനിയര്‍ തങ്കാസ് അമല സെന്ററില്‍ വച്ച് നടത്തം നിര്‍ത്തി തിരിഞ്ഞു നിന്നെന്നും ... ബോഡീഗാര്‍ഡുമാര്‍ക്കെതിരെ ശക്തമായ അമ്പെയ്ത്ത് നടത്തിയെന്നും ആ അമ്പെയ്ത്തില്‍ തളര്‍ന്ന് വീണ ചില ടെയിലന്മാര്‍ അവിടെ തന്നെ ഓരോ അക്കെഷ്യമരമായി മുളച്ചു വന്നു എന്നും ചരിതത്തിലെ ചരിത്രം പറയുന്നു ... പക്ഷേ പ്രശ്നം അതു കൊണ്ടും തീര്‍ന്നില്ല ആ സമയം അത് വഴി പോയ ചില കോമരങ്ങള്‍ തങ്കയുടെ പയറ്റ് കണ്ട് അന്ന്‍ കൊടുങ്ങല്ലൂര്‍ ഭരണിയാണെന്ന് തെറ്റിദ്ധരിച്ച് ഉടുത്ത മുണ്ടോടെ ഉറഞ്ഞ് തുള്ളാന്‍  കൊടുങ്ങല്ലൂര്‍ക്കോടിയെന്നും അവിടെ ചെന്നപ്പോളാണ് തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയതും തങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് തങ്കയ്ക്കെതിരെ കേസ് കൊടുത്തതുമത്രേ ...

വാറണ്ടല്ല ഏത് ഗവണ്മെന്റ് വന്നാലും കീഴടങ്ങാത്ത തങ്കയുണ്ടൊ കുലുങ്ങുന്നു ...



തുടരും  (എനിക്ക് വയ്ക്കാനുദ്ദേശിച്ച കൊട്ടേഷന്റെ കാശ് എന്റെ എക്കൌണ്ടിലിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളും സത്യം )





Monday, July 23, 2012

ചൂരക്കാട്ടുകര ചരിതം 3

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ മേഘങ്ങള്‍ ഡെയ്ലി വന്ന് സിഗ്നേച്ചര്‍ ഇട്ട് (സിഗ്നേച്ചര്‍ വിസ്കി അല്ല ഇത് ഇമ്മടെ ഒറിജിനല്‍ ഒപ്പ്) പോയിക്കൊണ്ടിരുന്ന കാലത്ത് ഫ്രാന്‍സില്‍ വിപ്ലവം  പൊട്ടിപ്പുറപ്പെട്ടു ... എന്ത് വിപ്ലവം അതെന്ത് കുന്തമെങ്കിലും ആയിക്കോട്ടെ നമുക്ക് ചൂരക്കാട്ടുകരയിലേക്ക് നടക്കാം .... അല്ലെങ്കിലും ഒന്ന് പറയുമ്പോള്‍ വേറൊന്ന് കേള്‍ക്കാനാണല്ലോ മല്ലൂസ്സിന് തിടുക്കം ...

ചൂരക്കാട്ടുകരയുടെ തങ്കമാഡവും ഗോവിന്ദന്‍ സഖാവും ശ്രീധരേട്ടന്‍ സഖാവുമൊക്കെ ഓരോ ചിന്ന ഇണ്ട്രൊഡക്ഷനിലൂടെ സ്ക്രീനില്‍ വന്ന് പോയ സ്ഥിതിക്ക് കഥാനായകനിലേക്ക് നേരിട്ട് ക്രാഷ് ലാന്‍ഡ് ചെയ്താല്‍ എന്തെന്ന് ഒരു ചിന്ത എഴുത്തുകാരന് വന്നാല്‍ കുറ്റം പറയാനാകുമോ ... ആകില്ല കാരണം എഴുതുന്നത് അവനല്ലേ അല്ല അല്ലേ ... പക്ഷേ എഴുത്തുകാരന്‍ മാന്യനും സര്‍വ്വോപരി മാന്യനും ..സര്‍വ്വോപരി എന്ന പ്രയോഗം എന്തിനെന്നാല്‍ വെറും മാന്യനല്ല സര്‍വ്വരേക്കാളും ഉപരിയായ മാന്യന്‍ തന്നെയെന്ന് ഒരു ആത്മഹത്യാതുല്യമായ ആത്മപ്രശംസ കിടക്കട്ടെ എന്ന് കരുതിയാണ് ... പുകഴ്ത്തല്‍ ഇഷ്ടപ്പെടുന്ന സകലമാന്യ എഴുത്തുകാര്‍ക്കും പുകഴ്ത്താന്‍ സ്വന്തമായി പന്തം കൊളുത്തി പട ഉള്ളത് പോലെ ഈ എഴുത്തുകാരന് പക്ഷേ പുകഴ്ത്തപ്പെടാനുള്ള ആഗ്രഹം ഉണ്ടെങ്കിലും കൊട്ടേഷന്‍ കാശ് കൊടുക്കാന്‍ തയ്യാറായിട്ടും അത്തരം ഒരു പട ഒത്ത് വന്നില്ല ... എന്നാല്‍ പിന്നെ കാശ് ചിലവില്ലാതെ സ്വയം ആ പണി അങ്ങ് ചെയ്താലെന്തെന്നായി ചിന്ത ... അന്തചിന്തകുന്തയുടെ ഭാഗമായി മേല്‍പ്പറഞ്ഞ വരികള്‍ മാന്യ വായനക്കാരങ്ങ് സഹിച്ച് കൊള്ളുക ... അപ്പോള്‍ ആയ കാരണം അങ്ങിനെ ചിന്തിക്കുന്നില്ല.... നായകനിലേക്കെത്തുന്നതിനും മുന്‍പ് ചൂരക്കാട്ടുകരയുടെ മറ്റ് ഭാഗങ്ങളെ കുറിച്ച് കൂടി പറയേണ്ടതായിരിക്കുന്നു .... മുക്കാല്‍ പണം കൊടുത്ത് വാങ്ങിയ ലൂയിസ് ഫിലിപ്പിന്റെ കളസം ഇടുന്നതിന് മുന്‍പേ കീറി പോയ പോലെ ആകരുത് ഈ ചരിതം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് കൂടി നടക്കേണ്ടതായിരിക്കുന്നു ...

ചൂരക്കാട്ടുകരയെ അഞ്ചായി ഭാഗിച്ചിരിക്കുന്നു എന്നാണല്ലോ ആദ്യം പറഞ്ഞത് ... അത് മാറ്റിപറയാന്‍ കഴിയാത്തതിനാലും തല മാറ്റിയാലും വാക്ക് മാറ്റാന്‍ ആകില്ലെന്നിരിക്കെ ... ചൂരക്കാട്ടുകര അഞ്ചായി തന്നെയിരിക്കട്ടെ ...

തൃശ്ശൂര്‍ പൂരത്തിന്റെ മെയിന്‍ ഇഫക്റ്റായ ചൂരക്കോട്ടുകാവ് പൂരം എഴുന്നള്ളിച്ചെത്തുന്നത് ചൂരക്കാട്ടുകാവിലമ്മയുടെ തിരുനടയ്ക്കലില്‍ നിന്നാണ് ... ഈ അമ്പലത്തിനെ ചുറ്റിപറ്റി നില്‍ക്കുന്ന അമ്പലവാസികളല്ലാത്ത അമ്പലവാസികള്‍ തിങ്ങി പാര്‍ക്കുന്ന ഒരു പില്‍ഗ്രിമേജാണ് ചൂരോട്ടാവെന്ന് പറയുന്ന സ്ഥലം ...പണ്ട് പണ്ട് ചൂരല്‍ക്കാടുകളാല്‍ ഫുള്‍കവര്‍ ചെയ്യപ്പെട്ട ഗ്രാമത്തിലെ ഒരു സോളിട്ടറി റീപ്പര്‍ അരിവാള് മൂര്‍ച്ച കൂട്ടിയ പാറയില്‍ ബ്ലീഡിംഗ് ഉണ്ടായെന്നും നിന്തിരുവട്യേ നിന്തിരുവട്യേന്നും വിളീച്ചോടി പോയി നിന്ന നില്‍പ്പില്‍ പത്തോന്ന് ബോധം കെട്ട് വീഴുകയും ചെയ്തത്രേ ... ലോകത്തിലെ സകലമാന ദേവീ ക്ഷേത്രങ്ങളുടെയും കഥ ഇങ്ങനെ ആണെന്നിരിക്കെ എന്തിനീ ബോറന്‍ കഥ പറഞ്ഞു എന്ന് ചോദിക്കരുത് ... ചൂരക്കാട്ടുകര ഭഗവതിയും മറ്റൊരു വിധത്തിലല്ല ജന്മം കൊണ്ടതെന്ന് ബോധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ തിരുഎഴുത്ത് എന്ന് മനസ്സിലാക്കുക ....ഷീ ഈസ് നത്തിങ് ഒഫീഷ്യല്‍ സ്പെഷ്യല്‍ എബൌട്ട് ദാറ്റ് ....

ചൂരോട്ടാവിന്റെ പൊന്നോമന പുത്രന് ആരെന്ന് ചോദിച്ചാലൊരുത്തരേ ഉള്ളൂ ... ദ വണ്‍ ആന്‍ഡ് ഓന്‍ലി വാസുട്ടന്‍ .... ആകാശത്തിനു കീഴെയും ഭൂമിക്ക് മുകളിലും നടക്കുന്ന സകലമാന കാര്യത്തെ പറ്റിയും വ്യക്തമായ ബോധമാണ് വാസുട്ടന് .. വാസുട്ടന്റെ ഈ ബോധോദയത്തിന്റെ ഭാഗമായി വാസുട്ടന്റെ ആരാധകര്‍ അങ്ങെര്‍ക്കിട്ട് കൊടുത്ത പേരാണ് ‘ചെണ്ട‘... വാസുട്ടന്‍ കൊട്ട് വാങ്ങാതെ തിരിച്ച് പോന്നിട്ടുള്ള കവലകള്‍ ഭൂലോകത്തില്ല തന്നെ ... ഈ കാര്യം കാണിച്ച് മൂപ്പര്‍ ഗിന്നസ്സിലേക്കൊരെഴുത്തെഴുതാന്‍ പരിപാടിയുണ്ടത്രേ ...

വാസുട്ടന്റെ ഈ പ്രത്യേകതയ്ക്ക് വോഡ്കയില്‍ നാരങ്ങയെന്ന പോലെ ചേരുമ്പടി ചേര്‍ക്കാനാണ് മൂപ്പരിങ്ങനെ മൂന്നരയടി ഉയരത്തില്‍ ഒതുങ്ങിയതെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ടത്രേ ... പാണന്മാര്‍ കാലങ്ങളായി പാടി നടക്കുക തന്നെയാണ്.... എന്നാണിവന്മാരൊന്ന് ഇരിക്കുകയോ ഓടുകയോ ചെയ്യുക എന്ന വിഷയം ചിന്തനീയം തന്നെ ... പാണന്മാരെ എവിടെയെങ്കിലുമൊന്ന് കുടിയിരുത്തേണ്ടതിന്റെ ആവശ്യവും പ്രമാണിച്ച് ശീതകാലസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കപ്പെടുക വേണം ... പാണന്മാര്‍ ശ്ശേ പറഞ്ഞ് പറഞ്ഞ് ഫോറസ്റ്റ് കയറി പാണന്മാര്‍ പോയി മമ്മൂട്ടി സിനിമകള്‍ കണ്ട് നശിച്ച് നാറാണക്കല്ലെടുക്കട്ടെ കം റ്റു ദ പോയന്റ് ..


തുടരും (വായനക്കാരെ ആക്കി നിര്‍ത്തി എന്ന് പരിഭവം പറയരുത് ... അനര്‍ഗളനിര്‍ഗളമായ ആ ഒരു ഒഴുക്ക് പെട്ടെന്ന് നിലച്ച് പോയതാണ് )



ചൂരക്കാട്ടുകര ചരിതം 2



പണ്ട് ആദാമിന്റെ വാരിയെല്ലെടുത്തു ദൈവം പൊക്കിള്‍ കൊടിയില്ലാത്ത ഏക സ്ത്രീയായ ഹവ്വയെ സ്രിഷ്ടിച്ചതു പോലെ.കെട്ടിയോനായ സൂര്യന്റെ വാരിയെല്ലെടുത്തു ഭൂമിക്കൊരു അച്ചു തണ്ട് ഉണ്ടാക്കി കൊടുക്കുകയുണ്ടായി.അങനെ കെട്ട്യോന്റെ വാരിയെല്ലിന്മേല്‍ നമ്മുടെ പ്രിയങ്കരിയായ ഭൂമിയമ്മ കറങ്ങി കൊണ്ടിരിക്കേയാണു നമ്മുടെ കഥയിലെ പ്രധാന സംഭവങ്ങള്‍ ഉണ്ടായതു ....



അഞ്ചങ്ങാടി എന്ന പ്രദേശം ചൂരക്കാട്ടുകരയുടെ ഒരു പ്രധാന ഭാഗമാണു എന്നതു വീണ്ടും പറയേണ്ടതില്ലല്ലൊ..തിയ്യം കഴിഞാല്‍ കേഡര്‍ പാര്‍ട്ടിക്കു ഏറ്റവും വേരോട്ടമുള്ള സ്ഥലമാണ് എന്ന് പ്രത്യേകിച്ച് ഒന്ന് പറഞ്ഞ് കളയാം എന്ന് എഴുത്തുകാരന്‍ കരുതുന്നത് കൊണ്ട് പ്രത്യേകിച്ച് തന്നെ പറഞ്ഞിരിക്കുന്നു ആരും മുഷിയരുത് അലക്കുകാരെ കിട്ടാനില്ലാത്ത സമയമാണ് ...ചൂരക്കാട്ടുകരയുടെ സ്വന്തം ഈ എം എസ് എന്നറിയപ്പെടുന്ന സഖാവു വാസുവേട്ടന്റെ സ്വന്തം പ്രവര്‍ത്തന മേഖല..... ലോകത്തിലെ ഒരു കമ്മ്യൂണീസ്റ്റുകാരനും ചീത്തയാകാന്‍ കഴിയില്ല എന്ന് അറബികഥയിലെ ശ്രീനിവാസന്‍ പറഞ്ഞത് വാസുവേട്ടന്റെ ഡയലോഗ് കോപ്പിയടിച്ച് കൊണ്ടാണ് , വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത പരമസാധുവായ യഥാര്‍ത്ഥ ഈ എം എസ്സ് അതായിരുന്നു വാസുവേട്ടന്‍.....



