Tuesday, July 3, 2012

ഇതാ ഒരു മറുപടി

ലോകത്തിലെ ഇന്നുള്ളതില്‍ ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും റൊണാള്‍ഡൊയെന്നോ മെസ്സിയെന്നോ മാത്രമേ പറയുവാനുണ്ടാകൂ ... രണ്ടു പേരും അസാമാന്യ പ്രതിഭകള്‍ ലോകം കണ്ട ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരായ പെലെയേയും മാറഡോണയേയും പോലും ഈ മഹാ പ്രതിഭകള്‍ പിന്നിലാക്കും എന്ന് കരുതുന്നവരേറെയാണ് ... പോര്‍ച്ചുഗലിനും അര്‍ജന്റീനയ്ക്കും കളീക്കുമ്പോള്‍ ഇവര്‍ തിളങ്ങുന്നില്ല എന്ന് വാദിക്കുന്ന വിമര്‍ശകര്‍ കുറവല്ല എങ്കിലും അര്‍ജന്റീനയ്ക്ക് കളിക്കുമ്പോളും ബാര്‍സലോണയ്ക്ക് കളിക്കുമ്പോളും മെസ്സി തട്ടുന്നത് വായു നിറച്ച ഒരു പന്തിനെ തന്നെയാണെന്നും ....... എതിരാളീകള്‍ പലപ്പോഴും വിശ്വത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ഏറ്റവും മികച്ച പ്രതിഭകളാണ് എന്നും വിമര്‍ശക കൂട്ടം മനസ്സിലാക്കേണ്ടതായിട്ടുണ്ട് ... പറഞ്ഞ് വരുന്നത് മെസ്സിയും റൊണോള്‍ഡോയും ഏറ്റവും മികച്ച പ്രതിഭകളാണ് എന്ന് തന്നെയാണ് ...

എന്നാല്‍ ഞാന്‍ പറയാന്‍ പോകുന്നത് മെസ്സിയേയും റൊണാള്‍ഡൊയെയും പറ്റിയല്ല മുകളില്‍ ഞാനെഴുതിയ ആദ്യത്തെ വരികളും എന്തിനെ ആണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും .. പറയാം അതിന് മുന്‍പ് നമുക്കല്‍പ്പം ചരിത്രം പറയാം കൃത്യമായി പറഞ്ഞാല്‍ 76 വര്‍ഷം മുന്‍പത്തെ ചരിത്രത്തിലേക്കൊന്ന് എത്തി നോക്കാം ... 1936 ആഗസ്റ്റ് നാലാം തിയതി ലോകത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമുണ്ടായി ... ലോകത്തെ അടിമുടി വിറപ്പിച്ച അഡൊള്‍ഫ് ഹിറ്റ്ലറിന്റെ സ്വന്തം നാട്ടില്‍ നടന്ന ഒളിമ്പിക്സ് തന്നെയാണ് പറഞ്ഞ് വരുന്നത് .... കറുത്ത നിറമുള്ള മനുഷ്യരെ വിഷപ്പാമ്പുകളെക്കാള്‍ വെറുപ്പോടെ കണ്ട അന്ധനായ ഒരു ഭരണാധികാരിക്ക് മുന്‍പില്‍ ലോകറെക്കോഡോടെ ചെന്ന് നിന്ന ജെസ്സി ഓവന്‍സ് എന്ന മഹാനായ മനുഷ്യന് അന്ന് നേടിയത് വെറുമൊരു ഒളിമ്പിക്സ് മെഡലല്ല ... തന്നെയും തന്നെ പോലെ തൊലി കറുത്തവരേയും അംഗീകരിക്കാന്‍ തക്ക വിശാല മനസ്സില്ലാത്ത ഒരു ലോകത്തെ ആകമാനമാണ് ... ഒരു ഒളിമ്പിക്സ് മെഡല്‍ കൊണ്ട് ആകാശത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലെത്തിച്ച മഹാനായ ജെസ്സി ഓവന്‍സും കാല്‍പ്പന്ത് കളിയും തമ്മിലെന്ത് ബന്ധമെന്നാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് ... ബന്ധമുണ്ട് എന്ന് മാത്രമല്ല വളരെ വലിയ ഒരു നേര്‍ രേഖയുടെ തുടക്കത്തിലെ ഒരു ബിന്ദുവാ‍ണ് ജെസ്സി ഓവന്‍സെങ്കില്‍ അതിന്റെ ഇന്ന് വരെ ഉള്ള നീളത്തിലെ അവസാന ബിന്ദു മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനും കാല്‍പ്പന്ത് കളിക്കാരനുമാണ് എന്നതാണ് ആ ബന്ധം ... ഓവന്‍സില്‍ നിന്നിന്നിലേക്കെത്തി നില്‍ക്കുന്നതിനിടെ മുഹമ്മദലിയെ പോലെ മഹാന്മാരും ഈ രേഖയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട് ....

