Tuesday, July 3, 2012

ആലായാല്‍ തറ വേണം

“എന്തേ കുഞ്ഞേ നീ
ഇങ്ങനെ ഇനിയും വളരാതെ”
ചോദ്യം ഒരാലിന്റെ ആത്മാവിന്റേതാണ്
ഒരു നൂറ്റാണ്ട് കൊണ്ട്
ആകാശം മുട്ടെ വളര്‍ന്ന്
ലോകത്തെ മുഴുവന്‍
ശ്വസിപ്പിച്ച് സ്വര്‍ഗ്ഗം പൂകിയൊരാ
ലിന്റെ ആത്മാവിന്റേത്

ഭൂമിയാകെ ആകാശമായതറിഞ്ഞില്ലേ
വെളുത്ത് കറുത്ത കാടിനെ കാണുന്നില്ലേ
ചോരകുടിച്ച് വീര്‍ത്ത് കാട്ടിലേക്കിറങ്ങിയ
അട്ടകണക്കൊരു നഗരം കാണുന്നില്ലേ
കാറ്റ് കരിന്തിരി കത്തിയതറിഞ്ഞില്ലേ

ഇന്നിവിടെ മഴയില്ല മഞ്ഞില്ല
കുളിരില്ല ആര്‍ക്കും മനസ്സുമില്ല
കിളിക്കൂട്ടമെല്ലാം പറന്ന് പോയി
കളിക്കൂട്ടമെല്ലാം തിരക്കിലായി

തണല്‍ കായാന്‍ വെയില്‍ മാത്രമെങ്കില്‍
കൂട് കെട്ടേണ്ടവര്‍ ഓര്‍മ്മ മാത്രമായെങ്കില്‍
തറകെട്ടി ആത്മീയമോതിയോര്‍
സപ്രമഞ്ച കട്ടിലില്‍ രതിസുഖം തേടിയെങ്കില്‍
ഒരു പടുമരമായി കൊടുങ്കാറ്റില്‍
പുഴകി വീഴാന്‍ വേണ്ടി വളരേണ്ടതെന്തിന്

ഇവിടെ ഈ ചുമരതിര്‍ത്തികള്‍ക്കുള്ളില്‍
പ്രതാപകാലത്തിന്റെ ഓര്‍മ്മക്കും
ഒരു തെളിവിനും വേണ്ടി മാത്രം
ബോണ്‍സായീ എന്ന വിളി കേട്ട്
നില നില്‍പ്പുണ്ടല്ലോ മുത്തച്ഛാ

ഉത്തരം ചട്ടിയിലേക്കൊഴിച്ച
ക്ലോറിന്‍ വാട്ടറില്‍ ദാഹം തീര്‍ത്ത്
ദഹിച്ച് നില്‍ക്കുന്ന ഒരു കുഞ്ഞാലിന്റേത്

No comments:

Post a Comment