കള്ളവാറ്റിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമാണ് അഞ്ചങ്ങാടി..മൂന്നുഭാഗവും പരന്നു കിടക്കുന്ന പേരാമംഗലം പാടമാണു മേല്‍പ്പറഞ്ഞ ബഹുമതിക്കു ഈ സ്ഥലത്തെ അനുയോജ്യമാക്കിയത്....അടിയന്തരാവസ്ഥ കാലത്തു ഒരുപാട് നക്സലുകളെ സമ്മാനിക്കുകയും രാജനെപോലുള്ള രക്തസാക്ഷികള്‍ ഉണ്ടായപ്പോള്‍ തങളുടെ സേവനം ഇനിയും ഈ നാടിന് ആവശ്യമാണു എന്നു കരുതി മാത്രം നക്സലിസത്തില്‍ നിന്നു മോചിതരായി പരമസാധുക്കളായി മാറുകയും ചെയ്ത ചില മാന്യദേഹങള്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മൂക്കുമുട്ടി കുടിച്ച് ഉണ്ടാക്കിയെടുത്ത കേരള ഉദയ കലാസമിതി, കുറച്ചു നാള്‍ മുന്‍പ് വരെ

ചൂരക്കാട്ടുകരയുടെ സംസ്കാര രൂപീകരണകര്‍മ്മം ഭംഗിയായി നിര്‍വഹിച്ച് പോന്നിരുന്നു...



ഇറാഖിന്റെ രഹസ്യായുധങളെ പറ്റിയും അമേരിക്കയുടെ സാമ്രാജ്വത്വ നിലപാടുകളെ പറ്റിയും,ഇന്ത്യയുടെ കാര്‍ഷികവളര്‍ചയുടെ ഉന്നമനത്തിനെ പറ്റിയും പ്രത്ത്യുല്‍പ്പന്നമിതത്വവാദികള്‍ ചര്‍ച്ചിക്കാറുണ്ടായിരുന്നു...അറബ് വംശജന്മാരെ മാത്രം തിരഞ്ഞ് പിടിച്ച് കൊന്ന് കളയുന്ന ബോംബ് ഇസ്രയേലിന്റെ പക്കലുണ്ട് എന്ന് വരെ പറഞ്ഞ് കളയുന്ന തരം ചര്‍ച്ചകളാണ് കലാസമിതി സായംകാലങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുക .... കലാസമിതിയും പ്രവര്‍ത്തനങ്ങളും പെന്‍ഡിങ്ങില്‍ നില്‍ക്കട്ടെ ....



അഞ്ചങ്ങാടി എന്ന സുന്ദരമായ പേര് ഈ പ്രദേശത്തിനു ലഭിച്ചതിനു പിന്നില്‍ ദേവലോകത്തെ കിടിലം കോള്ളിച്ചു കൊണ്ടിരുന്ന ഉര്‍വശി,മേനക,രംബ,തിലൊത്തമമാരുടെ മനുഷ്യാവതാരം എന്ന് കരുതപ്പെടുന്ന അഞ്ച്സുന്ദരികളാണ്...ഈ അഞ്ച് പേരും വിഹരിചു വിരാജിച്ചിരുന്ന പ്രദേശം എന്നതു കൊണ്ടാണു അഞ്ചങ്ങാടി എന്ന് ഈ പ്രദേശം അറിയപ്പെട്ട്

തുടങിയത്...പഞ്ചപാണ്ഡവന്മാരില്‍ മൂത്തവന്‍ യുധിഷ്ടിരനോ കര്‍ണ്ണനോ ദുര്യൊധനനൊ അതൊ സാക്ഷാല്‍ കുന്തി തന്നെയോ എന്നതു ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍നില്‍ക്കുംബോളും മൂന്നാമന്‍ അര്‍ജ്ജുനന്‍ തന്നെ എന്ന

കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല...സുന്ദരനും സൂമുഖനും ആയിരുന്ന അര്‍ജ്ജുനന്‍ വില്ലാളിവീരന്‍ എന്ന നിലയില്‍ ലോകം അറിയുന്നവനായി എങ്കില്‍....അഞ്ച് സുന്ദരികളില്‍ മൂന്നാമത്തവളായ ശ്രീമതി

തങ്ക (ഫൂലാന്‍ ദേവി) തന്റെ വായില്‍ നിന്നു വീഴുന്ന പാശുപതാസ്ത്രം കൊണ്ട് ലോക പ്രശസ്തയായി തീര്‍ന്നു എന്നു പറയേണ്ടതില്ലല്ലൊ...



എല്ലാവര്‍ഷവും കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ദിച്ചു നടക്കുന്ന ‘അക്ഷരശ്ലൊക‘ മാമാങ്കത്തിനു പുതുമയുള്ളതും അര്‍ഥഗംഭീരമായതുമായ പുതുപുത്തന്‍ ശ്ലോകങള്‍ക്ക് വേണ്ടി പലരും ബന്ധപ്പെട്ടിരുന്നത് തങ്കയെ ആയിരുന്നു ..തന്മൂലം

ആഘോഷകമ്മറ്റിക്കാര്‍ വര്‍ഷം തോറും ആദരിച്ചു പോന്നിരുന്ന ഒരു അപൂര്‍വ പ്രതിഭയായിരുന്നു ചൂരക്കാട്ടുകരയുടെ പ്രത്യേകിച്ചു അഞ്ചങ്ങാടിയുടെയും അഭിമാനമായിരുന്ന തങ്ക...ദ്വയാര്‍ത്ഥപ്രയോഗങള്‍ക്ക് പേരുകേട്ട തങ്ക ഇലക്ഷന്‍ കാലത്തു കൊടിയുടെ നിറം നോക്കാതെ തന്നെ സമീപിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങള്‍ക്കും ഒരു പോലെ സഹായം ചെയ്തു

കൊടുക്കാറുണ്ടായിരുന്നു...പക്ഷഭേദമില്ലാത്ത ഈ പ്രവര്‍ത്തി സോഷ്യലിസ്റ്റ് എന്ന ഒരു ഓമനപ്പേരുകൂടി തങ്കയ്ക്ക് ചാര്‍ത്തി കൊടുത്തു.....



തുടരും (ഭീഷണി)

Sunday, July 22, 2012

ചൂരക്കാട്ടുകര ചരിതം 1



കൂട്ടുകാരെ ഇതെന്റെ ഗ്രാമത്തിന്റെ ചരിത്രം ... നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു ... ഒരു തുടര്‍പരമ്പര ... ഇഷ്ടപ്പെട്ടെന്നറിഞ്ഞാല്‍ തുടരും ഇല്ലേലും തുടരും ....

പണ്ട് പണ്ടു വളരെ പണ്ടു അണ്ഡകടാഹം എന്ന സംബവം ഉണ്ടാകുന്നതിനും മുന്‍പ് ചൂരക്കാട്ടുകര എന്ന ഒരു ഗ്രാമം നിലനിന്നിരുന്നു (ഇന്നും ഉണ്ട് പിന്നെന്തിനാ കോവാലാ പ്രത്യോകിച്ചിങ്ങനെ പറഞ്ഞെന്ന് ചോയ്ച്ചാല്‍ ഒരു മൂച്ചിന് എന്നുത്തരം ).വിലങന്‍ കുന്ന് എന്ന ഒരു വിലങ്ങിന്ന്റെ ചൊട്ടില്‍ വിലങ്ങനെ കിടക്കുന്ന ഒരു നാട്.....കാറ്റും വെളിചവും ആവൊളം കടന്നു വരികയും വന്നപോലെതന്നെ തിരിചു പോവുകയും ചെയ്തിരുന്ന നാടു...... പാടങള്‍ പാടവരമ്പുകള്‍ തോടുകള്‍ കുളങള്‍ എന്നിവ ആവശ്യത്തിനും കള്ള്ഷാപ്പുകള്‍ ചാരായഷാപ്പുകള്‍ എന്നിങനെയുള്ള മനുഷ്യന്റെ അത്യാവശ്യത്തിനു വേണ്ടിയുള്ള സകലതും സുലഭമായിട്ടുള്ള ഭൂമിയിലെ ഏകസ്വര്‍ഗ്ഗം എന്നു സകലമാനദേഹങളും അംഗീകരിക്കുന്ന ഒരു റൊമാന്റിക് കൊനാട്ട് പ്ലേസ് അതാണു ചൂരക്കട്ടുകര...



വിലങ്ങന്‍ കുന്നിനേക്കാള്‍ ഉയരത്തില്‍ അസാമന്യ തലപ്പൊക്കത്തില്‍ ഒരു ലോകം മുഴുവന്‍ പരന്നുകിടക്കുന്ന അമല കാന്‍സര്‍ റിസറ്ച് സെന്റര്‍ എന്ന ഫൈവ് സ്റ്റാര്‍ ആസ്പിറ്റല്‍.... സുന്ദരിയായ കന്യകയുടെ അരഞാണം പോലെ (പൂവാലന്മാര്‍ക്ക് പുളകിതരാവാന്‍ വേണ്ടി മാത്രമാണീ സെന്റന്‍സ്) ചൂരക്കാട്ടുകരയുടെ അരക്കെട്ടിലൂടെ ദൈവമൊ കേരളസര്‍ക്കാരൊ അണിയിചു കൊടുത്ത നാഷണല്‍ ഹൈവെ....ഒരു ഗ്രാമത്തിന്റെ മുഴുവന്‍ തുടിപ്പുകളറിഞ്ഞ് എന്നും ഏതു സുനാമിയിലും ശാന്തമാ‍യൊഴുകുന്ന കിഴക്കെതോട്.....ചൂരക്കാട്ടുകരയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നു വേണ്ട എല്ലാര്‍ക്കും പചപ്പിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ഈശ്വരന്‍ സ്വയം ഇറങിവന്ന് സ്രഷ്ടിച്ച ചീരംകുളമെന്ന ലോകാത്ഭുതം.......എത്ര തന്നെ മാറ്റിയാലും കടുതതവേനല്‍ കാലത്തുപോലും പച്ചനിറമല്ലാതെ മറ്റൊരു നിറത്തിലും കാണാന്‍ കഴിയാത്ത ചണ്ടികള്‍ കൊണ്ടു മൂടപെട്ട് കിടക്കുന്ന ചീരംകുളം....എല്ലാ ജലാശയങ്ങളെയും നീല നിറത്തില്‍ കാണീക്കുന്നതിനെതിരെ ചൂരക്കാട്ടുകരക്കാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ടെന്ന് പ്രശാന്ത് രഘുവംശം ഡല്‍ഹിയില്‍ നിന്ന് പണ്ടൊരിക്കല്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു ..ഇങനെയൊക്കെ പറഞാലും പറഞാലും തീരാത്ത ഒരു മഹാസംഭവാമീ യുഗെ യുഗേ ആണു ചൂരക്കാട്ടുകര.....



ഫൈവ് സ്റ്റാര്‍ ക്ഷേത്രങ്ങളും അതായത് രമണാ ഹിന്ദുപുരാണത്തിലെ സ്റ്റാറുകളായ അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ശ്രീരാമന്‍, പരമശിവന്‍ പിന്നൊരു സ്റ്റാറിനി ഭഗവതിയും കുടികൊള്ളുന്ന അഞ്ച് നക്ഷത്ര ക്ഷേത്രങ്ങളും ... ഒരു ക്രിസ്ത്യന്‍ പള്ളിയും ( ഒരു നൂറ് മദറുമാരും ഇരുന്നൂറ്റമ്പത് സിസ്റ്റര്‍മാരും ഇത്തിരി പോലം ബ്രദറുമാരും പത്തില്‍ കുറഞ്ഞ ഫാദര്‍മാരും അടങ്ങുന്ന ഒരു കുടുമ്പം അവരങ്ങനെ സുഖായി ജീവിച്ച് പോണ ഒരു പള്ളി ) ,ഒരു മുസ്ലിം പള്ളിയും (കൈകാല്‍ വെട്ട് ഭയന്ന് ഒന്നും പറയുന്നില്ല) അനേകായിരം മനുഷ്യന്മാരും വളരെ സമാധാനത്തോടും മതമൈത്രിയോടും കൂടെ കഴിയുന്ന ഒരു അസാമാന്യ സംഭവംതന്നെയാണു ഈ ഗ്രാമം....



വിപ്ലവപ്രസ്ഥാനങള്‍ക്കും ബൂര്‍ഷ്വവാദികള്‍ക്കും അണികളെ സംബാവന ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത നാട്..എന്തിനധികം പറയുന്നു ചവറയില്‍ പോലും നാലാളെ തികച്ചെടുക്കാന്‍ കഴിയാത്ത ബോള്‍ഷെവിക് പാര്‍ട്ടിക്കു പോലും ജില്ലാഭാരവാഹികളെ സംബാവന ചെയ്ത നാട്....



രാഷ്ട്രീയമായും സാമൂഹികമായും അഞ്ച് ഭാഗങളായി വേര്‍തിരിക്കപെട്ടിരിക്കുന്ന ഗാന്ധിജി കണ്ട ആ പഴേ അതേ സ്വപ്ന ഗ്രാമം ...



ചൂരക്കാട്ടുകരയുടെ ബംഗാള്‍ എന്നറിയപ്പെടുന്ന തിയ്യം നാട്ടില്‍ രണ്ട് പുലികള്‍ ഉണ്ടായിരുന്നു ... പുലികളെന്നാല്‍ സാക്ഷാല്‍ ശിങ്കങ്ങള്‍ സഖാവ് ഗോവിന്ദേട്ടനും സഖാവ് തീപ്പാളി ശ്രീധരേട്ടനും ... സഖാവ് ഗോവിന്ദേട്ടന്റേയും തീപ്പാളി ശ്രീധരെട്ടന്റെയും കാലത്തില്‍ ഒരു ത്രിണമൂലികളും തലപ്പൊക്കിയിരുന്നില്ലത്രെ... അല്ലെങ്കില്‍ തല പൊക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ലത്രേ ... കൂടുതല്‍ വിശദമായി ഈ രണ്ട് ശിങ്കങ്ങളും വരും കാലത്തില്‍ നിങ്ങളെ കൊല ചെയ്യാന്‍ വരും എന്നത് കൊണ്ട് വരും പൂരത്തിന്റെ തിടമ്പിപ്പൊ തന്നെ എഴുന്നള്ളിക്കണില്ല ....