ഇന്നലെ രാത്രി ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ വീണ്ടും ആര്യന്മാരുടെ നെഞ്ച് പിളര്‍ന്നിരിക്കുന്നു ഒന്നല്ല രണ്ട് വട്ടം ... മരിയോ ബലോട്ടെലി എന്ന ഇറ്റലിക്കാരന്‍ നേടിയ രണ്ട് ഗോളുകള്‍ .... വെളുത്ത തൊലിയും കറുത്ത മനസ്സുമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ മനസ്സിലേക്കുള്ള വെടിയുണ്ടകളായിരുന്നു എന്ന് പറയുമ്പോളാണ് മുകളില്‍ ഞാന്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നിങ്ങള്‍ക്ക് ബോധിക്കാന്‍ തുടങ്ങുക ... ഇതില്‍ റൊണാള്‍ഡോയും മെസ്സിയും എന്ത് പിഴച്ചു എന്ന് ചോദ്യമുയരുക സ്വാഭാവികം .... ഈ രണ്ട് പ്രതിഭകള്‍ക്ക് അത്ര ഉയരത്തില്‍ ഒരിക്കലും പറഞ്ഞ് കേട്ടിട്ടില്ലാത്ത പേരാണ് ബലോട്ടെല്ലിയുടെത് ... എന്നാല്‍ ഈ രണ്ട് പേരേക്കാളും ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ ബലോട്ടെല്ലി ആണ് എന്ന് ഞാന്‍ ഉറപ്പിച്ച് പറയും ... മുഖം ചുളിക്കാന്‍ വരട്ടെ ...

ഒരു കാല്‍പ്പന്ത് കളിക്കാരന്‍ ശക്തമായ ഒരു മനസ്സിനുടമയായിരിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ക്കാര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല ... ശക്തമായ ഒരു മനസ്സിന് അവന് സ്വസ്ഥത ആവശ്യമായും ഉണ്ട് ... ഒരുപാട് പിന്തുണയും പ്രോത്സാഹനങ്ങളുമൊക്കെ മാത്രമേ അവനെ ശരിയായ പാതയിലെത്തിക്കുകയുള്ളൂ ... മെസ്സിയെ നോക്കുക ... ഇരുപത് വയസ്സ് പ്രായമാകുന്നതിനും മുന്‍പേ പുത്തന്‍ മാറഡോണ എന്ന നാമമാണ് മെസ്സിക്ക് ലഭിച്ചത് .. നാമം മാത്രമല്ല അര്‍ജന്റീന എന്ന തെക്കേ അമേരിക്കന്‍ രാജ്യത്തിനപ്പുറത്ത് ലോകം മുഴുവന്‍ ഈ കുഞ്ഞ് പ്രതിഭയെ വാനോളം വാഴ്ത്തുകയാണുണ്ടായത് ... മെസ്സിയെ മെസ്സി ആക്കി വളര്‍ത്താന്‍ ഒരു ക്ലബ്ബും ഒരു ലോകവും എന്നും കൂടെ തന്നെയുണ്ടായിരുന്നു ... ഡെവിഡ് ബെക്കാം എന്ന ഇതിഹാസതാരം പോയ ഒഴിവിലേക്ക് കൃസ്റ്റ്യാനോ റൊണാള്‍ഡൊ വന്നപ്പോള്‍ ലോകത്തേറ്റവും അധികം ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ റൊണാള്‍ഡോയെ ഏറ്റെടുത്തത് അവരുടെ മനസ്സിലെ തൊട്ടിലിലേക്ക് തന്നെയാണ് ... ലാളിച്ചും പരിപാലിച്ചും റൊണാള്‍ഡോയെ വിശ്വത്തിന്റെ നെടുകയിലേക്ക് നടത്തിയത് അവര്‍ തന്നെയാണ് .. ഇനി ബലോട്ടെലിയിലേക്ക് വരാം .. ലോകമെമ്പാടുമുള്ള മനുഷ്യരുടെ സ്വന്തം ആട്ടിടയന്റെ ഏറ്റവും അടുത്ത ആളുകളുടെ ആസ്ഥാനം ... അവിടെ നിന്ന് കറുത്ത നിറമുള്ള ഒരാട്ടിങ്കുട്ടിക്ക് ലഭിച്ചതെന്താണ് അവഗണനയും എതിര്‍പ്പും അധിക്ഷേപങ്ങളും മാത്രം ... സ്റ്റോപ്പ് റേസിസമെന്ന ബാനറുകള്‍ അതിര്‍ത്തി തീര്‍ക്കുന്ന കളീമൈതാനത്ത് പോലും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന ബലോട്ടെല്ലി ... വംശീയ വെറിയന്മാരുടെ നിരന്തര അധിക്ഷേപങ്ങള്‍ക്ക് മുന്‍പില്‍ ഒരിക്കലെങ്കിലും പൊട്ടിത്തെറിക്കേണ്ടതല്ലേ ... “രാക്ഷസന്മാരോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഒരുവന്‍ പതുക്കെ പതുക്കെ എങ്കിലും രാക്ഷസ സ്വഭാവം കാണിച്ച് തുടങ്ങും” .... എന്നത് തന്നെയാണ് സത്യം ... മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്ന കാലത്ത് കുഞ്ഞ് മരിയോ എത്ര മാത്രം സമ്ഘര്‍ഷമനുഭവിച്ചിരുന്നു എന്ന് നമുക്കേവര്‍ക്കും അറിയാം .... ഒടുവില്‍ ഒരിക്കല്‍ പ്രതികരിച്ച് പോയതിന് വിലക്കും ....