വയസ്സാ‍യതു കോണ്ടൊ ചെവി കേള്‍ക്കാത്തത് കൊണ്ടൊ അല്ല ഇവര്‍ രാഷ്ട്രീയതില്‍ നിന്നും വിരമിചത്.... അച്ഛന്‍ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ആര്‍മാദിചു നടന്നതു കാരണം കിടപ്പാടം പോലും പണയത്തിലായിപോയതിനാല്‍ ഈന്തപനകളുടെ നാട്ടിലെക്കു വണ്ടികയറിയ മകന്‍ പിബി രഹസ്യമായി താക്കീത് ചെയ്തു എന്നാണ് മോളില്‍ പറഞ്ഞ രഘുവംശന്‍ റിപ്പോര്‍ട്ട്.... പണ്ടു അടിയന്തിരാവസ്തകാലത്ത് ഇന്ദിരാഗാന്ധിയെ ചെരുപ്പെറിയാന്‍ ധൈര്യം കാട്ടിയ സഖാവ് (പിന്നീട് ഒറ്റ ചെരുപ്പിട്ട് നടന്ന് ഒരു കാലില്‍ ആണി രോഗം വന്നെന്ന് കാണ്‍ഗ്രസ്സ്ക്കാര് പറയും ) അതിന്റെ പേരില്‍ കൈവന്ന തീപ്പാളി എന്ന പേരു അഭിമാനത്തൊടെ എവിടെയും പറഞു നടക്കുമായിരുന്ന ശ്രീധരേട്ടന്‍ ഇപ്പൊള്‍ വീട്ട്തടങ്കലില്‍ ആണു എന്നാണു രാഷ്ട്രീയവൈരികള്‍ പടച്ചു വിടുന്നതു.... വീട്ട് തടങ്കലെന്താ അത്രക്ക് പ്രശ്നമാണോ .. നോബേല്‍ സമ്മാനം വാങ്ങിയ ലാ ലവളില്ലേ ബര്‍മ്മാക്കാരി പെണ്‍കൊച്ച് അവളൊക്കെ എത്ര കിടന്നും നിന്നും ഇരുന്നു ചാരായം വാറ്റിയും പോലും വീട്ട് തടങ്കല്‍ അനുഭവിച്ചിരിക്കുന്നു ...



ശ്രീധരേട്ടന്റെ കാര്യത്തില്‍ ഇടപെട്ട പുത്രന്‍ തന്നെയാണു ഗോവിന്ദേട്ടന്റെയും രാഷ്ട്രീയ വനവാസത്തിന്റെ പിന്നിലത്രെ...മക്കള്‍ രാഷ്ട്രീയതില്‍ വിശ്വസിക്കാതിരുന്ന ഗോവിന്ദേട്ടന്റെ പുത്രന്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങിയപ്പൊള്‍ മനം മടുത്തൊ മകനോടു പോരാടാന്‍ ശക്തിയില്ലതെയൊ രാഷ്ട്രീയം ഏകദേശം അവസാനിപ്പിച്ച മട്ടിലായി..... ഇനിയും തിയ്യം ഹ്യൂമന്‍ റിസോര്‍സുകളെ പറ്റിയുള്ള വിശേഷങ്ങള്‍ പറയുന്നതിനു മുന്‍പ് തിയ്യത്തിന്റെ ജ്യോമെട്രിക്കല്‍ അതായത് ഭൂമിജന്തുപിന്തുശാസ്ത്രത്തെ പറ്റി പറയേണ്ടത് അത്യാവശ്യമായിരിക്കുകയാണ് ...



തിയ്യം എന്ന മേഖലയെ പറ്റി പറഞ്ഞാല്‍ ചൂരകാട്ടുകരപാടമാണു ഇതിന്റെ അതിര്.... രാത്രികാലങളില്‍ സ്വസ്ഥമായി വെള്ളമടിക്കാന്‍ മാത്രമായി വളര്‍ന്നു വലുതായി ബര്‍ലിന്‍ മതില്‍ പോലൊരു അക്കെഷ്യ മരച്ചോടും....അടിചു പാമ്പായാല്‍ മുങ്ങി കുളിക്കാന്‍ ഒരു തോടും അത് കൊണ്ടു മാത്രം അഹങ്കാരികളായി പോയ കുറെ ചെറുപ്പക്കാരുണ്ട് ആ നാട്ടില്‍.....മംഗലശ്ശേരി നീലകണ്ടന്റെ അച്ചന്‍ ജനിക്കുന്നതിനും മുന്നേ തന്നെ ഇളനീരും പട്ടചാരയവും നല്ല കോംബിനേഷനാണെന്നു കണ്ടുപിടിച്ച മഹാന്മാരുള്ള സ്ഥലം....എന്തൊക്കെ പറഞാലും എല്ലാകൊല്ലവും തിമിര്‍ത്തു പെയ്യുന്ന ഇടവപ്പതിയില്‍ നിറഞ്ഞ് കവിയുന്ന കിഴക്കേതോടും തന്മൂലം വെള്ളപൊക്കത്തിലാകുന്ന തീയ്യവും പത്തൊ പതിനഞ്ചോ ദിവസം സ്കൂളില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ഒന്നുചേരാറുണ്ടു....



പണ്ടു ലാമ്പി എന്ന അതിവിശിഷ്ടവും പുരാതാനവുമായ സ്കൂട്ടര്‍ ഓടിചു ഒരാള്‍ വന്നപ്പോള്‍ മനുഷ്യസ്നേഹം ആവോളമുള്ളതും പരോപകാരികളുമായ തിയ്യത്തിന്റെ അയല്‍ ദേശവുമായ ചാമക്കാട്(ഇതു ചൂരക്കാട്ട്കരയിലെ സ്തലമല്ല) പ്രദേശത്തെ ജനങള്‍ മലവണ്ട് ഒരു ആളെ രാഞ്ചി കൊണ്ടു വരുന്നതാണെന്ന് കരുതി ആ മലവണ്ടിനെ തല്ലിപൊളിചു ആളെ രക്ഷിചിട്ടുണ്ടത്രെ....



മുല്ലപൂംബ്ബൊടിയേറ്റ് കിടക്കുന്ന കല്ലിന് അത്ര സൌരഭ്യമൊന്നും ഇല്ലെന്നാണു ആ സംബവത്തിനു ശെഷം തിയ്യം നിവാ‍സികള്‍ പറയുന്നതു....



തുടരും

മരണം

ജീവിതത്തിലെഴുതാന്‍ തുടങ്ങിയ
പ്രണയമഹാകാവ്യത്തിന്
ഒറ്റവരിയില്‍ പൂര്‍ണ്ണവിരാമം....

പാടാന് തുടങ്ങിയ മനുഷ്യസ്നേഹത്തിന്റെ
കല്ല്യാണി രാഗം ആരോഹണത്തില്‍
അവസാനം...

കൈകളുയര്‍ത്തി ആഞ്ഞ് വിളിക്കാനാഞ്ഞ
വിപ്ലവവാക്യങ്ങള്‍ പാതികണ്ഠത്തില്‍
നിര്‍ത്തി ....

ഭൂമിയുടെ പച്ച നിറമുള്ള റിയാലിറ്റി ഷോയുടെ
ആദ്യ എപ്പിസോഡിനിടയിലെ കൊമേര്‍ഷ്യല്‍
ബ്രേക്ക് ...

ഒരു സാഗരം നിറച്ച് വന്ന്
ഒരു തുള്ളി മാത്രം പെയ്ത്
പറന്ന് പോകുന്ന മേഘം ...

ഈ രാവുറക്കത്തില്‍ നിന്ന് ഉണരാതിരിക്കുന്നത്
ഒര്‍മ്മയുടെ ഇന്നലെകളിലേക്കും ...
നാളെയുടെ ഭാവനകളിലേക്കും മാത്രം ...

അനുരാഗം


നീ എന്റെ മൌനമാണ്….
നിന്റെ ഓര്‍മ്മ കരിച്ച്
കളഞ്ഞതെല്ലാം എന്റെ വാക്കുകള്‍ …
നിന്നെ മറികടക്കാന്‍ പരാജയപ്പെട്ട്
ചിറക് കുഴഞ്ഞ് വീണൊരു
പറവ ഞാന്‍ ….

ചിലപ്പോള് ഞാന്‍ നിറയുന്നുണ്ട്,
ഒരു തുള്ളി തുളുമ്പാന് കൊതിച്ച്
നിന്നെ തേടി …..
എല്ലാ കാഴ്ച്ചകളും നീയെന്ന് തുടങ്ങി
നിന്നിലെത്താതെ ഒടുങ്ങുകയാണ് …

അകലെ ചക്രവാളസീമയില്‍
ഒന്നായി ചേരുന്ന നമ്മള്‍ ….
സ്വപ്നനിമിഷത്തിലെ വര്‍ണ്ണക്കാഴ്ച്ച!!!
അംബര സാഗര സംഗമം …
തിരിച്ചറിവില്‍ ഉരുകി
തീര്‍ന്നില്ലാതാകുന്ന ഞാന്‍ ….

നിന്റെ മള്‍ബറി ഇലകള്‍
കാത്ത് ഒരു നൂല്‍ പോലും
പൊഴിക്കാതെ ഞാനെന്ന
പട്ടുനൂല്‍ പുഴു ...

നിന്നെ നഷ്ടപ്പെതറിഞ്ഞറിയാതെ
വിഡ്ഡിയായ വേഴാമ്പലിനെ പോലെ
മഴകാത്തീ മരുഭൂമിയില്‍ ….

ആത്മാവിന്റെ ജീവിതമെന്ന
വിഖ്യാത മുറിവില്‍
ഉപ്പു പുരട്ടിയത് നിന്റെ പ്രണയം
ഇന്നും നീറി നീറി ജനിമൃതികള്‍
ആയിരം കുടിച്ച് തീര്‍ത്ത്
ഞാന്‍ ….

നിന്നെ നഷ്ടപ്പെടുത്തിയതിനെന്നോട്
പൊറുക്കാന് ആവാതെ
മനസ്സാക്ഷി വിധിച്ച
ദയാവധത്തിന്റെ നാളെണ്ണി ..…
നീലനിറമുള്ള ജമന്തിപൂക്കളെ
കാത്ത് …..

Thursday, July 19, 2012

ഒരു കാടനക്കത്തിന്

വെളുത്തകാടിന്റെ കറുത്തമക്കളെ
ഇടിമുഴക്കി പാഞ്ഞടുക്കുക ....
നിങ്ങളെ പോലെ കാടിനെ കറുപ്പിക്കാന്‍

ആജ്ഞകളുടെ ചിമ്മിനിക്ക് മുന്നില്‍
കരിഞ്ഞ് തീരാതിരിക്കാന്‍ ...
ചിറകുകള്‍ പരസ്പരം കൂട്ടി വച്ച്
കറുത്ത വെളിച്ചത്തിന്റെ
ശ്വാസം കെടുത്തിക്കളയുക...

ഈയാമ്പാറ്റകള്‍ക്ക് മുന്നില്‍
അധികാരത്തിന്റെ മുട്ടിടിക്കട്ടെ ...
ഇനിയും കരുത്തരാവുക
കുഞ്ഞു ചിറകടികൊണ്ട്
പെരുമ്പറകള്‍ മുഴങ്ങട്ടെ ...

വിശ്വസിക്കുക നീ പാവിയ
വിഷവിത്തുകള്‍ മുളക്കുന്നുണ്ട്
ശത്രുവിന്റെ ശക്തിയില്‍
നിനക്ക് കരുത്താകാന്‍ .....

Wednesday, July 18, 2012

കവിത

ഇന്നലെ രാത്രിയിലാണത് സംഭവിച്ചത്
എന്നോ ചവറ്റുകുട്ടയിലേക്കെറിഞ്ഞ
രണ്ട് കവിതകളുമായി തൂപ്പുകാരന്‍ പയ്യന്‍
ഒന്ന് നീല മറ്റൊന്ന് ചുവപ്പ്....

സാര്‍, നഷ്ടപ്പെട്ട രണ്ട് കവിതകള്‍
കണ്ട് കിട്ടിയിരിക്കുന്നു
പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ, ജീവിതത്തിന്റെയും
രണ്ട് കവിതകള്‍ സര്‍....

പറയൂ ....
നീല നിറമുള്ള ഈ കവിത നോക്കൂ സര്‍
പ്രപഞ്ചത്തിന്റെ ശ്വാസം തന്നെ ഉറങ്ങുന്ന
പ്രണയമാണ് വിഷയം
കടലും കടലയും കടലാടിയും
മണ്ണും വിണ്ണും പെണ്ണും
വാനവും മാനവും ദാനവും
എല്ലാമടങ്ങുന്ന നീല നിറമുള്ള പ്രണയം
ഇതെങ്ങിനെ നഷ്ടപ്പെടുത്തിക്കളഞ്ഞൂ സര്‍ ???

ചുവപ്പ് നിറമുള്ള ഈ കവിത കാണണം സര്‍
മനുഷ്യത്വമുറങ്ങുന്ന വിപ്ലവം
ചൂഷകന്റെ നെഞ്ചും,
മര്‍ദ്ദകന്റെ തലയൊട്ടിയും,
പിളര്‍ത്തുന്ന വിപ്ലവം...
പട്ടിണിക്കാരന്റെ ശ്വാസവും,
പണിക്കാരന്റെ ഉണര്‍ത്തുപാട്ടും....
ഈ കവിതയ്ക്കെങ്ങിനെ നഷ്ടപ്പെടാന്‍ കഴിഞ്ഞൂ സര്‍ ???

മകനേ, പ്രണയം വെളുത്ത
നിറമുള്ള ഒരു മുട്ട മാത്രമായിരുന്നു
അടവച്ച് വിരിയിച്ച്
പാട്ട് കേട്ടുറങ്ങാന്‍ കുയിലിന്റെയെന്ന്
നിനച്ചിരിക്കുമ്പോളാണ്,

കൂട്ടിവച്ച് അണിയിച്ചൊരുക്കി
വീടും വയ്ക്കുന്ന അടയ്ക്കാ കുരുവിയുടെതെന്ന്
സംശയം ജനിച്ചത്,

ചീത്ത കൊത്തി വലിക്കുന്ന
കാക്കയുടെതെങ്കിലും ആകണേയെന്ന്
കരുതിയിരിക്കുമ്പോളാണ്,

ഉഗ്രവിഷമുള്ള ഏതോ ഉരഗത്തിന്റെയെന്ന്
ബോധ്യം വന്നത് !!!!!

പ്രണയത്തിന്റെ നീലനിറം വിഷത്തിന്റേതെന്ന്
ബോധമുദിച്ച വേളയിലാണ് ഉപേക്ഷിക്കണമെന്ന്
തീര്‍ച്ചപ്പെടുത്തിയത്.....

ഇനി വിപ്ലവത്തിന്റേത് കവിതയുടെ ഭാഷയല്ലെന്ന്,
വെട്ടെണ്ണം അന്‍പത്തൊന്നെന്ന്,

ബംഗാളിയുടെ ഒന്നാം പൌരത്വമെന്ന്,
ഷൂക്കൂറിന്റെയും, ഫസലിന്റെയും, അനീഷ് രാജന്റെയും,
കൊടി മാറിയ രക്തസാക്ഷിത്വത്തിന്റേതെന്നും,

ഇരുപത് പേര്‍ വട്ടമിട്ട് പീഡിപ്പിക്കുന്ന,
ഭരിക്കുന്നവന്റെ സ്വന്തം ഗുവാഹട്ടിയിലെ
ജനാധിപത്യത്തിന്റേതെന്നും,
ഭാഷ മാറ്റം സംഭവിച്ചിരിക്കുന്നു ...

വിപ്ലവം കവിതയിലാക്കുന്നതും കാത്ത്
ചരിത്രം ആവര്‍ത്തിക്കാന്‍ നില്‍ക്കുന്നുണ്ട് .....

നെരൂദിയന്‍അംബാസിഡര്‍ പണി
ഭയന്ന് ഒഴുക്കി കളഞ്ഞതാണ് ...



Tuesday, July 17, 2012

പ്രണയം

ഒന്ന്
ആകാശത്തില്‍ നിന്ന്
ഭൂമിയിലേക്കുള്ള ദൂരത്തില്‍
തങ്ങി നില്‍ക്കുന്നത് മുഴുവന്‍
പ്രണയം ....
ഭൂമി നീരാവിയിലെഴുതി പ്രണയം
ആകാശത്തേക്ക്
ആകാശം മഴയിലെഴുതി പ്രണയം
താഴോട്ട് .....

ആവി കൊണ്ടും മഴകൊണ്ടും
ആകാശത്തിനും ഭൂമിക്കുമിടയില്‍
അളന്ന് തീരാത്തത്ര പ്രണയം ....
രണ്ട്
എന്റെ നേര്‍ത്ത തലോടലില്‍
നിന്നില്‍ ഒരു മിന്നല്‍
ആകാശത്തേക്ക്
എന്റെ ആലിംഗനത്തില്‍
ഒരു നാണക്കിളിയും
 

Monday, July 16, 2012

പീലിപ്പെണ്ണ്

എന്റെ മയില്‍പ്പീലി 
പെറ്റിട്ട പെണ്‍കുഞ്ഞുങ്ങളെ
അവള്‍ തന്നെ കൊന്നു കളഞ്ഞത്
അവള്‍ക്കെന്നോടുള്ള
ഒടുങ്ങാത്തിഷ്ടമാണെന്ന് ...

എനിക്ക് ലാളന പോലും

കഴിയാത്ത കുഞ്ഞുങ്ങള്‍ വേണോയെന്ന്
ചുമരിന് പോലും ദുഷിച്ച കണ്ണല്ലോയെന്ന് ....

നാളെ ഉണ്ടായേക്കാവുന്ന
ഒരു പീഡന വാര്‍ത്ത ഭയക്കുന്നെന്ന്...

Sunday, July 15, 2012

ഹൈക്ക്

മിന്നല്‍


നമ്മുടെ പ്രണയലീലകള്‍
പകര്‍ത്തിയെടുത്ത് വിറ്റ്
കാശാക്കുന്നു കരിമേഘങ്ങള്‍ .....

ഇടി

ഒരു മിന്നലില്‍ ഭയന്ന എന്റെ കണ്ണില്‍
മേഘഗര്‍ജ്ജനത്തേക്കാള്‍ നീ തന്നൊരുമ്മയില്‍ ...
മൌനത്തിലാണ്ടത് കറുത്ത മേഘങ്ങള്‍ ...

വൈരുദ്ധ്യങ്ങള്‍

ഒന്ന്

വര്‍ഷത്തില്‍ കുടയായി
ഗ്രീഷ്മത്തില്‍ വിശറിയായി
ശരദ്ദില്‍ പൊഴിയാതെ
ശിശിരത്തില്‍ പുതപ്പിച്ച്
ഋതുക്കള്‍ക്കൊപ്പം മാറാതെ
നീയും നിന്റെ പ്രണയവും

രണ്ട്

പെരുമഴയുടെ വര്‍ഷവും
ഉഷ്ണത്തിന്റെ ഗ്രീഷ്മവും
ഇലപൊഴിച്ചിലിന്റെ ശരദ്ദും
മരവിപ്പിക്കുന്ന ശിശിരവും
എല്ലാം നിന്റെ പ്രണയം തന്നെ

ഇറച്ചിക്കോഴികള്‍



അമ്മുവിന് ഒരു വയസ്സ് തികയും മുന്‍പാണ് അവളുടെ അച്ഛന്‍ പാടത്ത് വിഷം തീണ്ടി മരിക്കുന്നത്...ഞാറ് നടുന്ന പെണ്ണുങള്‍ക്ക് ഒരു സഹായത്തിനായി പോയതായിരുന്നു ആകെയുള്ള ആറരപറ കണ്ടത്തില്‍....അച്ഛനെ പറ്റി അമ്മുവിനറിയാവുനതിത്ര മാത്രം കൂടുതലൊന്നും അവള്‍ അമ്മയൊട് ചോദിച്ചിട്ടില്ല....അവള്‍ക്ക് രണ്ട് വയസ്സാകുന്ന ദിവസമാണ് ചെറിയച്ഛന്‍ ആ വീട്ടിലേക്ക് വന്നതെന്ന് നാണിയമ്മൂമ്മ പറയാറുള്ളത് അവള്‍ ഓര്‍ത്തു....ചെറിയച്ചനെ അമ്മുവിനൊരുപാടിഷ്ടമാണ് ചെറിയച്ഛനമ്മുവിനേയും...വൈകീട്ട് ചെറിയച്ഛന്‍ വരുന്ന കാറില്‍ അമ്മ ജോലിക്ക് പോകുമ്പോള്‍ എന്നും അമ്മക്ക് തലയില്‍ വക്കുവാന്‍ ചെറിയച്ഛന്‍ മുല്ലപ്പൂ കൊണ്ട് വരാറുണ്ടായിരുന്നു കൂടെ അമ്മുവിന് പലഹാരപ്പൊതിയും.....

അമ്മു വലുതാവുകയായിരുന്നു മിടുക്കി കുട്ടിയായി .... അമ്മുവിന്റെ എല്ലാ ഉയര്‍ച്ചയിലും ചെറിയച്ചന്‍ അമ്മുവിനോടൊപ്പമുണ്ടായിരുന്നു.....എന്നും അമ്മുവിനെ സ്കൂളീല്‍ വിടുന്നതും തിരിച്ച് കൊണ്ടുവരുന്നതും എല്ലാം ചെറിയച്ഛനായിരുന്നു....അത് പോലെ അമ്മുവിന്റെ എല്ലാ കാര്യങളിലും ചെറിയച്ഛന് അതീവ ജാഗൃതയായിരുന്നു ... വീട്ടില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ ചെറിയച്ഛന് സ്വന്തം കുഞ്ഞുങള്‍ പോലെ തന്നെയായിരുന്നു അവറ്റകളുടെ ഭക്ഷണവും വെള്ളവും എന്ന് വേണ്ട ശുചിത്വകാര്യത്തില്‍ പോലും ചെറിയച്ഛന്‍ ഒരുപാടാകുലനാകുന്നതമ്മു കണ്ടിട്ടുണ്ട്...വളര്‍ന്ന് പാകമാകുമ്പോള്‍ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കുമ്പോള്‍ മാത്രമാണ് ചെറിയച്ഛനോട് അമ്മുവിനല്‍പ്പമെങ്കിലും വിഷമം തോന്നിയിരുന്നത്..എങ്കിലും ചെറിയച്ഛന്റെ സ്നേഹം അതിലും എത്രയോ കൂടുതലായിരുന്നു....അച്ഛനില്ലാത്ത തന്നെ ആ കുറവ് ഒരു നിമിഷത്തേക്ക് പോലും അനുഭവിപ്പിക്കാതെ വളര്‍ത്തുന്ന ചെറിയച്ഛന്‍...അമ്മു ദൈവത്തോടെന്നും പ്രാര്‍ത്ഥിച്ചിരുന്നത് ചെറിയച്ഛന് നല്ലത് വരുത്തണെമേ എന്ന് മാത്രമയിരുന്നു .....

അന്ന് അമ്മുവിന്റെ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് വന്ന ദിവസമായിരുന്നു ഉയര്‍ന്ന മാര്‍ക്കോട് കൂടിയ വിജയം ചെറിയച്ഛനെ ആദ്യം അറിയിക്കണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് അമ്മു അമ്മയോട് പോലും പറയാതിരുന്നത്....ചെറിയച്ഛന്‍ കൊണ്ട് വന്ന രണ്ടാം പൊതിയിലെ പലഹാരത്തിന് കൊതിച്ച അമ്മുവിന്റെ കണ്ണൂകളില്‍ സുഗന്ധമുള്ള മുല്ലപ്പൂവിന്റെ വെള്ളനിറം ഇരുട്ട് പകര്‍ത്തുകയായിരുന്നു...

മുല്ലപ്പൂ ചൂടി ചന്തയിലേക്ക് യാത്രയായ ആ ഇറച്ചിക്കോഴിയുടെ കണ്ഠത്തില്‍ പറയാന്‍ മറന്ന് പോയ ഒരു പരീക്ഷാവിജയം തങിനില്‍ക്കുന്നുണ്ടായിരുന്നു..

Wednesday, July 11, 2012

ഒരു നോട്ടം



പാതിതുറന്ന ജാലകത്തിലൂടെ
ചിതറിത്തെറിച്ച് സ്വാതന്ത്ര്യം
നേടിയൊരു നോട്ടത്തില്‍ പതിഞ്ഞത്...

വെള്ളമേഘനേരിയതണിഞ്ഞ്
കളിപറഞ്ഞ് കുണുങ്ങിയിരുന്ന
സുന്ദരിയാകാശം പൊടുന്നനെ
ചുവപ്പ് പട്ടണിഞ്ഞ്,
കരിമേഘ കണ്ണെഴുതി,
മുല്ലപ്പൂ നിലാവ് ചൂടി,
പടിഞ്ഞാറ്റയിലേക്കിറങ്ങുന്നുണ്ട
കള്ളക്കാമുകന്‍ ചന്ദ്രനെക്കാണാന്‍ ...

ചന്ദ്രനോ മൊബൈല്‍ക്കാമറയുടെ
നക്ഷത്രച്ചിമ്മലുമായി കള്ളചിരി ചിരിച്ച് .....

ഹൈക്ക്

പ്രണയം
നമ്മുടെ പ്രണയം ഒരു
പുല്‍നാമ്പായാല്‍ മതി
ഒരു കൊടുങ്കാറ്റിലും
കടപുഴകാതങ്ങനെ ...
പര്‍ദ്ദ
സൂര്യന്റെ പ്രിയതമ പകല്‍
ചന്ദ്രാഗമനത്തില്‍
പര്‍ദ്ദക്കുള്ളില്‍ മുഖം
പൂഴ്ത്തി രാവായി മാറി
സ്വപ്നം

കണ്ണടച്ചിലിലെ
പുഞ്ചിരിക്കപ്പുറം
കണ്ണ് തുടയ്ക്കുന്ന
ജീവിതത്തിലേക്ക്
പ്രവാസം
മരുക്കാറ്റൂറ്റിയെടുത്ത
ഒരു കുമ്പിള്‍ ആത്മാവില്‍
വരണ്ടുണങ്ങിയ പ്രണയതാരകങ്ങള്‍...
മഴ
ഒഴിഞ്ഞൊഴുകി പുഴയായ്
ആവിയായ് മേഘമായ്
പിന്നെയും ദുഖപ്പെരുമഴ
....
123 പതിമൂന്നായത്

ഒന്നും മൂന്നും
പ്രണയിച്ചു
രണ്ടൊന്നിനെ
ഡൈവോര്‍സ്
ചെയ്തു ....
 

Tuesday, July 10, 2012

പ്രണയമേ



നൂറ്റാണ്ട് മുന്‍പത്തെ നിന്റെ പെയ്ത്തില്‍
ഞാനിന്നും തളിരണിഞ്ഞ് ....
ഒരു കാറ്റായ് നിന്നെ മോഹിക്കുന്നുണ്ട് ...
മറന്ന് പോയൊരു ഇലയനക്കത്തിനായി ..

രാഗഭാരം

പ്രിയേ,

എന്റെ എല്ലാ പ്രണയവും സംഭരിച്ച് വച്ച് ഞാന്‍ രൂപം
നല്‍കിയ തംബുരുവാണ് നീ ...
എന്റെ ഒരു നേര്‍ത്ത തലോടലില്‍ പാടാന്‍ വെമ്പി
തന്ത്രികള്‍ മുറുക്കി നീ ഇരിക്കുന്നു ...
ചുട്ടുപഴുത്ത ഈ മരുഭൂമിയില്‍ ഒരിക്കല്‍
നീ ഒരു മഴ പോലെ പെയ്യുമെന്ന് പ്രതീക്ഷയാണ്
എന്നെ ശ്വസിപ്പിക്കുന്നത് ...
നിന്റെ ഒരു തുള്ളി ഗാനം എന്റെ ശിരസ്സില്‍ പെയ്ത് നെറ്റിയെ തണുപ്പിച്ച്
മൂക്കിന്‍ തുമ്പിലൂടെ എന്റെ അധരങ്ങളില്‍ എത്തി നില്‍ക്കും ....
നിന്റെ പ്രണയം നുകര്‍ന്ന് ഞാനെന്റെ ഹൃദയത്തിലലിയിക്കും ....
മിടിപ്പവസാനിക്കാന്‍ കാത്തിരുന്നെന്റെ ഹൃദയത്തിന്
പുതുജീവന്‍ നല്‍കിക്കൊണ്ട് നീ എന്റെ രക്തത്തിലലിഞ്ഞ് ചേരും ...

അന്നെന്നില്‍ നിന്നുയരുന്ന ഹൃദയഗാനം ഏറ്റ് പാടാന്‍ നിന്റെ തന്ത്രികള്‍ക്ക്
കഴിയുമോ എന്ന് ഞാന്‍ ഭയപ്പെടുകയാണ് ....

Monday, July 9, 2012

ഹൈക്ക്

പ്രസവത്തില്‍ അമ്മയും
പിറവിക്കൊപ്പം അച്ഛനും
മരിച്ച് പോയൊരു കുഞ്ഞാണ്
കവിത ...

പ്രണയം

നമ്മുടെ പ്രണയം ചിരട്ടയില്‍
നിറച്ച് നമുക്കാ മണ്ണപ്പം ചുടാം
കഴിക്കുന്നത് പോലഭിനയിച്ച്
നമുക്ക് പക്ഷേ വിശപ്പകറ്റാം ...

കാണുന്ന ലോകം ഭ്രാന്തരെന്ന് വിളിക്കട്ടെ....
തോഴീ, എനിക്കും നിനക്കുമറിയുമല്ലോ
നമ്മുടെ പ്രണയം തന്നെ
എന്നും നമ്മുടെ വിശപ്പകറ്റിയിരുന്നതെന്ന്

തോഴീ

തോഴീ

എന്റെ ഏഴു വികാരങ്ങള്‍
അലിഞ്ഞ് ചേരുന്ന
മരണമെന്ന കറുപ്പിനപ്പുറം ....