നാസ്സിപട്ടാളജനറലിനെ മുട്ടുകുത്തിച്ച് തിരിച്ച് നാട്ടിലെത്തിയെ ജെസ്സി ഓവന്‍സിനെ സ്വീകരിക്കാന്‍ ഒരാളും അമേരിക്കയിലുണ്ടായിരുന്നില്ല... ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിനെതിരെ പോരാ‍ടാന്‍ ഇറങ്ങുന്നതിനും തൊട്ടു തലേ ദിവസം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ബലോട്ടെലിക്ക് നല്‍കിയ സമ്മാനം ... കിങ്ങ് കോങ്ങ് എന്ന രാക്ഷസക്കുരങ്ങുമായുള്ള ഉപമയാണ് ...

തന്നെ കിങ്ങ് കോങ്ങ് എന്ന് ഉപമിച്ചവര്‍ക്കുള്ള യഥാര്‍ത്ഥ സമ്മാനം തന്നെയാണ് ഇന്നലെ രണ്ടാം ഗോള്‍ നേടിയതിന് ശേഷം ബലോട്ടെല്ലി തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ച് കൊണ്ട് നല്‍കിയത് ...

മരിയോ ബലോട്ടെല്ലി വെറുമൊരു കാല്‍പ്പന്ത് കളിക്കാരന്‍ മാത്രമായൊതുങ്ങുന്നില്ല ... ശാത്ര പുരോഗതിയുടെ ആകാശത്തിലെത്തി നില്‍ക്കുന്നു എന്നവകാശപ്പെടുന്ന സായിപ്പിന്റെ ഒട്ടും വളര്‍ച്ചയെത്താത്ത മനസ്സുകള്‍ക്ക് ഒരു ഉണര്‍ത്ത് പാട്ടാണ് ... ബലോട്ടെല്ലി നീ ഒരു പ്രതീകവും പ്രത്യാശയുമാണ് ... അവഗണനയും വംശീയാ‍ധിക്ഷേപവും നേരിടേണ്ടി വരുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതീകം ... എന്നെങ്കിലും നിന്നിലൂടെയെങ്കിലും ലോകം മനസ്സ് മാറുമെന്ന അവരുടെ പ്രത്യാശ ...

No comments:

Post a Comment