നിന്നിലേക്കേഴായിരം
വര്‍ണ്ണങ്ങള്‍ പ്രതിഫലിപ്പിച്ച്
തൂവെള്ള നിറമുള്ള
ആത്മാവായുയിര്‍ക്കാം ഞാന്‍ ....

ഒരിക്കല്‍

ഒരിക്കല്‍ ഞാനെന്നില്‍ നിന്ന് മുക്തി നേടും ...
അന്ന് എന്റെ പ്രണയത്തിന്റെ വെള്ളിനിറമുള്ള
കുതിരയുമായി നിന്നിലേക്ക് വരും ...
അന്ന് നമുക്ക് നമ്മുടെ ആത്മാക്കളെ ചേര്‍ത്ത്
വച്ച് ഒരു താഴ് കൊണ്ട് എന്നെന്നേയ്ക്കുമായി പൂട്ടി വയ്ക്കാം ...
വിരലുകള്‍ പരസ്പരം കോര്‍ത്ത് വയ്ക്കാം ...
നീലനിറമുള്ള ആകാശത്തിന്റെ അനന്തതയിലേക്ക്
നമുക്ക് നമ്മുടെ കുതിരയെ പായിക്കാം ...

നമ്മുടെ പ്രണയം ഒരിക്കലും മനസ്സിലാകാത്ത
ഈ ചെറിയ ലോകം.....
ആകാശത്ത് തെന്നി നീങ്ങുന്ന വെറും
മേഘശകലങ്ങള്‍ മാത്രമായി നമ്മെയറിയട്ടെ ...

Sunday, July 8, 2012

നീ എന്നില്‍ മരുപ്പച്ചയാവുക

നീ എന്താണൊന്നും മിണ്ടാത്തത് ....
നിന്റെ ഈ മൌനം എന്റെ ഹൃദയത്തില്‍ കനല് പെയ്യുന്നു ...
ഞാനിന്ന് ചുട്ടുപഴുത്തൊരു മണല്‍ക്കാടായി മാറുന്നു ...
നീ നിന്റെ മുതുകില്‍ എന്റെ പ്രണയം നിറയ്ക്കുക ...
ഒരായുഷ്ക്കാലം മുഴുവന്‍ നിനക്കീ മരുഭൂവില്‍ ജീവിക്കാന്‍ വേണ്ട പ്രണയം എന്നിലുണ്ട് ... എന്നെ പൂര്‍ണ്ണമായും നിനക്ക് ഞാന്‍ ഊറ്റി നല്‍കാം ...
സ്നേഹാര്‍ദ്രമായൊരു നോട്ടമായെങ്കിലും നീ എന്നില്‍ മരുപ്പച്ചയാവുക ...
നോക്കൂ നിനക്ക് വേണ്ടി ഞാനെന്റെ ഊഷ്മാവ് പകര്‍ന്ന്
ഒരീന്തപ്പന കായ്പ്പിച്ച് നിര്‍ത്തിയിരിക്കുന്നു ...
എന്റെ പ്രണയമധുരം മുഴുവന്‍ ആവേശിച്ച ഈന്തപ്പഴങ്ങളാണതില്‍
കായ്ച്ച് നില്‍ക്കുന്നത് ...
എന്റെ ഇല്ലായ്മയിലും നിനക്കെന്നിലേക്ക് പ്രവേശിക്കാനാണ് ഞാനീ
മണലില്‍ എന്റെ ചുടുരക്തം ഒഴിച്ച് കളയുന്നത് ...
എന്റെ ഓര്‍മ്മകള്‍ നിന്നെ അലട്ടാന്‍ തുടങ്ങുമ്പോള്‍ നീ
നിന്റെ ഹൃദയം തുറന്ന് വയ്ക്കുക ....
തപിക്കുന്ന ചൂടിലും നിന്നില്‍ ഞാന്‍
തണുത്ത കാറ്റായി വീശാം ...
പ്രണയം തള്ളിവിട്ടീ മരുഭൂവില്‍ എത്തിപ്പെട്ട ആത്മാക്കള്‍ക്ക് നീ മരുപ്പച്ചയാവുക ...

നിന്നിലൂടെ പവിത്രമായൊരെന്‍ പ്രണയത്തിലൂടെ ഈ മരുഭൂമിയെ ഞാന്‍ തോല്‍പ്പിക്കട്ടെ ...

പ്രണയം

മരങ്ങള്‍ യഥാര്‍ത്ഥത്തില്‍ തന്നെ കാപ്പിക്കളര്‍
നിറമണിഞ്ഞ് കോച്ചി നില്‍ക്കുകയാണ് ...
ഇലകള്‍ മഞ്ഞിനെ ആവാഹിച്ച് കരിമ്പച്ച
നിറമുള്ള ഉടുപ്പുകളണിഞ്ഞിരിക്കുന്നു ....
തണുത്ത ശ്വാസം തിന്ന് പണിപ്പെട്ട് അവരിന്ന്
സ്വകാര്യം പറയുന്നതെന്താവാം ...
വര്‍ഷങ്ങള്‍ക്ക് ശേഷം നീയും ഞാനും ഇന്ന് കണ്ട് മുട്ടുമെന്ന്
അവരറിഞ്ഞിരിക്കുമോ ...

നാണം കൊണ്ട് കൂമ്പിയടഞ്ഞ തളിരിലകള്‍
ഓര്‍മ്മിപ്പിക്കുന്നത് നിന്റെ മുഖത്തെയാണ് ...
മഞ്ഞിന്റെ ഏറ്റവും തീവ്രമായ തണുപ്പണിഞ്ഞ്
നിന്നെ പോലെ അവരും ചുവന്ന് തുടുത്തിരിക്കുകയാണ് ...

ഉറങ്ങിക്കിടക്കുന്ന ഈ പുഴയിലേക്ക്
സ്വന്തം ഇലകളെ താഴ്ത്തി മരം ഉണര്‍ത്താന്‍
ശ്രമിക്കുന്നത് നീ കാണുന്നില്ലേ ...
മരത്തിന്റെ പ്രണയം പുഴയോടാണ് ....
വേരുകള്‍ ആരും കാണാതെ
പുഴയെ കെട്ടിപ്പിടിച്ചുമ്മ നല്‍കുന്നുണ്ട് ...

പുഴയുടെ നേര്‍ത്ത തലോടലത്രെ ഈ ഇലമിനുസങ്ങളൊക്കെയും ....

ഞാനുമെന്റയ്യപ്പനും

ഗ്രീഷ്മമേ സഖി പാടിത്തിമിര്‍ക്കുന്ന പ്രകൃതിക്ക് നടുവില്‍ ഞാനുമെന്റയ്യപ്പനും .... ഒഴിഞ്ഞ് നിറയുന്ന മദ്യക്കോപ്പകളും എണ്ണിയാല്‍ തീരാത്തത്ര ബിംബങ്ങളും ... എന്റെ രാഗഭാരം താങ്ങാനാകുമോ എന്ന് ചോദിച്ചാദ്യം വന്നത് കമലപ്പെണ്‍കുട്ടി തന്നെ... ഭ്രമമാണ് പ്രണയം എന്ന് പാടിയൊരു കാട്ടാക്കട ... ഇന്നലെ രാത്രിയില്‍ ഒരു പൂവിരിഞ്ഞിരിക്കാമെന്ന നന്ദിതയ്ക്ക് ... ആ പൂവെന്ത് ചെയ്തെന്ന് സൂഫി വര്യന്‍... ഒന്നും ഒന്നും ഇമ്മിണി വലുതെന്ന് മാങ്കോസ്റ്റീന്റെ തണലിലെ ചാരുക്കസേരയിലേക്ക് ചായുന്നു ... വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണ് പേടിയെന്ന് വിര്‍ജീനിയ വൂള്‍ഫിനെ തര്‍ജ്ജമക്കാര്‍ക്കെത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ പയ്യനും ചാത്തനും പിതാമഹാകാളികളും .... വിപ്ലവം തൊക്കിന്‍ കുഴലിലെന്ന് വസന്തത്തിന്റെ ഇടിമുഴക്കി അര്‍ജ്ജുന്‍ മുന്‍പേ പറക്കുന്ന പക്ഷിയാകുമ്പോള്‍ ... സപ്പര്‍ സര്‍ക്കീട്ടിന് ക്ഷണിക്കുന്നുണ്ട് അതിരാണിപ്പാടത്തിന്റെ ഹൃദയത്തിലേക്കൊരു ഊരുതെണ്ടി ... മകനേ ഇതിന്ത്യയുടെ ഭൂപടമെന്ന് ചൊല്ലിത്തീര്‍ക്കുന്ന പ്രൊഫസ്സറ്ക്ക് മുന്നില്‍ ... ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടെ നീയെന് മകനേയെന്നാര്‍ത്ത് കരയുന്നവനിലേക്ക് മുടിവെട്ടാത്തൊരു അവധൂതന്‍ കടന്ന് വരുന്നു .. തരിക നീ പീതസായന്തനത്തിന്റെ നഗരമേ ഉറക്കെ പാടുകയാണ് ... കഴിയുമീ രാവെനിക്കേറ്റവും ദുഖഭരിതമായ വരികളെഴുതാനെന്ന് പാടുന്ന നെരൂദയെ ... ധനുമാസ രാവിലെ ആര്‍ദ്രമാം ആതിരനിലാവിലേക്ക് ക്ഷണിക്കുന്നുണ്ട് മരണവാതിലില്‍ നിന്നൊരു കക്കാട് ... ചുടലകടന്ന് വലതില്‍ നിന്നിടതിലേക്ക് മാറ്റിയൊരു മന്തുമായ് നരേന്ദ്രനാഥും മുല്ലനേഴിയും മധുസൂദനനും വസ്ത്രമുടുപ്പിച്ച് നഗ്നനാക്കിയ നാറാണത്തില്ലത്തെ ഭ്രാന്തനും ... വരും വരാതിരിക്കില്ലെന്ന് മഞ്ഞ് കൊണ്ടൊരു വിമലയോടൊപ്പം ഷെര്‍ലക്കിനെ ചാരപ്പണിക്ക് വിട്ടൊരു നൂലന്‍ വാസുവും .... വെള്ളിയാങ്കല്ലിലെ പുനര്‍ജ്ജനിയിലേക്കൊരു അല്‍ഫോണ്‍സച്ഛനും ...
ഗ്രീഷ്മമേ സഖി പാടിത്തിമിര്‍ക്കുന്ന പ്രകൃതിക്ക് നടുവില്‍ ഞാനുമെന്റയ്യപ്പനും .... ഒഴിഞ്ഞ് നിറയുന്ന മദ്യക്കോപ്പകളും എണ്ണിയാല്‍ തീരാത്തത്ര ബിംബങ്ങളും .....

Saturday, July 7, 2012

ഹൈക്ക്

ഹൃദയം

നീ വെട്ടി വെളുപ്പിച്ച
ഹൃദയത്തിന്
തൂവെള്ള നിറം

മഴ

ഭൂമിപ്പെണ്ണിന്
ആകാശം
വെള്ളിനൂലിലയക്കുന്ന
ഹംസദൂത്

നാളെ

മറ്റന്നാളിന്റെ
വെറുമൊരിന്നലെ

വേശ്യ

അരച്ചാണ്‍ വിശപ്പടക്കാനും
വായിക്കപ്പെടേണ്ട വിശപ്പടക്കാനും
കവിതയെന്ന് പേരില്‍ രണ്ട് വേശ്യകള്‍

ഹൈക്ക്

തോട്

വയലില്ലാത്ത നാട്ടില്‍
ഏന്തിവലിച്ചൊഴുകുന്നൊരു
തോട്

കാട്

കാട് പിടിച്ച മനസ്സുകള്‍
കാട് മനസ്സില്‍ മാത്രമൊതുക്കി

പുഴ
അന്ന് ഹെലിക്കോപ്റ്ററിലും
ഇന്ന് കടലാസിലും
വെറും വര

മല

മലയിടിച്ച് വിറ്റ്
മല പോലെ പണം
സിഗററ്റ്

ഇന്നൊരു ചിന്നാശ്വാസം
നാളെ അവസാനശ്വാസം

മഴ

കടലാസില്‍ മഴയ്ക്കേഴ് വര്‍ണ്ണം
കൊള്ളുന്ന മഴയ്ക്ക് പ്രാക്കിന്റെ കറുപ്പ്

കസേര

ഇരിക്കുന്നവന്
നഷ്ടപ്പെടലിന്റെയും
നില്‍ക്കുന്നവന്
നേടേണ്ടതിന്റേയും
ടെന്‍ഷന്‍
 

ഒരു യാത്ര

കറുത്ത രാത്രിയില്‍ ചീവിടിന്റെ പോലും നേര്‍ത്ത ഒരു ശബ്ദമില്ലാതിരുന്ന വഴിയിലൂടെ നിശബ്ദതയെ വിദൂരതയിലേക്ക് പായിച്ച് കൊണ്ട് പാതയ്ക്ക് മെയ്യാഭരണങള്‍ പോലെ  കിടന്നിരുന്ന കരിയിലകള്‍ക്ക് മേലേക്ക് കരുത്ത ചക്രങളും ഇരുംബിന്‍ ലാടങളും അമര്‍ത്തിക്കൊണ്ട് കാളവണ്ടി വരവായി....പായില്‍ പൊതിഞ്ഞ ശവത്തേയും പേറി ചുടുകാടിന്റെ വിജനതയിലേക്ക് ചലിക്കുന്ന വണ്ടിയില്‍ കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും ആയി കാറ്റിനോടിതിരിടാനെന്ന പോലെ വെറുതെ വീശിക്കൊണ്ടിരിക്കുന്ന ചാട്ടയും പേറി അവനും ....വിണ്ട് വലിഞ്ഞ അവന്റെ ചുണ്ടുകള്‍ വേനല്‍ കാലത്തെ നെല്പാടങളെ ഓര്‍മിപ്പിച്ച് കൊണ്ടെയിരുന്നു കത്തിച്ച് വച്ച ബീഡി വളര്‍ന്ന് കാടുപിടിച്ച മീശയ്ക്കും നെഞ്ചക്കം വളര്‍ന്ന താടിക്കും ഇടയില്‍ വിണ്ട് കിടക്കുന്ന രണ്ട് ചുണ്ടുകള്‍ അവനും ഉണ്ടെന്ന് ബോധിപ്പിക്കാന്‍ വേണ്ടിയായിരുന്നു......

മൂവന്തി നേരത്ത് മോന്തിയ ചാരായത്തിന്റെ കെട്ടിറങി തുടങിയതാകണം ബീഡിയില്‍ കഞ്ചാവിന്റെ ഇലകള്‍ക്ക് സ്ഥാനം കൊടുക്കാന്‍ വിരലുകള്‍ പണിപ്പെടാന്‍ തുടങിയത്...കഞ്ചാവിന്റെ മണം കാറ്റില്‍ പരക്കാന്‍ തുടങിയതോടെ ലക്ഷ്യത്തെ കുറിച്ച് കാളകള്‍ക്ക് ബോധവാന്മാരായ പോലെ......കാളകളുടെ വേഗം വണ്ടിയെ കുലുക്കിക്കൊണ്ടിരുന്നപ്പോള്‍ ശവത്തിന് വിഷമിക്കരുതെന്നു കരുതിയാവണം ചാട്ടയുടെ ആണി കോര്‍ത്ത അറ്റം പതിയെ എങ്കിലും കാളകള്‍ക്ക് മേല്‍ പതിഞ്ഞത്....വെറും ചാരമായ് പോകുവാന്‍ ഉള്ളതെങ്കിലും ഈ പായില്‍ ചുരുണ്ട് കിടക്കുന്നത് ഒരിക്കല്‍ അവന്റെ ഹൃദയം തന്നെയായിരുന്നു....

പാടവരമ്പത്ത് കൂടി നടന്ന് പള്ളിക്കൂടത്തിലേക്ക് പോകുമ്പോളും അങകലേ ഒരു പൊട്ടു പോലെ കാണാമായിരുന്ന കാറുകളെ പറ്റിയാണവള്‍ പറഞ്ഞ് കൊണ്ടിരുന്നത്....മുല്ലപ്പൂവിന്റെ സുഗന്ധം പേറുന്ന കാറിന്റെ ഉള്‍ഭാഗങളും...പഞ്ഞിയേക്കാള്‍ മൃദുലമായ ഇരിപ്പിടവും വേഗത്തില്‍ ഉള്ള ഓട്ടവും അത് മാത്രമായിരുന്നു അവളുടെ വായില്‍ നിന്നെന്നും വീണിരുന്നത്....വാതോരാതെ സംസാരിക്കുന്ന അവളെ നാവിനെല്ലില്ലാത്തവള്‍ എന്നൊരു കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ നൊന്തു പോയ അവന്റെ ഹൃദയമാണവനൊട് പറഞ്ഞത് അവളെ താന്‍ പ്രണയിച്ചു തുടങിയിരിക്കുന്നു എന്ന്....

വിദ്യാലയത്തിന്റെ അതിരുകളില്‍ നിന്ന് താന്‍ കാളവണ്ടിയുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നതിന് ശേഷം ഉള്ള ഒരുമിച്ചുള്ള യാത്രയിലും അവള്‍ക്ക് പറയാനുണ്ടായിരുന്നത് അമ്മയൊടൊപ്പം രാത്രി വിവിധ തരത്തിലുള്ള കാറുകളുടെ സുഖലോലുപതയില്‍ ലയിച്ച് സഞ്ചരിച്ചതും... കാളകള്‍ വമിപിക്കുന്ന ദുര്‍ഗന്ധത്തെ പറ്റിയും ദുര്‍ഘടമാകുന്ന കാളവണ്ടി യാത്രയേ പറ്റിയുമായിരുന്നു....കാറിനോടുള്ള അടങാത്ത പ്രണയമാകണം പത്താം ക്ലാസുകാരിക്ക് പട്ടണത്തില്‍ ജോലിക്ക് പോകാന്‍ വഴിയൊരുക്കിയതും...പുത്തന്‍ കാറുകളില്‍ മുതലാളിമാരൊടൊപ്പം സഞ്ചരിക്കുമ്പോള്‍ പലപ്പോഴും അവള്‍ തനിക്ക് നേരെ മുഖം തിരിച്ചത് എന്തിനായിരുന്നു എന്ന് മനസ്സിലാകാന്‍ വര്‍ഷങള്‍ വേണ്ടി വന്നു ....പൊടിമണ്ണ് തൂളിച്ച് കാതടിപ്പിക്കുന്ന ഹോണടിച്ചും കൊണ്ട് പറന്ന് പോകുന്ന കാറുകള്‍ കാളകളെ വിളറി പിടിപ്പിക്കാന്‍ തുടങിയപ്പോള്‍ മുതല്‍ അവന്‍ അവയെ ഭയപ്പെട്ട് തുടങി......

വര്‍ഷങള്‍ക്ക് ശേഷം തിരികെ നാട്ടില്‍ വന്ന അവളെ കാണാന്‍ വേണ്ടി തന്നെയായിരുന്നു അന്ന് അവളുടെ വീടിന്റെ മുന്നിലൂടെ യാത്ര തീരുമാനിച്ചതും...ഉമ്മറത്തിണയില്‍ കസേരയില്‍ ചാഞ്ഞിരിക്കുന്നത് അവളുടെ അസ്ഥികൂടമാണെന്ന് കരുതാനെ ആ ഒരൊറ്റ നോട്ടം കൊണ്ട് കഴിഞുള്ളു....നുണക്കുഴികള്‍ അലങ്കാരമായി വന്നിരുന്ന ആ കവിളികളുടെ സ്ഥാനത്ത് ഒട്ടിയ തൊലി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു...തന്നെ അവള്‍ കണ്ടുവോ അറിയില്ല എങ്കിലും അവളുടെ കൈകള്‍ കണ്ണില്‍ നിന്നിറ്റ് വീഴുന്ന മിഴിനീര്‍ തുള്ളികളെ തുടച്ചെടുക്കുവാന്‍ പ്രയാസപ്പെടുന്നതവന്‍ കണ്ടിരുന്നു....

മാരകരോഗം വന്ന് മരിക്കുന്നവരെ ദൂരെ ചുടുകാട്ടില്‍ കൊണ്ട് പോയി ദഹിപ്പിക്കുന്ന പണി എത്തിചേരുന്നതും അവനു തന്നെയായിരുന്നു.....പായില്‍ ചുരുട്ടി കെട്ടുമ്പോഴും അവളുടെ കണ്ണുകളില്‍ തന്നെ എന്നും ഭ്രമിപ്പിച്ചിരുന്ന പ്രകാശം അവന്‍ കണ്ടു...

കാറ്റില്‍ പരന്ന കഞ്ചാവിന്റെ സുഗന്ധവും കാളകളുടെ കുളംബടികളുമാസ്വദിക്കാതെ ആ വണ്ടിയുടെ വേഗത്തോടൊപ്പം അവന്റെ മനസ്സും ചുടുകാട്ടിലേക്ക് യാത്രയാവുകയായിരുന്നു... അപ്പോഴും വണ്ടിയുടെ താളം തന്റെ നെഞ്ചിടിപ്പാണെന്ന് തന്നെ അവന് തോന്നിയിരുന്നു.....

വെള്ളിയാഴ്ച്ചകളിലേക്കുണരുമ്പോള്‍



ചുട്ടുപൊള്ളുന്ന നട്ടുച്ചക്കും
കറുത്ത നിറമാണ്
വെള്ളിയാഴ്ച്ചകള്‍ക്ക്
ജുമൈരാത്തിന്റെ* ബോധമി
ല്ലായ്മയില്‍ നിന്ന്
ജീവിതബോധത്തിലേക്കുള്ള
ഉണര്‍ച്ച ....

കത്തുന്ന തീയില്‍ നിന്ന്
ഒന്നരടണ്ണിന്റെ ഏസിയെ
പത്തായും പന്ത്രണ്ടായും
ഭാഗിച്ചനുഭവിക്കുന്ന
ക്യാമ്പ് കൊട്ടാരത്തിലെ
സുഖസുഭിക്ഷ ദിനം ...

ഈന്തപ്പനകളെ പോലെ
ഉരുകി തീര്‍ന്ന് കായ്ക്കുന്ന
ഒറ്റത്തടി പ്രവാസത്തെ
നിലനിര്‍ത്താന്‍ ജലം
സംഭരിക്കുന്നത് ഈ
ഉണര്‍ച്ചകളില്‍ .....

Wednesday, July 4, 2012

കല്ലിന്റെ നവരസങ്ങള്‍



അമ്പലകുളത്തിന്റെ കരയില്‍ നിന്ന്
കമലദളങ്ങളോട് ശ്രംഗരിച്ച്
തെളിനീരില്‍ തെന്നിപ്പാഞ്ഞ്
.....

സ്വര്‍ണ്ണ നിറം കടം
വാങ്ങിയ നെല്‍പ്പാടത്ത്,
അന്നം തേടിയ ഒറ്റക്കാലന്റെ
കണ്ണിലേക്ക് കരുണ നിറഞ്ഞൊരടി ....

കുരച്ചു ചാടുന്ന ശ്വാനന്റെ
നേര്‍ക്ക് വെടിയുണ്ട പോലെ
വീരത്വം ...

രൌദ്രഭാവത്തില്‍ മാവിന്‍ ചില്ലയിലെ
സംഹാരം....

അന്യമതക്കാരന്റെ നെഞ്ചിലേക്ക്
ഭയാനകമായൊരു
എടുത്തെറിയപ്പെടല്‍ ...

കഞ്ചാവും പെത്തടിനും മദ്യവും
ഭീഭത്സമാക്കിയൊരേറ് !
വസന്തത്തിന്റെ ഇടിമുഴങ്ങുന്നത്രേ .....

പെറ്റ് ഊട്ടി വളര്‍ത്തിയ
തള്ളക്ക് നേരെ തൊടുത്തത് !!
തന്നെ യഥാര്‍ത്ഥ ഹാസ്യം .....

എറിഞ്ഞവന്റെ നെഞ്ചിലേക്ക് തന്നെ
തിരിച്ച് നിയോഗിക്കപ്പെടുന്നത്
അത്ഭുതമല്ലാതെന്ത്

ശാന്തമായി കുഴിയിലേക്ക് എറിയപ്പെടുന്ന
ശവപ്പെട്ടിയുടെ നെഞ്ചിലേക്ക് ...

Tuesday, July 3, 2012

കവിത

കവിത ഒരു വേശ്യയാണ്
ഒരു വാക്കിലായിരം അര്‍ത്ഥമൊളിപ്പിച്ച്
വായിക്കപ്പെടേണ്ട വിശപ്പകറ്റാന്‍
മുല്ലപ്പൂ ചൂടിയും വെള്ളപ്പല്ല് കാട്ടി
ചിരിച്ചും
തന്നിലേക്ക് വലിച്ചടുപ്പിച്ച്
ആവശ്യമുള്ളത് തന്ന്
ഒരിക്കലും പിടി തരാതെയങ്ങനെ
വഞ്ചിച്ച് വഞ്ചിച്ച്
തെരുവില്‍ നിന്ന് തെരുവിലേക്കും
പലപ്പോഴും മനസ്സില്‍ നിന്ന്
മനസ്സിലേക്കും

ജീവിതങ്ങള്‍



എല്ലാം തിന്ന് തീര്‍ത്ത
മരുഭൂമിക്ക് മുന്നില്‍
ഇങ്ക്വിലാബ് സിന്ദാബാദ്
പറഞ്ഞ് തലയുയര്‍ത്തി
കീഴടങ്ങാന്‍ കൂട്ടാക്കാതെ
മരിച്ച പാറക്കൂട്ടം .....

ലേബര്‍ ക്യാമ്പിലെ
ഏറ്റവും പിന്നിലെ
കാലി പോര്‍ട്ടാക്യാബിന്‍
അടിമുടി ഞെരിപിരി കൊള്ളുന്നുണ്ട്
1971 ലെ സ്വാതന്ത്ര്യത്തിന് ശേഷവും
അമി തുമി ബല്ലോബാഷി പാടി
പാകിസ്ഥാന്‍ മുഷ്ക്കിന് മുന്നില്‍
അടിയറവ് പറഞ്ഞ്
ആസ്വദിക്കുന്നുണ്ട്
ധാക്കാ ചിറ്റഗോംഗ്
സംയുക്തം ...

കത്തുന്ന വെയിലില്‍
രതിമൂര്‍ച്ഛ അനുഭവിച്ച്
മറ്റൊരു വിളവെടുപ്പ് കാലത്തിലേക്ക്
തലയുയര്‍ത്തി ഒരീന്തപ്പന !!!!

മല്‍ഗോവയെന്നോ
പ്ലിയൂരെന്നോ നൂര്‍ജഹാനെന്നോ
പേരറിയാത്ത ഒട്ടുമാങ്ങ
കടിച്ചീമ്പി മുഖത്തും കയ്യിലും
നീരൊഴുക്കി വൃത്തിയോടെ (വൃത്തികെട്ട്)
ബംഗ്ലാദേശ് സൃഷ്ടിച്ച്
ജീവനം നടത്തുന്നുണ്ട്
ബലദിയ*വാല ബൊന്ദു

ബലദിയവാല : മുനിസിപ്പാലിറ്റിയുടെ ഡ്രെയിനേജ്, സ്കിപ്പ് ക്ലീനിംഗ് പയ്യന്മാര്‍ ... 99 % ബംഗ്ലാ‍ദേശികളാണ് ഈ പണിക്ക് പോകുന്നത് ...

കവിതയുടെ വിളി



അറ്റാക്ക് വന്ന് മരിച്ച
നോവ് ഷേര്‍ഖാന്‍ പഠാന്റെ
മീസാന്‍ കല്ല് മാടി വിളിക്കുന്നു ....
ഓടിയരികെ എത്തും മുന്‍പേ
ഒന്നും പുറത്ത് പറയിക്കാത്ത
മരുഭൂമി
ചവച്ച് തീര്‍ത്ത അവശിഷ്ടം
തേങ്ങിപ്പിടഞ്ഞ്
‘അ’
എന്നൊരക്ഷരം തന്ന്
ചത്ത് വീണു !!!

‘അ’ യില്‍ കവിത തിരഞ്ഞ് ഞാന്‍

‘അ’
മൂന്ന് വര്‍ഷം മുന്‍പ് മരിച്ച് പോയ
അമ്മീജാനിന്റെ വാത്സല്ല്യമാക വയ്യ!!!!

‘അ’
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത
അമീര്‍ ഷേര്‍ഖാന്റെ കളിക്കൊഞ്ചലാക
‘അ’സാദ്ധ്യം .....

‘അ’
അര്‍ബ്ബാബെന്ന പേടിസ്വപ്നമോ ??
മരണത്തിനപ്പുറം സ്വപ്നമോ ?
പേടിയോ ?,
‘അ’സംഭവ്യം എന്ന അറിവ്
വേവിച്ചെന്നെ ഇല്ലാതാക്കുന്നു!!!

‘അ’ യുടെ കവിത തേടി,

ഖാന്റെ നാട്, വീട്, സംസ്ക്കാരം
കവിതയ്ക്ക് വേണ്ടി എന്റെ
അന്വേഷണങ്ങള്‍....

ഹൃദയം കൊളുത്തി വലിക്കുന്ന
വേദനയ്ക്കപ്പുറം ....

“അസ്സലാമു അലൈക്കും” സര്‍

എന്ന് ‘അ’ യുടെ (യിലെ) കവിത

മരിച്ചിട്ടും മരിക്കാത്ത
മുസല്‍മ്മാന്റെ വിശ്വാസം ......

ഓര്‍മ്മ വഴി പ്രവാസം

ഇന്നും തിരയെടുക്കാതെ
തോഴീ നമ്മള്‍ ചുട്ട മണ്ണപ്പം

നിന്റെ വളക്കൊഞ്ചലില്‍
ചുമ്പനം കൊണ്ടെന്റെ ആദ്യ കവിത

ഉപ്പ്* വച്ച് പരിഭവം തീര്‍ത്ത
നിന്റെ കളിവൈഭവം

കാശിത്തുമ്പയ്ക്കും മുക്കൂറ്റിക്കും
മത്സരിച്ച ഓണക്കാലം

ആറ്പ്പ് വിളികളില്‍
തൊണ്ട പൊട്ടിയ ഉത്രാടരാവ്

ആത്മസൌഹൃദത്തിന്റെ
തെളീനീരഭിഷേകം

ഒടുവില്‍ നിന്റെ വേദനക്ക്
ദേഷ്യം തീര്‍ക്കാന്‍ നാം

മത്സരിച്ചെറിഞ്ഞ കുഞ്ഞ് കല്ലുകള്‍
അമ്പലക്കുളത്തിന്റെ അടിത്തട്ടില്‍
കിടന്ന് ശപിച്ചതത്രേ
രക്തചന്ദ്രിക നാളിലേക്കുള്ള
നിന്റെ പ്രയാണം
പൂഴിമണലില്‍ ചുട്ട് പഴുത്ത്
എന്റെ ഏകാന്തത

സാഹിത്യം

വൈലോപ്പിള്ളിയുടെ കാക്ക*
മരുഭൂമിയില്‍ വരാത്തത് ....
മാളികയുടെ രണ്ടാം നിലയില്‍
കിതച്ചും വിയര്‍ത്തും കിടക്കുന്ന
പെണ്ണിന്റെ “നാഥന്‍”
ലേബര്‍ക്യാമ്പിലെ ബങ്ക്ബെഡ്ഡിന്റെ
രണ്ടാം നിലയില്‍ തണുത്ത്
മരവിച്ച് കിടക്കുന്നത് കണ്ട്
അറച്ച് വിറച്ചിട്ടാണ് !!!

വയലാറിന്റെ തീരം*
വിസ്മയിപ്പിക്കാത്തത് ...
പച്ചരിച്ചോറിലേക്ക് യു ഏ യില്‍
ഒഴിക്കപ്പെട്ട് ജപ്പാന്‍ വഴി യാത്ര
ചെയ്തങ്ങമേരിക്കയില്‍ എത്തി നില്‍ക്കുന്ന
ബംഗാളി ദാളി*ല്‍
ഇടയ്ക്ക് കേരളമെന്ന് പേടിപ്പിച്ച്
കണ്ണുരുട്ടുന്ന കറുത്ത ഉണ്ടമുളകാണ് !!!!

മുകുന്ദന്റെ പുഴക്ക്*
നേരെ പുച്ഛം കലര്‍ന്ന തുപ്പാണ്!!!
മിസ്രി ഫോറ്മാന്റെ
തല്ല് ഭയന്നൊഴുക്കുന്ന
മണലെടുത്ത രക്തപുഴക്കൊടുവില്‍ ...
വെള്ളിയാങ്കല്ലിലൊരു തുമ്പിയാ
കുമെന്നാരേക്കാളും ഉറപ്പ് ...

പഞ്ചഭൂതങ്ങള്‍



ആകാശം

ഒരു കീറാകാശം
കൊതിച്ചിട്ടാണ്
തള്ളയുടെ
ചിറകിനടിയില്‍ നിന്ന്
പ്രാപ്പിടിയന്റെ
കാലിന്നിടയിലേക്ക്

വായു

അമേരിക്കന്‍ മക്കളുടെ
പ്രാര്‍ത്ഥന തന്തപ്പിടിയുടെ
മൂക്കിലേക്ക്
വായു മിന്നല്‍ പണിമുടക്കി

ജലം

മുങ്ങല്‍ വിദഗ്ദനായിട്ടും
സ്വന്തം ചിതാഭസ്മം
ജലത്തില്‍ ചേരുന്നത്
നോക്കി നിന്നവന്‍
പാവം

ഭൂമി

മൊബൈല്‍ കാമറ
ഓണാണെന്നറിയാതെ
അവന് മുന്നില്‍
ഭൂമിയോളം താഴ്ന്നവള്‍

അഗ്നി

ഫ! നായിന്റെ മോനെ
ഇന്നലെ രാത്രി നിനക്ക്
വിരിക്കാത്ത പായ
ഐന്ധ്യാലി നാണി
പുണ്യാളത്തി ആയിട്ടല്ല !
പുലരുമ്പോളെക്കും നിന്റെ
അമ്മേടെ സദാചാരക്കമ്മിറ്റിയും
കൂട്ടി നീ വരുമെന്നറിഞ്ഞിട്ടും
ആദ്യം പായ വിരിപ്പിച്ച നിന്റെ
തന്തക്കും അതേ പാത്രത്തില്‍ നിനക്കും
ഉണ്ണാന്‍ തരാന്‍
ഐന്ധ്യാലി നാണിക്കിന്നും
ഒറ്റ തന്തയേ ഉള്ളൂ

തെരു വേശ്യക്കണ്ണിലെ അഗ്നി

പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം അഗ്നിയത്രേ ..

അശ്ലീലം



അമ്പത്തൊന്ന് വെട്ട്

മൂലക്കുരുവിന്റെ അസുഖമുള്ള
നീ തലേന്ന് വെട്ടിക്കൂട്ടി തിന്ന്
തീര്‍ത്ത കോഴിക്കറിയല്ലേ
രണ്ടിന് പോയിട്ടിപ്പോളനുഭവിക്കുന്ന
ഈ വേദന ...
അങ്ങനുഭവിച്ചേക്ക് ....

സമൂഹത്തോട്

എനിമ നല്‍കപ്പെട്ടവന്
കക്കൂസ് നിഷേധിക്കരുത്
വലിയ പാതകമാണത്
അവനെവിടെയെങ്കിലുമൊന്ന്
തൂറി തീര്‍ത്തില്ലാതാവട്ടെ

സഖീ

ഒരുപാടകലേക്ക്
 പിരിഞ്ഞ് പോകാം
സഖീ
നിനക്ക് വേണ്ടി ഞാനും
എനിക്ക് വേണ്ടി നീയും
ശ്വസിക്കുന്നെന്ന് മാത്രം അറിയാം
നമ്മുടെ പ്രണയശംഖിനെ
തകരാതെ വയ്ക്കാന്‍

ഹര്‍ത്താല്‍

ഹര്‍ത്താല്‍ ഒരു പ്രതികാരമാണ്
നഗരം കടലെടുത്ത് പോയ
കളിസ്ഥലങ്ങള്‍ പ്രതികാരം ചെയ്യുന്നു
നഗരത്തിലേക്കുള്ള പാതകള്‍
തടഞ്ഞ് കൊണ്ട് തന്നെ

ഹര്‍ത്താല്‍ ഒരു വെന്റിലേറ്റര്‍ റിമൂവറാണ്
കൃത്രിമ ശ്വാസം കൊടുത്ത്
നിലനിര്‍ത്തിയിരിക്കുന്ന
ഭൂമിക്ക് ഒരു ദിവസത്തേക്കെങ്കിലും
കാര്‍ബണ്‍ മോണോക്സൈഡില്‍
നിന്നുള്ള മോചനമാണ്

ആലായാല്‍ തറ വേണം

“എന്തേ കുഞ്ഞേ നീ
ഇങ്ങനെ ഇനിയും വളരാതെ”
ചോദ്യം ഒരാലിന്റെ ആത്മാവിന്റേതാണ്
ഒരു നൂറ്റാണ്ട് കൊണ്ട്
ആകാശം മുട്ടെ വളര്‍ന്ന്
ലോകത്തെ മുഴുവന്‍
ശ്വസിപ്പിച്ച് സ്വര്‍ഗ്ഗം പൂകിയൊരാ
ലിന്റെ ആത്മാവിന്റേത്

ഭൂമിയാകെ ആകാശമായതറിഞ്ഞില്ലേ
വെളുത്ത് കറുത്ത കാടിനെ കാണുന്നില്ലേ
ചോരകുടിച്ച് വീര്‍ത്ത് കാട്ടിലേക്കിറങ്ങിയ
അട്ടകണക്കൊരു നഗരം കാണുന്നില്ലേ
കാറ്റ് കരിന്തിരി കത്തിയതറിഞ്ഞില്ലേ

ഇന്നിവിടെ മഴയില്ല മഞ്ഞില്ല
കുളിരില്ല ആര്‍ക്കും മനസ്സുമില്ല
കിളിക്കൂട്ടമെല്ലാം പറന്ന് പോയി
കളിക്കൂട്ടമെല്ലാം തിരക്കിലായി

തണല്‍ കായാന്‍ വെയില്‍ മാത്രമെങ്കില്‍
കൂട് കെട്ടേണ്ടവര്‍ ഓര്‍മ്മ മാത്രമായെങ്കില്‍
തറകെട്ടി ആത്മീയമോതിയോര്‍
സപ്രമഞ്ച കട്ടിലില്‍ രതിസുഖം തേടിയെങ്കില്‍
ഒരു പടുമരമായി കൊടുങ്കാറ്റില്‍
പുഴകി വീഴാന്‍ വേണ്ടി വളരേണ്ടതെന്തിന്

ഇവിടെ ഈ ചുമരതിര്‍ത്തികള്‍ക്കുള്ളില്‍
പ്രതാപകാലത്തിന്റെ ഓര്‍മ്മക്കും
ഒരു തെളിവിനും വേണ്ടി മാത്രം
ബോണ്‍സായീ എന്ന വിളി കേട്ട്
നില നില്‍പ്പുണ്ടല്ലോ മുത്തച്ഛാ

ഉത്തരം ചട്ടിയിലേക്കൊഴിച്ച
ക്ലോറിന്‍ വാട്ടറില്‍ ദാഹം തീര്‍ത്ത്
ദഹിച്ച് നില്‍ക്കുന്ന ഒരു കുഞ്ഞാലിന്റേത്

ജീവപര്യന്തം

തെക്ക് വേലിയെന്ന് കിട്ടിയ
പൈതൃകസ്വത്തിന്റെ
അവകാശം തേടി ഒരോന്ത്
ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്
കോടതിയിലെത്തിയത്രേ
നഗരവത്കരിക്കപ്പെട്ട ഗ്രാമത്തില്‍
വേലിക്ക് വാദിച്ച
ഓന്തമ്മാവനെ വികസനവിരോധി
പട്ടം കെട്ടി ജയിലടച്ച് കളഞ്ഞു
കാലത്തോടൊപ്പം കോലം കെട്ടിയ
മറ്റൊരോന്തന്‍ ജഡ്ജി

തൃമൂര്‍ത്തികള്‍

രേതസ്സ് രക്തം വിയര്‍പ്പ്
സൃഷ്ടി സ്ഥിതി സംഹാരം
ബ്രഹ്മ വിഷ്ണു മഹേശ്വരന്‍
രേതസ്സിനെ ബ്രഹ്മാവിനോടുപമിച്ച
കവി ലിംഗം ഛേദിക്കപ്പെട്ട്
തെരുവില്‍ കിടപ്പുണ്ട്
വിയര്‍പ്പല്ല ഇപ്പോള്‍ സംഹാരം
രക്തം തന്നെ
കവി തെറ്റെന്ന് തെളിയിക്കാന്‍
ഇതില്‍ കൂടുതലെന്ത് വേണം
പോലീസിന്റെയും വക്കീലിന്റെയും
ജഡ്ജിയുടെയും ബ്രഹ്മാണ്ട തള്ളിച്ചയില്‍
അന്വേഷണം വിയര്‍ത്തു

പ്രണയം 2

ആകാശം മുട്ടുന്ന എന്റെ വലുപ്പം
നിന്റെ പ്രണയത്തിന്റെ ദാനമാണ് ...
എന്നിട്ടും പ്രണയത്തെ കുറിച്ച്
പറയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍
വീണ്ടുമൊരു മഞ്ചാടിക്കുരു പോലെ ....
ആകെ ചുവന്ന്

പ്രണയം

നമ്മുടെ പ്രണയം
ഒരു പളുങ്ക് പാത്രമാണ് ...
നീ അതിലെ പളുങ്ക് മണികളും
ഞാന്‍ നിന്നെ മൂടി കിടക്കുന്ന
ജലവുമാണ്
കാലമാകുന്ന കാറ്റ്
എന്നില്‍ അലകളുണ്ടാക്കട്ടെ
അതില്‍ നീ ഇളകി
നമ്മുടെ പ്രണയത്തില്‍ തട്ടി
മധുരതരമായ സംഗീതം പൊഴിക്കുക ..

ഹൈക്ക്

ഉള്ളിത്തോല്‍ കനമുള്ള
എന്തോ ഒന്നിന് വിവാഹത്രാസില്‍
ഒരു കിലോ സ്വര്‍ണ്ണത്തിന്റെ തൂക്കം
അജീബ് സാ ദേശ് ഹേ ഭായ്

ന്റെ പടച്ചോനെ

കല്ലിനെ പാലില്‍ കുളിപ്പിക്കുക
മുടിയെ കഴുകി വെള്ളം കുടിക്കുക
സ്വര്‍ണ്ണക്കിരീടത്തിന് സംഭാവന
കൊടുക്കാന്‍ പട്ടിണി കിടക്കുക
എന്നാലും കുഴല്‍ക്കിണറിന്
അടപ്പിടരുത്

പരാതി



എന്റെ പ്രണയം ഒരു വൃത്തമാണ് ...എന്റെ എന്നെ പൂര്‍ണ്ണമായുള്‍ക്കൊള്ളുന്നത്..
.എന്റെ കോപവും ദാഹവും വാശിയും ....കാമവും സ്നേഹവും എല്ലാം....ഈ വൃത്തത്തിനുള്ളിലുണ്ട്
ഇവിടെ നിന്നെന്റെ കാമത്തിന് മാത്രമായി....രക്ഷപ്പെടാന്‍ കഴിയുകയില്ല...രക്ഷപ്പെടല്‍ ഞാനെന്ന വൃത്തം മുഴുവനായി തന്നെയായിരിക്കും ... നിന്നോടുള്ള പ്രണയം എന്നെ കാമാതുരനാക്കിയിരിക്കാം .... കപടസദാചാരത്തിന്റെ മേനി പറഞ്ഞെന്നെ പൊട്ടിക്കാന്‍ ശ്രമിക്കരുത് ... നീ തോറ്റ് പോകും ... നിന്നോട് മാത്രമാണ് ഞാന്‍ എല്ലാം മറന്ന് ഞാനാകുന്നതെന്നെന്തേ അറിയാഞ്ഞൂ ....

എന്റെ പ്രണയം ഒഴുകി നടക്കുന്ന ഒരു തേനോളമാണ് ... നീ എന്ന പാത്രത്തില്‍ എന്നെ കോരി നിറയ്ക്കുക .... നീയെന്ന പാത്രത്തിലേ നിറയാന്‍ ഞാന്‍ നിന്ന് തരികയുള്ളൂ എന്നുമോര്‍ക്കുക ... എന്റെ പ്രണയം നിറഞ്ഞ് തുളുമ്പാന്‍ തുടങ്ങുമ്പോള്‍ നിന്റെ ആഴം ഇനിയും കൂടേണ്ടതായിട്ടുമുണ്ട് ... തുളുമ്പി പോയെങ്കില്‍ അതെന്റെ കുറ്റമാകുന്നതെങ്ങിനെ സഖീ ...

നിന്റെ മിഴിനീരുകള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നതിന്റെ അര്‍ത്ഥം എനിക്ക് നിന്നോട് പ്രണയമെന്ന് തന്നെയാണ് ... എന്നിട്ടുമെന്തേ സഖീ ഒരിക്കല്‍ പോലുമൊരു മഴയായെന്നില്‍ പെയ്യാതിരുന്നു ...

ആധുനിക കവി

ഓടിയെത്താന്‍ ഒരു
വേലിപ്പൊത്തില്ലാതെ
കിതയ്ക്കുന്നുണ്ട് പാവമൊരോന്തച്ഛന്‍
നട്ടുച്ച വെയിലിലിരുന്ന്
പാടി പാടി മഴപെയ്യിച്ചിട്ടും
ഓടയ്ക്കുള്ളിലെ കറുത്ത
ഓളത്തില്‍ നീന്തേണ്ടി വരുന്നുണ്ട്
മറ്റൊരുത്തനും അവന്റെ
മീന്‍ കുഞ്ഞുങ്ങള്‍ക്കും
മഴപെയ്തിട്ടും മഞ്ഞ് വീണിട്ടും
തളിര് കാണാനില്ലാതെ
സിമന്റ് ചുമരില്‍ മുളച്ച,
ജനിക്കും മുന്‍പേ
മുരടിച്ച് മരണമറിഞ്ഞ
ഒരാല്‍ തയ്യിനെ
നോക്കി കവിതയെഴുതുന്നുണ്ട്
വേലി വെട്ടി പാടം നികത്തി
മണ്ണ് വിറ്റ് നഗരം
പണിത ആധുനിക കവി ....

ഇതാ ഒരു മറുപടി

ലോകത്തിലെ ഇന്നുള്ളതില്‍ ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും റൊണാള്‍ഡൊയെന്നോ മെസ്സിയെന്നോ മാത്രമേ പറയുവാനുണ്ടാകൂ ... രണ്ടു പേരും അസാമാന്യ പ്രതിഭകള്‍ ലോകം കണ്ട ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരായ പെലെയേയും മാറഡോണയേയും പോലും ഈ മഹാ പ്രതിഭകള്‍ പിന്നിലാക്കും എന്ന് കരുതുന്നവരേറെയാണ് ... പോര്‍ച്ചുഗലിനും അര്‍ജന്റീനയ്ക്കും കളീക്കുമ്പോള്‍ ഇവര്‍ തിളങ്ങുന്നില്ല എന്ന് വാദിക്കുന്ന വിമര്‍ശകര്‍ കുറവല്ല എങ്കിലും അര്‍ജന്റീനയ്ക്ക് കളിക്കുമ്പോളും ബാര്‍സലോണയ്ക്ക് കളിക്കുമ്പോളും മെസ്സി തട്ടുന്നത് വായു നിറച്ച ഒരു പന്തിനെ തന്നെയാണെന്നും ....... എതിരാളീകള്‍ പലപ്പോഴും വിശ്വത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ഏറ്റവും മികച്ച പ്രതിഭകളാണ് എന്നും വിമര്‍ശക കൂട്ടം മനസ്സിലാക്കേണ്ടതായിട്ടുണ്ട് ... പറഞ്ഞ് വരുന്നത് മെസ്സിയും റൊണോള്‍ഡോയും ഏറ്റവും മികച്ച പ്രതിഭകളാണ് എന്ന് തന്നെയാണ് ...

എന്നാല്‍ ഞാന്‍ പറയാന്‍ പോകുന്നത് മെസ്സിയേയും റൊണാള്‍ഡൊയെയും പറ്റിയല്ല മുകളില്‍ ഞാനെഴുതിയ ആദ്യത്തെ വരികളും എന്തിനെ ആണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും .. പറയാം അതിന് മുന്‍പ് നമുക്കല്‍പ്പം ചരിത്രം പറയാം കൃത്യമായി പറഞ്ഞാല്‍ 76 വര്‍ഷം മുന്‍പത്തെ ചരിത്രത്തിലേക്കൊന്ന് എത്തി നോക്കാം ... 1936 ആഗസ്റ്റ് നാലാം തിയതി ലോകത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമുണ്ടായി ... ലോകത്തെ അടിമുടി വിറപ്പിച്ച അഡൊള്‍ഫ് ഹിറ്റ്ലറിന്റെ സ്വന്തം നാട്ടില്‍ നടന്ന ഒളിമ്പിക്സ് തന്നെയാണ് പറഞ്ഞ് വരുന്നത് .... കറുത്ത നിറമുള്ള മനുഷ്യരെ വിഷപ്പാമ്പുകളെക്കാള്‍ വെറുപ്പോടെ കണ്ട അന്ധനായ ഒരു ഭരണാധികാരിക്ക് മുന്‍പില്‍ ലോകറെക്കോഡോടെ ചെന്ന് നിന്ന ജെസ്സി ഓവന്‍സ് എന്ന മഹാനായ മനുഷ്യന് അന്ന് നേടിയത് വെറുമൊരു ഒളിമ്പിക്സ് മെഡലല്ല ... തന്നെയും തന്നെ പോലെ തൊലി കറുത്തവരേയും അംഗീകരിക്കാന്‍ തക്ക വിശാല മനസ്സില്ലാത്ത ഒരു ലോകത്തെ ആകമാനമാണ് ... ഒരു ഒളിമ്പിക്സ് മെഡല്‍ കൊണ്ട് ആകാശത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലെത്തിച്ച മഹാനായ ജെസ്സി ഓവന്‍സും കാല്‍പ്പന്ത് കളിയും തമ്മിലെന്ത് ബന്ധമെന്നാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് ... ബന്ധമുണ്ട് എന്ന് മാത്രമല്ല വളരെ വലിയ ഒരു നേര്‍ രേഖയുടെ തുടക്കത്തിലെ ഒരു ബിന്ദുവാ‍ണ് ജെസ്സി ഓവന്‍സെങ്കില്‍ അതിന്റെ ഇന്ന് വരെ ഉള്ള നീളത്തിലെ അവസാന ബിന്ദു മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനും കാല്‍പ്പന്ത് കളിക്കാരനുമാണ് എന്നതാണ് ആ ബന്ധം ... ഓവന്‍സില്‍ നിന്നിന്നിലേക്കെത്തി നില്‍ക്കുന്നതിനിടെ മുഹമ്മദലിയെ പോലെ മഹാന്മാരും ഈ രേഖയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട് ....

ഇന്നലെ രാത്രി ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ വീണ്ടും ആര്യന്മാരുടെ നെഞ്ച് പിളര്‍ന്നിരിക്കുന്നു ഒന്നല്ല രണ്ട് വട്ടം ... മരിയോ ബലോട്ടെലി എന്ന ഇറ്റലിക്കാരന്‍ നേടിയ രണ്ട് ഗോളുകള്‍ .... വെളുത്ത തൊലിയും കറുത്ത മനസ്സുമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ മനസ്സിലേക്കുള്ള വെടിയുണ്ടകളായിരുന്നു എന്ന് പറയുമ്പോളാണ് മുകളില്‍ ഞാന്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നിങ്ങള്‍ക്ക് ബോധിക്കാന്‍ തുടങ്ങുക ... ഇതില്‍ റൊണാള്‍ഡോയും മെസ്സിയും എന്ത് പിഴച്ചു എന്ന് ചോദ്യമുയരുക സ്വാഭാവികം .... ഈ രണ്ട് പ്രതിഭകള്‍ക്ക് അത്ര ഉയരത്തില്‍ ഒരിക്കലും പറഞ്ഞ് കേട്ടിട്ടില്ലാത്ത പേരാണ് ബലോട്ടെല്ലിയുടെത് ... എന്നാല്‍ ഈ രണ്ട് പേരേക്കാളും ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ ബലോട്ടെല്ലി ആണ് എന്ന് ഞാന്‍ ഉറപ്പിച്ച് പറയും ... മുഖം ചുളിക്കാന്‍ വരട്ടെ ...

ഒരു കാല്‍പ്പന്ത് കളിക്കാരന്‍ ശക്തമായ ഒരു മനസ്സിനുടമയായിരിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ക്കാര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല ... ശക്തമായ ഒരു മനസ്സിന് അവന് സ്വസ്ഥത ആവശ്യമായും ഉണ്ട് ... ഒരുപാട് പിന്തുണയും പ്രോത്സാഹനങ്ങളുമൊക്കെ മാത്രമേ അവനെ ശരിയായ പാതയിലെത്തിക്കുകയുള്ളൂ ... മെസ്സിയെ നോക്കുക ... ഇരുപത് വയസ്സ് പ്രായമാകുന്നതിനും മുന്‍പേ പുത്തന്‍ മാറഡോണ എന്ന നാമമാണ് മെസ്സിക്ക് ലഭിച്ചത് .. നാമം മാത്രമല്ല അര്‍ജന്റീന എന്ന തെക്കേ അമേരിക്കന്‍ രാജ്യത്തിനപ്പുറത്ത് ലോകം മുഴുവന്‍ ഈ കുഞ്ഞ് പ്രതിഭയെ വാനോളം വാഴ്ത്തുകയാണുണ്ടായത് ... മെസ്സിയെ മെസ്സി ആക്കി വളര്‍ത്താന്‍ ഒരു ക്ലബ്ബും ഒരു ലോകവും എന്നും കൂടെ തന്നെയുണ്ടായിരുന്നു ... ഡെവിഡ് ബെക്കാം എന്ന ഇതിഹാസതാരം പോയ ഒഴിവിലേക്ക് കൃസ്റ്റ്യാനോ റൊണാള്‍ഡൊ വന്നപ്പോള്‍ ലോകത്തേറ്റവും അധികം ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ റൊണാള്‍ഡോയെ ഏറ്റെടുത്തത് അവരുടെ മനസ്സിലെ തൊട്ടിലിലേക്ക് തന്നെയാണ് ... ലാളിച്ചും പരിപാലിച്ചും റൊണാള്‍ഡോയെ വിശ്വത്തിന്റെ നെടുകയിലേക്ക് നടത്തിയത് അവര്‍ തന്നെയാണ് .. ഇനി ബലോട്ടെലിയിലേക്ക് വരാം .. ലോകമെമ്പാടുമുള്ള മനുഷ്യരുടെ സ്വന്തം ആട്ടിടയന്റെ ഏറ്റവും അടുത്ത ആളുകളുടെ ആസ്ഥാനം ... അവിടെ നിന്ന് കറുത്ത നിറമുള്ള ഒരാട്ടിങ്കുട്ടിക്ക് ലഭിച്ചതെന്താണ് അവഗണനയും എതിര്‍പ്പും അധിക്ഷേപങ്ങളും മാത്രം ... സ്റ്റോപ്പ് റേസിസമെന്ന ബാനറുകള്‍ അതിര്‍ത്തി തീര്‍ക്കുന്ന കളീമൈതാനത്ത് പോലും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന ബലോട്ടെല്ലി ... വംശീയ വെറിയന്മാരുടെ നിരന്തര അധിക്ഷേപങ്ങള്‍ക്ക് മുന്‍പില്‍ ഒരിക്കലെങ്കിലും പൊട്ടിത്തെറിക്കേണ്ടതല്ലേ ... “രാക്ഷസന്മാരോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഒരുവന്‍ പതുക്കെ പതുക്കെ എങ്കിലും രാക്ഷസ സ്വഭാവം കാണിച്ച് തുടങ്ങും” .... എന്നത് തന്നെയാണ് സത്യം ... മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്ന കാലത്ത് കുഞ്ഞ് മരിയോ എത്ര മാത്രം സമ്ഘര്‍ഷമനുഭവിച്ചിരുന്നു എന്ന് നമുക്കേവര്‍ക്കും അറിയാം .... ഒടുവില്‍ ഒരിക്കല്‍ പ്രതികരിച്ച് പോയതിന് വിലക്കും ....

നാസ്സിപട്ടാളജനറലിനെ മുട്ടുകുത്തിച്ച് തിരിച്ച് നാട്ടിലെത്തിയെ ജെസ്സി ഓവന്‍സിനെ സ്വീകരിക്കാന്‍ ഒരാളും അമേരിക്കയിലുണ്ടായിരുന്നില്ല... ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിനെതിരെ പോരാ‍ടാന്‍ ഇറങ്ങുന്നതിനും തൊട്ടു തലേ ദിവസം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ബലോട്ടെലിക്ക് നല്‍കിയ സമ്മാനം ... കിങ്ങ് കോങ്ങ് എന്ന രാക്ഷസക്കുരങ്ങുമായുള്ള ഉപമയാണ് ...

തന്നെ കിങ്ങ് കോങ്ങ് എന്ന് ഉപമിച്ചവര്‍ക്കുള്ള യഥാര്‍ത്ഥ സമ്മാനം തന്നെയാണ് ഇന്നലെ രണ്ടാം ഗോള്‍ നേടിയതിന് ശേഷം ബലോട്ടെല്ലി തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ച് കൊണ്ട് നല്‍കിയത് ...

മരിയോ ബലോട്ടെല്ലി വെറുമൊരു കാല്‍പ്പന്ത് കളിക്കാരന്‍ മാത്രമായൊതുങ്ങുന്നില്ല ... ശാത്ര പുരോഗതിയുടെ ആകാശത്തിലെത്തി നില്‍ക്കുന്നു എന്നവകാശപ്പെടുന്ന സായിപ്പിന്റെ ഒട്ടും വളര്‍ച്ചയെത്താത്ത മനസ്സുകള്‍ക്ക് ഒരു ഉണര്‍ത്ത് പാട്ടാണ് ... ബലോട്ടെല്ലി നീ ഒരു പ്രതീകവും പ്രത്യാശയുമാണ് ... അവഗണനയും വംശീയാ‍ധിക്ഷേപവും നേരിടേണ്ടി വരുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതീകം ... എന്നെങ്കിലും നിന്നിലൂടെയെങ്കിലും ലോകം മനസ്സ് മാറുമെന്ന അവരുടെ പ്രത്യാശ ...